Monday 28 March 2022

പ്രോട്ടോകോൾ

വല്യ അല്ലലുള്ള കുടുംബം അല്ല റെൻജോയുടേത്, അതുകൊണ്ട് തന്നെ അവനെ അവൻ്റെ വഴിക്ക് വിട്ടു ആ വീട്ടുകാർ. കണക്കിലും സയൻസിലും ഒന്നും വല്യ താൽപര്യം ഇല്ലാതിരുന്ന അവൻ ഒരു സ്പോർട്സ് താരം ആകും എന്ന് അവൻ്റെ വീട്ടുകാർ പ്രതീക്ഷിച്ചു, കാരണം അവൻ ഒരു കായികപ്രേമി ആയിരുന്നു, നല്ല പോലെ ഫുട്ബാൾ കളിച്ചിരുന്നു. പക്ഷേ അവന് ബാർ ടെണ്ടിങ് പഠിക്കാൻ പോകണം എന്ന് പറഞ്ഞപ്പോ വീട്ടുകാർ ആദ്യം ഒന്ന് ഞെട്ടി എങ്കിലും അവനെ അവൻ്റെ വഴിക്ക് വിട്ടു.

അങ്ങനെ ഹോട്ടൽ മാനേജ്മെൻ്റ് എടുത്ത് പഠിച്ചു, കോഴ്സ് കഴിഞ്ഞു ബാർ ടെണ്ടിംഗ് കോഴ്സും ചെയ്തു. പക്ഷേ അവൻ മനസ്സിൽ ഉദ്ദേശിച്ച പോലെ ഒരു ജോലി മാത്രം കിട്ടിയില്ല. അവൻ തിരികെ നാട്ടിൽ വന്നു നിന്നു പല ഹോട്ടലുകളിലും ചെറിയ ചെറിയ പണികൾ ചെയ്തു എക്സ്പീരിയൻസ് ഉണ്ടാക്കിയിട്ട് ശ്രമിക്കാം എന്ന് കരുതി. അങ്ങനെ തന്നെ ഒരു നാലു കൊല്ലം കടന്നുപോയി. ഇനി ഇങ്ങനെ കളിച്ചു നിന്നാൽ ശരിയാവില്ല, അച്ഛൻ റിട്ടയർ ആയി അച്ഛൻറെ പെൻഷൻ മാത്രം വച്ച് കുടുംബം ഓടില്ല. അതുകൊണ്ട് അവൻ ദുബായിൽ ട്രൈ ചെയ്യാൻ തീരുമാനിച്ചു. 2020 എക്സ്പോ ഒക്കെ വരുന്നതുകൊണ്ട് എവിടെയെങ്കിലും ജോലി തരം ആകുമെന്ന് അവന് വിശ്വാസമുണ്ടായിരുന്നു, പോരെങ്കിൽ എക്സ്പീരിയൻസും ഉണ്ടല്ലോ. പ്രതീക്ഷിച്ചത് പോലെ തന്നെ ലോകമെമ്പാടും ബ്രാഞ്ചുകൾ ഉള്ള നല്ല ഒരു ഹോട്ടലിൽ അവന് ജോലി കിട്ടി - ഹോട്ടൽ വൈസ്രോയിൽ. വീട്ടുകാർക്ക് ചെറിയ വിഷമം ഉണ്ടായിരുന്നെങ്കിലും എവിടെയെങ്കിലും പോയാൽ മാത്രമേ അവൻറെ ഫീൽഡിൽ സ്കോപ്പ് ഒള്ളു എന്ന് മനസ്സിലാക്കി അവനെ യാത്രയാക്കി. 

ദുബായിലെത്തിയ അവൻറെ ജീവിതം ശരിക്കും കുശാൽ ആയിരുന്നു, അവന് ഇഷ്ടപ്പെട്ട ജോലി, അത്യാവശ്യം നല്ല ശമ്പളം, പോരെങ്കിൽ വർക്ക് പ്രഷർ എന്നൊരു സാധനം ഇല്ല. പിന്നെ അക്കോമഡേഷൻ, ഫുഡ്, ജിം, തുടങ്ങി എല്ലാ സൗകര്യങ്ങളും കമ്പനി വക, അതുകൊണ്ട് പുറമേ ചിലവും ഇല്ല. അവൻറെ ശമ്പളത്തിൻ്റെ നല്ലൊരു പങ്ക് വീട്ടുകാർക്ക് അയച്ചു കൊടുക്കാനും സാധിക്കുമായിരുന്നു. അത് വഴി അനിയത്തിയുടെ പഠിത്തവും, വീട് വയ്ക്കാൻ എടുത്ത ലോൺ അടവും എല്ലാം നടന്നു പോന്നു, വീട്ടുകാർക്ക് ബുദ്ധിമുട്ടില്ലാതെ ജീവിക്കാനും കഴിയുമായിരുന്നു.

