Tuesday 23 April 2019

ഉറക്കമില്ലാത്തവൻ

ഉറക്കമില്ലാത്തവൻ.

നിദ്രയിൽ കണ്ട സ്വപ്നങ്ങൾ പിന്നെ, പകൽ കാണും കിനാവുകളായി
അഭിലാഷമായി, ലക്ഷ്യങ്ങളായി,
പരിശ്രമങ്ങളായി അശ്രാന്തം.

പാഴി പോയ മോഹങ്ങളായി,
പറഞ്ഞു ചിരിക്കാൻ കഥയായി,
വേദനിപ്പിക്കും ഓർമ്മകളായി.
ജീവിതത്തോടും മല്ലടിച്ചു
തളർന്നിരുന്നവനോ പിന്നെ
ഉറങ്ങാനെന്നും വിമുഖനായി.

പണ്ട് പ്രചോദനമേകിയ വാക്കുകൾ...
ശരശയ്യ ഒരുക്കി നാവുകൾ പലതും,
ഒരു റാന്തൽ വെളിച്ചത്തിൽ
ഉറങ്ങാതിരുന്നവൻ
പ്രതീക്ഷകൾ വറ്റിയ മനസ്സുമായി...
സ്വപ്നങ്ങളെ വീണ്ടും പഴിച്ചിരുന്നു,
വിധിയെ എന്നും ശപിച്ചിരുന്നു.

Friday 19 April 2019

കണിക്കൊന്ന ജന്മങ്ങൾ

കണിക്കൊന്ന ജന്മങ്ങൾ

കണി വയ്ക്കും കൊന്നക്കും
ചിലത് പറയുവാനുണ്ട്,
എന്നെങ്കിലും കണ്ട് മുട്ടുമ്പോൾ
മഴമേഘത്തിനോടായ്‌.
ആയുസ്സ് ആഴ്‍ച്ചകൾ മാത്രമെന്നറിഞ്ഞിട്ടും
അവളെന്നും അവനെ നോക്കി നിന്നു.
മഴമേഘം എത്തും മുൻപേ ആ
വേനലിൽ ഇഹ ലോകം തന്നെ വെടിഞ്ഞുപോയി...
വീണ്ടും പത്ത് മാസം കാത്തിരുന്നു
ഭൂമിയിൽ ഇനിയുമൊരു ജന്മത്തിനായ്‌,
മഴമേഘത്തെ ഒന്ന് കാണുവാനായ്.
ഇക്കാര്യം അറിയാത്തൊരാ മേഘമെന്നും ഭൂമിയിലാകെ അലഞ്ഞലഞ്ഞു...
എന്നെങ്കിലും അവളെ ഒരു നോക്കു കാണുവാൻ,
അവളുടെ ജന്മങ്ങൾക്ക് അർത്ഥമേകാൻ,
അവൾക്ക് പറയാനുള്ളത് കേൾക്കുവാൻ.