QR 7477 എന്ന ഖത്തർ എയർവെയ്സ് വിമാനം കേരള കരയിലേക്ക് പറന്നിറങ്ങാൻ ഇനി ഏതാനും മിനുട്ടുകൾ മാത്രം. പൈലറ്റ് അനൗൺസ്മെൻറ് കേട്ടാണ് സുനിൽ തന്റെ പകുതി മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്. സ്വതവേ യാത്രക്ക് ഇടയിൽ ഉറങ്ങാത്ത സുനിൽ അന്ന് പതിവില്ലാതെ മയങ്ങിപ്പോയി, എന്തൊക്കെയോ സ്വപ്നങ്ങളും കണ്ടു. സമയം നോക്കിയപ്പോൾ വൈകുന്നേരം 4:15 ആവുന്നതേയൊള്ളു. എത്രയോ നാളുകൾക്ക് ശേഷം വീണ്ടും ഒരു സൂര്യാസ്തമയം തന്റെ നാട്ടിൽ, ആ ചിന്തയും, പിന്നെ ആവിപറക്കുന്ന ചമ്പാവരി ചോറും മീൻ കറിയും കൂട്ടിയുള്ള ഊണിന്റെ ഗന്ധവും ഒക്കെ അവന്റെ ഉറക്കച്ചടവ് മാറ്റി, കടുപ്പത്തിൽ ഒരു കട്ടൻ കുടിച്ച പോലെ.
സുനിൽ ലാപ്ടോപ്പ് മടക്കി ബാഗിൽ വച്ചു, അപ്പോൾ ആ ബാഗിന് അകത്തു നിന്ന് ഒരു ജോണി വാക്കർ അവനെ നോക്കി ചിരിച്ചു. ഓർമ്മകളുടെ ഒരു കെട്ട് അഴിയുകയായിരുന്നു അപ്പോൾ, അവയെല്ലാം കൂടി മനസ്സിലേക്ക് ഇരച്ചു കയറി. കാലം ഒരു മുപ്പതു കൊല്ലം പിന്നോട്ട് പോയി...
ഓർമ്മകളിൽ തന്റെ അച്ഛൻ എപ്പോഴും തിയേറ്ററിൽ കൊണ്ടുപോകും സിനിമ കാണാൻ.
തൃശ്ശൂര് 'രാഗം' കഴിഞ്ഞാൽ പിന്നെ 70mm സ്ക്രീനുള്ള ഉള്ള വലിയ തീയേറ്റർ തന്റെ നാട്ടിലായിരുന്നു, തളിക്കുളം 'കാർത്തിക'. വീട്ടിൽ നിന്നും നടന്നു പോകാവുന്ന ദൂരം മാത്രം.
സാധാരണയിൽ സാധാ കുടുംബമായിരുന്നു സുനിലിന്റെ. അച്ഛന് തുച്ഛമായ വരുമാനം മാത്രം, കിട്ടുന്നതൊക്കെ അമ്മയെ ഏൽപ്പിക്കും, അളന്നു മുറിച്ചാണ് കഴിഞ്ഞിരുന്നത് എങ്കിലും സന്തോഷത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. അച്ഛനാകട്ടെ കടം വാങ്ങുന്ന ശീലവും ഇല്ല. അതുകൊണ്ടുതന്നെ വീട്ട് ചിലവുകൾ കഴിഞ്ഞ് അധിക ചിലവിന് മിച്ചം ഒന്നും കാണാറുമില്ല.
പാഴ്ചിലവുകൾ ഒന്നും പ്രോത്സാഹിപ്പിക്കാത്ത അമ്മയ്ക്ക് മോനെ സിനിമക്ക് കൊണ്ടുപോകുന്നതും, അച്ഛൻറെ സിനിമാ പ്രേമം മകനും കൂടി പകർന്നു കൊടുക്കുന്നതിനോടും ഒട്ടും യോജിപ്പില്ലായിരുന്നു.