അങ്ങനെ ഇതാ ദുബായ് 2020 എക്സ്പോ വന്നെത്തി. പത്താം ക്ലാസിലും, പിന്നീട് പന്ത്രണ്ടിലും, പിന്നീട് കോളേജിലും വച്ച് പലതവണ കേട്ട "ലൈഫിൻ്റെ ആ ടേണിങ് പോയിൻറ്” അതായിരുന്നു. ബാറിൽ ജോലി ആയത് കാരണം നല്ല ടിപ്സ് കിട്ടുമായിരുന്നു, നല്ല ചില കസ്റ്റമേഴസിനെ പരിചയപ്പെടാനും സാധിച്ചു. അക്കൂട്ടത്തിൽ യു.കെ.യിൽ നിന്ന് വന്ന ഒരു ടീച്ചറെയും പരിചയപ്പെട്ടു. 10 ദിവസം ഉണ്ടാകും എന്ന് പറഞ്ഞു. കാലത്ത് തന്നെ അടി തുടങ്ങുന്ന കൂട്ടത്തിൽ ആയിരുന്നു അവർ, അതുകൊണ്ട് തന്നെ 4-5 ദിവസം ആയപ്പോൾ അത്യാവശ്യം പരിചയം ആയി. അവർ ഒരു ബ്രേക്ക് അപ്പ് എന്തോ കഴിഞ്ഞ് ഒരു "ചെയിഞ്ച് ഓഫ് സീനെറി"ക്ക് വേണ്ടി ദുബായ് കാണാൻ എത്തിയത് ആണ്. 

ഒരു ദിവസം പതിവുപോലെ അവരെ പക്ഷേ കണ്ടില്ല. എക്സ്പോ കാണാൻ എങ്ങാനും പോയതായിരിക്കും എന്ന് കരുതി പിന്നെ കൂടുതൽ ആലോചിക്കാനും നിന്നില്ല. തനിക്കും ഇന്ന് ഉച്ചമുതൽ ഓഫ് ആണ്. ഒരുപാട് വർഷങ്ങൾ കൂടി ഒരു സ്കൂൾ കാല കൂട്ടുകാരനെ വീണ്ടും കാണാൻ പോകാൻ പ്ലാൻ ഒക്കെ ഇട്ട് അവൻ വേഗം റൂമിൽ പോയി ഫ്രഷ് ആയി. രണ്ടാഴ്ച മുമ്പാണ് അവനും ഫേസ്ബുക്ക് വഴി കണക്ട് ചെയ്തു, ദുബായിൽ തന്നെ ഉള്ള കാര്യം അറിഞ്ഞത്. അങ്ങനെ റെൻജോയും കൂട്ടുകാരനും കൂടി മറ്റൊരു ബാറിൽ കണ്ടുമുട്ടി. റെൻജോ ജോലി ചെയ്തിരുന്ന ഹോട്ടലിൽ വൻ കത്തി ആയതുകൊണ്ട് ചെറിയ സെറ്റപ്പ് മതി എന്ന കൂട്ടുകാരൻ പറയുകയായിരുന്നു, പോക്കറ്റിനും അതാണല്ലോ നല്ലത്. അവർ രണ്ടാളും പഴയ ഓർമ്മകൾ ഒക്കെ പങ്കിട്ട് കുറച്ച് വെള്ളം അടിച്ചു അത്യാവശ്യം നല്ല സെറ്റ് ആയ ശേഷം കൂട്ടുകാരൻറെ ഫ്ലാറ്റിലേക്ക് പോയി. അവിടെ കപ്പയും മത്തി കറിയും ആയിരുന്നു, മാസങ്ങളായി നാട്ടിലെ രുചികൾ അവൻറെ നാവിൽ തട്ടിയിട്ട്. ജോലി ചെയ്യുന്ന ഹോട്ടലിലെ ഭക്ഷണം എത്ര നല്ലതാണെന്ന് പറഞ്ഞാലും നാട്ടിലെ കപ്പയും മീൻ കറിയും പോലെ വരില്ലല്ലോ. അവൻ നല്ല സന്തോഷത്തിലായി... ഇനി കുറച്ചു ദൂരം ഒന്നു നടന്നിട്ട് മെട്രോ കേറി ഹോട്ടലിലേക്ക് പോകാമെന്ന് കരുതി. മെട്രോ വരെ കൂടെ വരാമെന്ന് കൂട്ടുകാരനും പറഞ്ഞു... കുറച്ചുകൂടി ഓർമ്മകൾ അയവിറക്കാമല്ലോ. അവിടുത്തെ വളരെ കുപ്രസിദ്ധമായ ഒരു ക്ലബ്ബിൻറെ പിന്നിലുള്ള റോഡിൽ കൂടിയാണ് അവർ നടക്കുന്നത്, ക്ലബ്ബിനു പുറത്ത് ചെറിയ ഒരു കൂട്ടം കാണാം,  അതിൽ പലരും ദിക്ക് ഏതാണെന്ന് അറിയാതെ നിൽക്കുന്ന അവസ്ഥയിലും. സ്ഥലം സമയവും അത്ര പന്തിയല്ല എന്നതുകൊണ്ട് അവർ നടത്തത്തിന് വേഗം കൂട്ടി.

