ലോക നന്മയ്ക്കായി നിർദോഷകരമായ കൊച്ചു കൊച്ചു കള്ളങ്ങൾ പറയുന്നവർക്ക്...
കുറച്ച് കാലങ്ങൾ തന്നെ കാത്തിരിക്കേണ്ടിവന്നു മാത്യുച്ചായനും പ്രിയതമക്കും ഒരു കുഞ്ഞിക്കാലു കാണാൻ. ഒടുവിൽ തമ്പുരാൻ അനുഗ്രഹിച്ച് അവർക്ക് ഒരു ഉണ്ണി പിറന്നു. അത് പക്ഷേ ഒരു ഉണ്ണിയാർച്ച ആയിരുന്നു എന്ന് മാത്രം. അവൾക്ക് അവർ പേരുമിട്ടു 'മെറിൻ'. മാത്യുച്ചായനും പ്രിയതമക്കും അളവറ്റ സന്തോഷം കൊണ്ടു വന്നവൾ മെറിൻ.
പേര് പോലെ തന്നെ വളരെ സന്തോഷവതിയായ ഒരു കുഞ്ഞായി മെറിൻ വളർന്നു. കളിയും ചിരിയും കുസൃതിയും വേണ്ടുവോളം. വീട്ടുകാരുടെ മാത്രമല്ല അയൽക്കാരുടെ പോലും കണ്ണിലെ കൃഷ്ണമണിയായി അവൾ. ഇങ്ങനെയൊക്കെ ആണെങ്കിലും മെറിൻ്റെ അമ്മയ്ക്ക് എപ്പോഴും സങ്കടമായിരുന്നു. അവൾ നേരെചൊവ്വേ ആഹാരം കഴിച്ചിരുന്നില്ല. എല്ലാ നേരവും കഴിച്ചെന്ന് പേര് വരുത്തൽ മാത്രം.
കൊല്ലവർഷം 1996...
അവൾക്ക് അഞ്ച് വയസ്സും മൂന്നു മാസവും പ്രായമായ ഒരു പകൽ.-
പള്ളിക്കൂടത്തിൽ പോകാൻ നേരം ഭക്ഷണം കഴിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന അമ്മ, ഓഫീസിൽ പോകാൻ ഒരുങ്ങി തീൻമേശയുടെ മുന്നിലിരിക്കുന്ന മാത്യുച്ചായൻ, ഇതാണ് രംഗം. അപ്പോഴാണ് പ്ലേറ്റിൽ നിന്നും പറന്നു പോകാൻ തയ്യാറെടുക്കുന്ന കണക്കിന് ആവി പറക്കുന്ന, നല്ല പഞ്ഞിക്കെട്ട് പോലത്തെ വെള്ളാപ്പവുമായി മാത്യുച്ചായന്റെ മമ്മി അടുക്കളയിൽ നിന്നും രംഗപ്രവേശം ചെയ്യുന്നത്.
അപ്പ പ്രിയനായിരുന്നു മാത്യുച്ചായൻ, മമ്മി ഉണ്ടാക്കുന്ന അപ്പവും മട്ടൻ സ്റ്റൂവും എന്നുപറഞ്ഞാൽ ജീവനും. നല്ല ഫ്രഷ് ആയി ചെത്തി ഇറക്കിയ കള്ള് ചേർത്ത് ഉണ്ടാക്കുന്ന പഞ്ഞിക്കെട്ട് പോലത്തെ അപ്പം, അതൊരു ശകലം മൊരിയുക കൂടി ചെയ്താൽ ലോകത്ത് മറ്റൊരു ഭക്ഷണത്തിനും അതിനെ വെല്ലാൻ പറ്റില്ല എന്ന അഭിപ്രായക്കാരനാണ് മാത്യുച്ചായൻ.
ഒരു കഷണം അപ്പം പിച്ചിയെടുത്ത്, ഒരു മട്ടൻ കഷണവും ചേർത്തുപിടിച്ച്, ചാറിൽ ഒന്നു മുക്കി വായിൽ വച്ച മാത്യുച്ചായൻ ഒരു ശബ്ദം പുറപ്പെടുവിച്ചു... "താജ്" ചായകുടിച്ച് ഉസ്താദ് സക്കീകീർ ഹുസൈൻ പുറപ്പെടുവിക്കും പോലത്തെ ഒരു ശബ്ദം.!