അങ്ങനെ ഇരിക്കെയാണ് മോഹൻലാൽ അഭിനയിച്ച "ചിത്രം" കാർത്തികയിൽ റിലീസ് ചെയ്യുന്നത്. തന്റെ വാശി പുറത്ത് അമ്മ അറിയാതെ സിനിമയ്ക്ക് കൊണ്ടുപോകാമെന്ന് അച്ഛൻ സമ്മതിച്ചു. 2.50 രൂപയാണ് അന്നത്തെ തേഡ് ക്ലാസ് ടിക്കറ്റ്. തീയേറ്ററിൽ ചെന്ന അച്ഛൻറെ കയ്യിൽ ഒരു ടിക്കറ്റിനുള്ള കാശേ ഒള്ളൂ. സാധാരണ സിനിമയ്ക്ക് ചെല്ലുമ്പോൾ തനിക്ക് ടിക്കറ്റ് എടുക്കാറില്ല, ചെറിയ പ്രായം ആയതു കാരണം. പക്ഷേ അന്ന് ടിക്കറ്റ് എടുത്ത്, കയറാൻ പോയപ്പോൾ ടിക്കറ്റ് കളക്ട് ചെയ്യാൻ വാതിൽക്കൽ നിൽക്കുന്ന സ്റ്റാഫ് തടഞ്ഞു, അകത്തേക്ക് കയറ്റി വിട്ടില്ല, തനിക്കും കൂടി ടിക്കറ്റ് വേണമെന്ന് നിർബന്ധിച്ചു അച്ഛനോട്. അച്ഛൻ എന്തൊക്കെയോ പറഞ്ഞു നോക്കി പക്ഷേ അയാൾ ഒന്നും സമ്മതിച്ചില്ല. ആറു വയസ്സുള്ള തന്നെ ഒരു പരിചയക്കാരൻ ചേട്ടനോട് "ഒന്ന് ശ്രദ്ധിക്കണേ" എന്നും പറഞ്ഞ് ഏൽപ്പിച്ചു, തന്നോട് ”അച്ഛൻ പുറത്ത് ഉണ്ടാവും, മോൻ കണ്ടിട്ട് വാ" എന്നും പറഞ്ഞ് അച്ഛൻ പുറത്തു നിന്നു. അന്നത്തെ ആവേശത്തിൽ അതിൽ കൂടുതൽ ഒന്നും ചിന്തിക്കാതെ അകത്തു കയറി, പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ ഇല്ലാത്ത വിഷമം വന്നു തുടങ്ങി. സിനിമ ഒരു 30 മിനിട്ട് കഴിഞ്ഞപ്പോൾ ഇരുട്ടത്ത് ഒരാൾ ”മോനെ” എന്നും വിളിച്ചു വരുന്ന കാഴ്ച കണ്മുന്നിൽ മിന്നി മറഞ്ഞു. സന്തോഷമായി, അച്ഛൻ വന്നു. താൻ അച്ഛനോട് ചോദിച്ചു ”പൈസ കിട്ടിയോ? ടിക്കറ്റ് എടുത്തോ?". അച്ഛൻ പറഞ്ഞു "ടിക്കറ്റ് എടുത്തില്ല, പുറത്ത് ഇരിക്കുന്നത് കണ്ടപ്പോൾ അടുത്ത ഡോറിലെ സ്റ്റാഫ് ചോദിച്ചു, കാര്യം പറഞ്ഞപ്പോൾ അച്ഛനെ കയറ്റിവിടാൻ ആ ചേട്ടൻ പറഞ്ഞു".
സിനിമ കഴിഞ്ഞു പോകുമ്പോൾ അച്ഛൻ ആ ചേട്ടനോട് നന്ദി പറയുന്നുണ്ടായിരുന്നു. ആ മുഖം ഇന്നും ഓർമ്മയിലുണ്ട്. നല്ലൊരു ചിരി എപ്പോഴും ആ മുഖത്ത് ഉണ്ടാവും. പിന്നീട് എപ്പോഴൊക്കെ സിനിമക്ക് പോയാലും, താൻ ആദ്യം തേടിയിരുന്നത് ആ ചേട്ടനെ കാണാൻ ആയിരുന്നു. തന്റെ ഹൈ സ്കൂൾ കാലഘട്ടം വരെ ആ ചേട്ടൻ അവിടെത്തന്നെ ഉണ്ടായിരുന്നു. പിന്നെ കണ്ടിട്ടില്ല. ഇപ്പോഴും, എത്രയോ വർഷങ്ങൾക്കു ശേഷവും, ആ മുഖവും, ആ ചിരിയും ഇന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു.
പിന്നീട് വർഷങ്ങൾക്കുശേഷം തന്റെ അച്ഛനോട് മനുഷ്യത്വം കാണിച്ച ആ സന്തോഷേട്ടനെ ഒരുപാട് തിരക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ ഇപ്പോൾ ചില സുഹൃത്തുക്കളുടെ സഹായത്തോടെ സന്തോഷ് ഏട്ടനെ കണ്ടെത്തിയിരിക്കുന്നു. തന്നെ നോക്കി ചിരിച്ച ജോണിവാക്കർ ആ സന്തോഷേട്ടന് ഉള്ളതാണ്. ഒന്ന് ചെന്ന് കാണണം, കൂടണം, ഓർമ്മ പുതുക്കണം.
ഇപ്പോൾ അച്ഛൻ മിക്ക ദിവസങ്ങളിലും സിനിമ കാണാറുണ്ട്. കഴിഞ്ഞതിൻറെ മുമ്പത്തെ വരവിൽ അച്ഛന് ഒരു ഹോം തിയേറ്റർ സെറ്റ് ചെയ്തു കൊടുത്തിരുന്നു. സുനിൽ അറിയാതെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു, ഫ്ലൈറ്റ്ടിൻറെ ജനാലവഴി കടപ്പുറവും തെങ്ങുകളും ഒക്കെ കണ്ടു തുടങ്ങിയിരിക്കുന്നു.
(ബേസ്ഡ് ഓൺ എ ട്രൂ സ്റ്റോറി)