ക്ലബ്ബ് കഴിഞ്ഞുള്ള ഒരു ഇടവഴിയിലേക്ക് വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ റെൻജോ കണ്ടു തൻറെ ഹോട്ടലിൽ താമസിക്കുന്ന ടീച്ചർ ആകെ ആടിയുലഞ്ഞു നിൽക്കുന്നു. അവൻ വേഗം അവരുടെ അടുത്തേക്ക് ഓടിച്ചെന്നു കാര്യം തിരക്കി. അപ്പോൾ അവനു മനസ്സിലായി ആ ടീച്ചർ എന്തോ വീര്യംകൂടിയ സാധനം ഒക്കെ അടിച്ചു കയറ്റിയിട്ടോ മറ്റോ ഒട്ടുംതന്നെ ബോധമില്ലാത്ത അവസ്ഥയിൽ നിൽക്കുകയാണ്... അവർ തന്നെ വാങ്ങി കഴിച്ചതാണോ ആരെങ്കിലും കൊടുത്തതാണോ എന്നൊന്നും അറിയില്ല. ഇതൊരു മോശം ഏരിയ ആണെന്ന് കൂട്ടുകാരൻ പറയുക കൂടി ചെയ്തതോടെ റെൻജോക്ക് ടെൻഷനായി. എത്രയും വേഗം ഇവരെയും കൊണ്ട് തിരിച്ചു ഹോട്ടലിൽ ആക്കാമെന്ന് കൂട്ടുകാരനോട് പറഞ്ഞു, കൂട്ടുകാരൻ്റെ സഹായത്തോടെ അവരെ നടത്തിച്ചു കൊണ്ട് മെട്രോയിൽ കയറി. 
ഫ്രണ്ട് ലിഫ്റ്റ് വഴി ഹോട്ടൽ ജീവനക്കാർ പ്രവേശിക്കാൻ പാടില്ലാത്തതിനാൽ, പുറകിലുള്ള സർവീസ് ലിഫ്റ്റ് ഉപയോഗിച്ച് മുകളിലെത്തി ടീച്ചറെ റൂമിൽ കൊണ്ടാക്കി, തൻറെ പേര് വച്ച് ഒരു കുറിപ്പും എഴുതി വച്ചു. 

അടുത്ത ദിവസവും പതിവുപോലെ ടീച്ചർ ബാറിൽ വന്നു പക്ഷേ അന്ന് അവർ മദ്യപിച്ചില്ല, പകരം അവനെ അന്വേഷിച്ചു. അവനെ കണ്ടു ഇന്നലെ നടന്ന സംഭവങ്ങൾ എല്ലാം തിരക്കി. അവൻ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു. ടീച്ചർ അവനോട് നന്ദി പറഞ്ഞു, അവൻ വന്നില്ലായിരുന്നെങ്കിൽ എന്ത് അവസ്ഥ ആകുമായിരുന്നു ഒന്നും അറിയില്ല... അന്നുച്ചയ്ക്ക് ആണ് അവർക്ക് തിരിച്ചുപോകാനുള്ള ഉള്ള ഫ്ലൈറ്റ്. ചിലപ്പോൾ അത് കിട്ടാതെ മിസ്സ് ചെയ്തേനെ, അല്ലെങ്കിൽ തൻ്റെ അവസ്ഥ എന്താകുമായിരിക്കുമെന്ന് ഒന്നും പറയാൻ കഴിയില്ല. നല്ലൊരു ടിപ്പ് തന്നു അവർ അടുത്ത വരവിൽ വിശദമായി കാണാം എന്നും യാത്ര പറഞ്ഞു പോയി. ഒരു നല്ല കാര്യം ചെയ്ത സന്തോഷത്തിൽ റെൻജോ കൂട്ടുകാരനുമായി എക്സ്പോ കാണാൻ പോയി.

രണ്ടുദിവസം കഴിഞ്ഞ് തിരികെ ജോലിക്ക് കയറിയ അവനോട് ബാർ മാനേജർ എച്ച്ആർ വിളിക്കുന്നു എന്ന് പറഞ്ഞു. എച്ച്.ആറിനെ കണ്ടപ്പോൾ അയാൾ ഒന്നും പറയാതെ ഒരു മെമ്മോ എടുത്ത് അവന് കൊടുത്തു. അതിൻറെ ഉള്ളടക്കം ഇതായിരുന്നു -
1) ഡ്യൂട്ടിയിൽ ഇല്ലാത്ത സമയത്ത് ഹോട്ടലിലെ അതിഥിയും ആയി ചുറ്റിനടന്നു. ഒരു അതിഥിയെ സർവീസ് ലിഫ്റ്റിൽ കയറ്റി. അതെല്ലാം കമ്പനി പോളിസിക്ക് എതിരാണ്.
2) ഒരു അതിഥിയുടെ മുറിയിൽ അവരുടെ അനുവാദമില്ലാതെ കടന്നു കയറി. അത് കമ്പനി പോളിസിക്ക് എതിരാണ്.
മേൽ പറഞ്ഞിരിക്കുന്നതിനൊക്കെ സിസിടിവിയിൽ തെളിവുണ്ട്. ഗൗരവകരമായ രണ്ട് വിഷയത്തിൽ ഹോട്ടൽ പ്രോട്ടോകോൾ ലംഘിച്ചതിന് താങ്കളെ ജോലിയിൽ നിന്നും പിരിച്ചു വിടുകയാണ്.

അവന് കുറച്ചുനേരത്തേക്ക് ആ ഷോക്കിൽ മറുത്ത് ഒന്നും പറയാൻ സാധിച്ചില്ല. എങ്കിലും തൻറെ ഭാഗം വ്യക്തമാക്കാൻ അവൻ ശ്രമിച്ചു, സംശയമുണ്ടെങ്കിൽ ആ ടീച്ചറെ കോൺടാക്ട് ചെയ്തു ചോദിക്കാനും പറഞ്ഞു നോക്കി. പക്ഷേ എച്ച്.ആറും മാനേജറും അതൊന്നും കേൾക്കാനോ മനസ്സിലാക്കാനോ കൂട്ടാക്കിയില്ല. എന്നുമാത്രമല്ല ഒരാഴ്ചക്കുള്ളിൽ വേറെ ജോലി നോക്കുകയോ തിരിച്ച് നാട്ടിലേക്ക് പോവുകയോ വേണമെന്ന് താക്കീതും കൊടുത്തു. അവനു പിന്നെ വാക്കുകൾ ഉണ്ടായില്ല... കണ്ണുകൾ നിറഞ്ഞ് അവൻറെ മനസ്സിൽ ഒരു പാട്ട് ഓടിക്കൊണ്ടിരുന്നു... നന്മയുള്ള ലോകമേ കാത്തിരുന്നു കാണുക...

Wednesday 2 March 2022

റെഡ് ഫ്ലാഗ്

ബാംഗ്ലൂർ... വാട്ട് എ റോക്കിങ് സിറ്റി യാർ... 
ബാംഗ്ലൂരിൽ ചെന്ന് ബസ്സ് ഇറങ്ങിയ ദിവസം നിവിൻ പോളി പറഞ്ഞ ആ ഡയലോഗ് മാത്രമായിരുന്നു മനസ്സിൽ. ജോലി കിട്ടി വന്നതല്ല, ജോലി ഉപേക്ഷിച്ച് വന്നതാണ്, വീണ്ടും പഠിക്കാൻ വേണ്ടി വന്നതാണ്. എന്നിരുന്നാലും ബാംഗ്ലൂർ ബാംഗ്ലൂർ തന്നെ ആണല്ലോ... 

രണ്ട് കൊല്ലം കൊച്ചിയിലെ ഒരു പ്രമുഖ ഐടി കമ്പനിയിൽ അടിമ പണി ചെയ്തപ്പോൾ തന്നെ ജീവിതം മടുത്ത് തുടങ്ങി. അങ്ങനെ ഇരുന്നപ്പോൾ ആണ് അടുത്ത വീട്ടിലെ ചെക്കൻ എംബിഎ ചെയ്യാനായിട്ട് യൂറോപ്പിലേക്ക് പറക്കുന്നത്, ഓപ്പസിറ്റ് വീട്ടിലെ ചേട്ടായിയും വൈഫും അതേപോലെതന്നെ എംബിയെ ചെയ്യാൻ ഇംഗ്ലണ്ടിലേക്ക് പോയി. എന്നാപ്പിന്നെ നമുക്കും എന്തുകൊണ്ട് ഒരു എംബിയെ ആയിക്കൂടാ എന്ന തോന്നൽ ആയി പിന്നീടങ്ങോട്ട്. വിദേശത്തു ഒന്നും പോക്ക് നടക്കില്ല, അതിനുള്ള സാമ്പത്തികം ഇല്ല, നാട്ടിൽ എവിടെയെങ്കിലും തന്നെ ഒരു അഡ്മിഷൻ ഒപ്പിക്കണം. അങ്ങനെ വീട്ടിലിരുന്നു തന്നെ ബൈജു ചേട്ടൻ്റേ ക്ലാസ് ഒക്കെ അറ്റൻഡ് ചെയ്തു വലിയ മുതൽമുടക്ക് ഒന്നും ഇല്ലാതെ എക്സാം എഴുതാൻ തീരുമാനിച്ചു. കോച്ചിങിന് ഒക്കെ പോകാൻ പിന്നെയും തുക മാറ്റി വയ്ക്കണം. ജോലി കഴിഞ്ഞു സമയം കണ്ടെത്തി പഠിച്ച് എങ്ങനെയൊക്കെയോ എക്സാം എഴുതി ബാംഗ്ലൂരിൽ തരക്കേടില്ലാത്ത ഒരു യൂണിവേഴ്സിറ്റിയിൽ സീറ്റും കിട്ടി. 
ഒടുവിലിതാ മലയാളികളുടെ പറുദീസയായ ബാംഗ്ലൂരിൽ എത്തിയിരിക്കുന്നു. ഇനി ഇവിടുന്നങ്ങോട്ട് വച്ചടി വച്ചടി കയറ്റം ആണ്... മനസ്സിലുറപ്പിച്ചു.

ബാംഗ്ലൂർ വന്ന മലയാളി ബാംഗ്ലൂർ കാണാമല്ലോ, അങ്ങനെ ഒരു ശനിയാഴ്ച ദിവസം കൊച്ചു വെളുപ്പിന് കൂട്ടുകാരുടെ കൂടെ ബൈക്കുമെടുത്ത് ഇറങ്ങി നന്ദിഹിൽസ് കാണാൻ. മീശപ്പുലിമലയിൽ മഞ്ഞ് ഇറങ്ങുന്നത് കാണാൻ സാധിച്ചിട്ടില്ലെങ്കിലും നന്ദിഹിൽസിൽ മഞ്ഞ് ഇറങ്ങുന്നത് എങ്കിലും കാണാം. അവിടെ അങ്ങനെ കാഴ്ചകളൊക്കെ കണ്ട്, സെൽഫി ഒക്കെ എടുത്തു നിൽക്കുമ്പോളാണ് ആണ് അവളെ അവൻറെ കണ്ണിൽപ്പെട്ടത്... അതേ അവൾ തന്നെ, ആള് മാറിയിട്ടില്ല എട്ടാം ക്ലാസ് വരെ തൻ്റെ അതേ ക്ലാസിൽ പഠിച്ച തൻറെ പഴയ കൂട്ടുകാരി. പണ്ടത്തെ തൻറെ ബെസ്റ്റ് ഫ്രണ്ട്. എട്ട് കഴിഞ്ഞപ്പോൾ നാട്ടിൽനിന്ന് ട്രാൻസ്ഫർ ആയി പോവുകയായിരുന്നു അവളുടെ അച്ഛൻ, കൂടെ അവളും പോയി. അന്ന് മൊബൈലും വാട്സ്ആപ്പും ഒന്നും ഇല്ലാത്തത് കാരണം അവളും ആയിട്ടുള്ള കോൺടാക്ട് തന്നെ നഷ്ടപ്പെട്ടുപോയി. പിന്നീട് ഫെയ്സ്ബുക്കിൽ തപ്പിയിട്ട് ഒന്നും കിട്ടിയതുമില്ല. എങ്ങനെ കിട്ടും, ഐശ്വര്യ എന്ന പേരിൽ തന്നെ പതിനായിരത്തിൽ പരം ഫേക്കുകളുണ്ട്.! 10 കൊല്ലത്തിനു മേൽ ആയിരിക്കുന്നു അവളെ ഒന്ന് കണ്ടിട്ട്... പഴയ സൗഹൃദം പുതുക്കാൻ വേണ്ടി ഒരു ഹായ് പറഞ്ഞേക്കാം. പക്ഷേ ഹായ് പറയും മുമ്പ് തന്നെ അവൾ തിരിച്ചറിഞ്ഞു, വർഷങ്ങൾക്കു മുമ്പ് കൂടെ പഠിച്ച പ്രിയ സുഹൃത്ത്. തന്നെ തിരിച്ചറിഞ്ഞതിൽ സന്തോഷം തോന്നി, ഇത്രയും കാലമായിട്ടും മറന്നില്ലല്ലോ.

പിന്നെ കുറെ നേരം വിശേഷങ്ങൾ പറയലായിരുന്നു, പത്തു കൊല്ലത്തെ വിശേഷം ഉണ്ടല്ലോ പറയാൻ... എന്നിട്ടും വിശേഷങ്ങൾ പറഞ്ഞു എങ്ങുമെത്താത്തതിനാൽ മൊബൈൽ നമ്പറും വാങ്ങി തിരിച്ചുവന്നു. അവൾ കഴിഞ്ഞ 10 കൊല്ലമായിട്ട് ബോംബെയിലാണ്, അവിടെ തന്നെയാണ് പിന്നീട് പഠിച്ചത്, ഇപ്പോൾ ജോലി ചെയ്യുന്നതും അവിടെ തന്നെ. തൻറെ കാര്യങ്ങളും അതുവരെയുള്ള കഥയും എല്ലാം അവളോട് പറഞ്ഞു. പഴയ കമ്പനിയിൽ ആട്ടും തുപ്പും കേട്ട് ജീവിതം മടുത്തതും, മാനേജരുമായി ഉള്ള പൊരുത്തക്കേടുകൾ കാരണം ജോലി രാജിവെച്ചതും എല്ലാം. അവൾ ഒരാഴ്ചത്തേക്ക് വന്നതാണ് ബാംഗ്ലൂർക്ക്, ചില സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കാൻ... അവൾ വന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു, നാലാം നാൾ അവൾ തിരികെ പോകും അതുകൊണ്ട് പോകുന്നതിനുമുമ്പ് ഒന്നു കൂടി കൂടണം, അടിച്ചുപൊളിക്കണം, എന്നൊക്കെ പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായില്ല.

തീയതിയും സമയവും ഫിക്സ് ചെയ്തു, സ്ഥലം ബാംഗ്ലൂരിലെ ഏറ്റവും മുന്തിയ ഒരു പബ്ബിൽ തന്നെ. ബാംഗ്ലൂർ വന്നിട്ട് നാൾ ഇതുവരെ ആയിട്ടും ഒരു പബ്ബിൽ പോലും പോയിട്ടില്ല. എന്നാൽ പിന്നെ ഐശ്വര്യപൂർണ്ണമായി അവിടെന്നു തന്നെ തുടങ്ങിയേക്കാം എന്ന് കരുതി. നന്ദി ഹിൽസിൽ അവളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് ഫ്രണ്ട്സിനെ കൂടെ കൂട്ടട്ടേ എന്ന് ചോദിച്ചപ്പോൾ എതിർത്തൊന്നും പറഞ്ഞില്ല, അല്ലെങ്കിലും ഇങ്ങനത്തെ കാര്യങ്ങൾക്ക് മോർ ദി മെറിയർ എന്നാണല്ലോ. അന്ന് രാത്രി നെറ്റിൽ കയറി സ്ഥലത്തിൻറെ ഫോട്ടോസ്, റിവ്യൂസ്, ഒക്കെ നോക്കിയപ്പോഴാണ് ഇത് ഷഡ്ഡി കീറുന്ന ഏർപ്പാട് ആണല്ലോ എന്ന് മനസ്സിലായത്. അപ്പോൾ തന്നെ വാട്സാപ്പിൽ അവളെ വിളിച്ചു കാര്യം പറഞ്ഞു, "ഞാൻ ട്രീറ്റ് ചെയ്യാം എന്നാണ് കരുതിയത്, പക്ഷേ എന്നെക്കൊണ്ട് കൂട്ടിയാൽ കൂടുന്ന പരിപാടിയല്ല, ഒന്നാമത് എനിക്ക് ഇപ്പോൾ ജോലി ഇല്ലന്ന് അറിയാല്ലോ, പോരാത്തതിന് എജുക്കേഷൻ ലോൺ ഒക്കെ എടുത്ത് ആണ് വന്നിരിക്കുന്നത്. അതല്ലാതെ മാസാമാസം വീട്ടിൽനിന്ന് അയച്ചു തരുന്നു കുറച്ചു കാശ് ആണ് മിച്ചം ഉള്ളത്. എല്ലാരും അപ്നാ അപ്‌നാ പോരേ? അല്ലെങ്കിൽ നമുക്ക് കുറച്ചുകൂടി ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു സ്ഥലം നോക്കാം വേറെ."

"അതൊന്നും ഓർത്തു നീ ടെൻഷൻ ആകണ്ട, നമുക്ക് വേണ്ടത് പോലെ ചെയ്യാം, നീ അങ്ങ് വന്നാൽ മതി. കുറച്ച് ലേറ്റ് ആയാലും കുഴപ്പമില്ല, കാരണം നമുക്ക് വേറെ ഒരു മീറ്റപ്പ് കൂടി ഉണ്ട്, അത് കഴിഞ്ഞിട്ട് ആയിരിക്കും നമ്മൾ മൂന്നുപേരും അങ്ങോട്ട് വരുന്നത്." അവൾ ആശ്വസിപ്പിച്ചു. ഹാവൂ സമാധാനമായി.. നാളെ ഇനി അടിച്ചുപൊളി ആണ് ഇതേ സമയം. ബാംഗ്ലൂർ വന്നതിന്റെ ഐശ്വര്യം ഒക്കെ കണ്ടു തുടങ്ങിയിരിക്കുന്നു. വാട്ട് എ റോക്കിംങ് സിറ്റി യാർ.!

അടുത്ത ദിവസം കൃത്യസമയത്ത് തന്നെ അങ്ങ് ചെന്നു... അവരെ എങ്ങും അവിടെ കാണാനില്ല. ഒരു തവണ വിളിച്ചു റിങ് അടിക്കുന്നുണ്ട്, എടുക്കുന്നില്ല, ഒരു മൂന്നു മിനിറ്റ് കഴിഞ്ഞ് വീണ്ടും വിളിച്ചു. മുഴുവൻ റിങ് അടിച്ചു നിന്നതല്ലാതെ ഫോൺ എടുത്തില്ല. ഇനി വരാൻ പറ്റില്ലേ, വേറെ എന്തെങ്കിലും വള്ളിക്കെട്ട് വന്നു ചാടിയിട്ട് ഉണ്ടാകുമോ... എന്തായാലും ഒരു പത്ത് പതിനഞ്ച് മിനിറ്റ് നോക്കിയിട്ട് പോകാം. 15 മിനിറ്റ് കഴിഞ്ഞു... പോകാൻ തോന്നിയില്ല. അവൾ വരും, വരാതിരിക്കില്ല. വീണ്ടും വിളിച്ചു അപ്പോഴും റിങ്ങ് അടിച്ചു നിൽക്കുന്നത് അല്ലാതെ ഫോണെടുക്കുന്നില്ല. എന്തായാലും ഇവിടെ വരെ വന്നതല്ലേ എന്നു കരുതി ഒരു കൊറോണയും വാങ്ങി ഒരു ടേബിളിൽ ചെന്ന് ഇരുന്നു.

പറഞ്ഞ സമയവും കഴിഞ്ഞു ഒരു 45 മിനിറ്റ് കഴിഞ്ഞപ്പോളേക്കും അവർ എത്തി. വന്നപ്പോഴേ മനസ്സിലായി അവർ കുറച്ച് ഹൈ ആണ്, അവർ കലാപരിപാടികൾ നേരത്തെ തുടങ്ങി എന്നു തോന്നുന്നു. ലേറ്റ് ആയതിന്, പോസ്റ്റ് ആക്കിയതിന് ഒരു സോറി പോലും ഇല്ലാതെ വാ നമുക്ക് തുടങ്ങാം എന്ന് പറഞ്ഞു മെനു എടുത്തു. എനിക്ക് എന്ത് വേണം എന്ന ചോദ്യത്തിന് ബിയർ മതി എന്നു പറഞ്ഞു, അവളുടെ കൂടെ വന്ന രണ്ടു പേർ വൈൻ ഓർഡർ ചെയ്തു, കഴിക്കാൻ പേര് മനസ്സിലാവാത്ത എന്തോ ഒന്നു രണ്ട് ഡിഷും കൂടെ ഓർഡർ ചെയ്തു. അതു കേട്ടിട്ട് തന്നെ കത്തി ആണെന്ന് തോന്നി. അവർ ഇഷ്ടമുള്ളത് വാങ്ങി കഴിക്കട്ടെ, എന്തായാലും നാലിലൊന്ന് കാശ് മാത്രം കൊടുത്താൽ മതിയല്ലോ എന്ന് ഓർത്ത് സമാധാനപ്പെട്ടു. ഒന്നു രണ്ടു ബിയർ ഒക്കെ കഴിഞ്ഞു അവരും നല്ല ഫോമിൽ ആയി, അവരിലൊരാൾ കുറച്ചധികം നല്ല ഫോം ആയിരുന്നു. അപ്പോ തൻറെ കൂട്ടുകാരിയും മറ്റെയാളും കൂടി പറഞ്ഞു ഇവൾ ഇനിയും ഇരുന്നാൽ സീൻ കോണ്ട്ര ആകും. അതുകൊണ്ട് ഇവളെ എത്രയുംവേഗം ഇവളുടെ ഫ്ലാറ്റിൽ എത്തിക്കണം. ബാക്കി ബിയർ അടി നമ്മുടെ ഹോട്ടൽ റൂമിലിരുന്ന് ആകാം, സാധനം എടുത്തോണ്ട് പോകാം, അവൾ പ്ലാൻ ഇടാൻ തുടങ്ങി... അത് നിരസിച്ചാൽ റൂഡ് ആയി പോകുമോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും കൂട്ടുകാരിയോട് പറയാൻ മടിക്കേണ്ടതില്ലല്ലോ എന്ന് കരുതി പറഞ്ഞു, "അത് ശരിയാവില്ല, നിങ്ങൾ രണ്ട് പേരു മാത്രമുള്ള ഉള്ള റൂം അല്ലേ.. അതിനിടയിൽ ഞാൻ അവിടെ വന്ന് വീണ്ടും അടിച്ചു പൂസ്സായാൽ പിന്നെ ചിലപ്പോൾ എനിക്ക് തിരിച്ചു ഹോസ്റ്റലിൽ കയറാൻ പറ്റില്ല. ഈ കണ്ടീഷനിൽ ആകുമ്പോൾ വലിയ കുഴപ്പമില്ല.”

എങ്കിൽ ഒരു ഊബർ എടുത്ത് ഇവളെ കയറ്റിവിട്ടു വരാം, എന്നിട്ട് നമുക്ക് ഒരു രണ്ടു ബിയർ കൂടി അടിച്ചിട്ട് പിരിയാമെന്ന് അവൾ പറഞ്ഞു. വീണ്ടും നിരസിക്കണ്ടല്ലോ എന്ന് കരുതി അത് ഞാനും സമ്മതിച്ചു. അല്ലെങ്കിലും ഈ പബ്ബിലെ ബിയറിന് ഒന്നും നാട്ടിലെ കിങ്ഫിഷർ പോലെ ഒരു ഗ്ഗുമ്മില്ല. രണ്ടെണ്ണം കൂടി അടിച്ചാലും കുഴപ്പമില്ല. 
നീ ഓർഡർ ചെയ്തിട്ട് ഇരിക്ക്, ഇവളെ കയറ്റിവിട്ടു വരാമെന്ന് പറഞ്ഞു മൂന്നുപേരും ഇറങ്ങി. വീണ്ടും രണ്ടുമൂന്നു ബിയറിനു കൂടി ഓർഡർ കൊടുത്തു മൊബൈലിൽ കുത്തി കളിച്ചു കൊണ്ടിരിപ്പായി. സമയം പോയതറിഞ്ഞില്ല, പത്ത് പതിനഞ്ച് മിനിട്ട് കഴിഞ്ഞിട്ടും അവരുടെ പൊടിപോലും കാണാനില്ല. പുറത്ത് ചെന്ന് ഒരു തടിയൻ സെക്യൂരിറ്റി ചേട്ടനോട് ചോദിച്ചപ്പോൾ അവർ മൂന്നുപേരും ഒരു കാറിൽ കയറി പോയി എന്നു പറഞ്ഞു. പെട്ടു.!

ഇറങ്ങിയോ ഓടിയാലോ.. വേണ്ട.. കന്നട പോലും ശരിക്ക് അറിയത്തില്ല. കന്നട പോലീസിൻറെ ഇടികൊണ്ട് ചളുങ്ങും. അകത്തുചെന്ന് വെയിറ്ററോട് ബില്ല് കൊണ്ടുവരാൻ പറഞ്ഞു. ബില്ല് കണ്ട് ബോധം പോയില്ല എന്നേയുള്ളൂ.. ₹18,704/-.! തൻറെ ഒരു മാസത്തെ ബഡ്ജറ്റ്നും മേലെ.! അവളെ വിളിച്ചിട്ട് കിട്ടുന്നില്ല, ഫോൺ സ്വിച്ച് ഓഫ് ആണ്. പണ്ട് ഒരു സിനിമയിൽ ജഗദീഷ് പറഞ്ഞത് ഓർമ്മ വന്നു, ആനപ്പുറത്ത് കയറാൻ കൊതിച്ചവൻ ശൂലത്തിൽ കയറിയ അവസ്ഥ. 

തൻറെ പരവേശം കണ്ടിട്ടാണെന്ന് തോന്നുന്നു അവിടുത്തെ ബാൻഡില് ഗിറ്റാർ വായിച്ചിരുന്ന ചേട്ടൻ തോളിൽ കയ്യിട്ടു വിഷമിക്കാതെ ബ്രോ, ഞാൻ ഹെല്പ് ചെയ്യാം എന്നു പറഞ്ഞു. ചേട്ടൻറെ നേരെ ബില്ല് നീട്ടി, ചേട്ടൻറെ ബോധം പോയില്ല എന്നേയുള്ളൂ. ബാംഗ്ലൂരും പാത്രം കഴുകൽ തന്നെയായിരിക്കുമോ... എന്ത് ചെയ്യണം എന്ന് അറിഞ്ഞൂടാതെ തൻറെ ഗേൾഫ്രണ്ടിനെ വിളിച്ചു, അവൾ ഒരു 5000 മറിച്ച് തന്നു. എന്നാലും ഒന്നും ആവില്ലല്ലോ ഇനിയും മിനിമം ഒരു പതിനായിരം കൂടി വേണം. പിന്നെ ബാക്കിയിരുന്ന ബിയർ കൂടി എടുത്ത് അടിച്ചിട്ട് ധൈര്യം സംഭരിച്ച് അച്ഛനെ വിളിച്ചു, വളരെ അത്യാവശ്യമാണ് ഒരു ഒരു പതിനായിരം രൂപ ഉടനെ അയയ്ക്കണം എന്നു പറഞ്ഞു എല്ലാം വിശദമായി നാളെ പറയാം എന്നും. എന്തായാലും അച്ഛൻ കൂടുതലൊന്നും ചോദിക്കാതെ കാശ് അയച്ചുതന്നു, അങ്ങനെ അവിടുത്തെ ബില്ല് സെറ്റിൽ ചെയ്തു ഹോസ്റ്റലിലേക്ക് പോയി. കിടന്നിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല, എന്തിനായിരിക്കും തന്നോട് ഇങ്ങനെയൊക്കെ ചെയ്തത്.. ഇതിനുപകരം അവരുടെ കൂടെ റൂമിൽ പോയിരുന്നെങ്കൽ എന്താകുമായിരുന്നു.. ഒരുകാലത്തെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നില്ലേ.. എന്നിട്ടും.. ഒരു ഉത്തരവും കിട്ടിയില്ല. 

അടുത്ത ദിവസം അവളെ വിളിക്കാൻ ശ്രമിച്ചപ്പോൾ മനസ്സിലായി തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്, വാട്സാപ്പിലും ബ്ലോക്ക്ഡ് ആണ്. ബോംബെയിൽ നിന്നും ഇത്രയും ഐശ്വര്യം ഫ്ലൈറ്റ് പിടിച്ച് എത്തും എന്ന് കരുതിയില്ല. പിന്നെ അച്ഛനെ വിളിച്ച് നടന്ന കഥ മുഴുവൻ പറഞ്ഞു. അച്ഛൻ പക്ഷേ വിചാരിച്ചപോലെ ചൂടായില്ല. അച്ഛൻറെ ഏറ്റവുമടുത്ത സുഹൃത്ത് ബോംബെയിൽ ജോലി ചെയ്യുന്ന അതേ ബാങ്കിലാണ് ആണ് അവളുടെ അച്ഛനും. ഒരു അണാ പൈസ കുറയാതെ ചിലവായ മുഴുവൻ തുകയും മേടിച്ച് എടുക്കുന്ന കാര്യം അവൻ നോക്കിക്കോളും, നീ വിഷമിക്കാതെ ഇരിയെട എന്നും പറഞ്ഞു ഫോൺ വച്ചു.