എന്താണ് സംഭവിച്ചതെന്ന് അറിയാൻ കുഞ്ഞു മെറിൻ വരാന്തയിൽ നിന്ന് അകത്തേക്ക് ഓടി വന്നു നോക്കി, പുറകെ അവളുടെ അമ്മയും, കണ്ടത് അച്ഛൻ മമ്മിയെ പുകഴ്ത്തുന്ന കാഴ്ചയാണ്. കുഞ്ഞ് മെറിൻറെ അമ്മയ്ക്കും ഓഫീസിൽ പോകാൻ ഉള്ളതിനാൽ അപ്പത്തിൻറെ കാര്യം മാത്രമല്ല പ്രഭാതഭക്ഷണം തന്നെ മിക്കവാറും തട്ടിക്കൂട്ട് ആണ്. മൂന്നു നാല് മാസത്തിലൊരിക്കൽ മാത്യുച്ചായന്റെ മമ്മി വന്നു നിൽക്കുമ്പോൾ മാത്രമാണ് അവർ നള പാചകം നാവിൽ രുചിച്ചിരുന്നത്. (ഇത് കേട്ടയുടൻ നളൻ മട്ടൻ സ്റ്റൂ ഉണ്ടാകുമായിരുന്നൊ എന്ന് ചിന്തിച്ച് തലപുകയ്ക്കേണ്ട. നളന് മട്ടൺ സ്റ്റു ഉണ്ടാക്കാൻ അറിയില്ലായിരുന്നു എന്ന ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.)
മെറിന് ഇതൊക്കെ കണ്ടപ്പോൾ കൗതുകമായി, മെറിന്റെ അമ്മയുടെ തലച്ചോറിനുള്ളിൽ എവിടെയോ ഒരു ബൾബ് കത്തി. അച്ഛൻ കഴിക്കുന്ന അപ്പം ചൂണ്ടി അമ്മ പറഞ്ഞു "ഇതാണ് മോളെ ചിറകുള്ള അപ്പം."
"ചിറകുള്ള അപ്പമോ?" കുഞ്ഞ് മെറിന് കൗതുകം പിന്നെയും കൂടി.
അമ്മ തുടർന്നു - "അതെ ഇതാണ് ചിറകുകൾ" മൊരിഞ്ഞു പൊങ്ങിയ വശങ്ങൾ ചൂണ്ടിക്കാട്ടി അമ്മ പറഞ്ഞു.
”ഈ ചിറകുള്ള അപ്പം കഴിച്ചാൽ എന്താ ഗുണം?” അമ്മ തുടർന്നു "ഈ അപ്പം കഴിക്കുന്നവർ എല്ലാം സുന്ദരിമാരും സുന്ദരന്മാരും ആകും, അത് മാത്രമല്ല നല്ല സുന്ദരി-സുന്ദരന്മാർ ആകുന്നവരിൽനിന്നും തമ്പുരാൻ നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് ചിറകുകൾ നൽകും എന്നിട്ട് അവരെ മാലാഖമാർ ആക്കും."
ഇനി കേരളത്തെ കുറിച്ച് രണ്ടു വാക്ക് - ഇന്നത്തെ കേരളമല്ല അന്നത്തെ കേരളം. അന്ന് കേരളത്തിൽ തെങ്ങുകളുടെ എണ്ണം കൂടുതലും ബംഗാളികളുടെ എണ്ണം കുറവും ആയിരുന്നു. (ബംഗാളികൾ - പണ്ട് മദിരാശികളായി കണ്ടിരുന്ന മലയാളികൾ അന്യ സംസ്ഥാനക്കാർക്ക് സ്നേഹോപഹാരം ആയി തിരിച്ചു കൊടുത്ത പണി)
അന്ന് പിന്നെ ഇന്നത്തെ പോലെ പയ്യന്മാർ '6 പാക്ക്' ഉണ്ടാക്കാൻ പാടുപെട്ടിരുന്നില്ല, അത് പോലെ തന്നെ 'സ്ലിം ബ്യൂട്ടി', 'സൈസ് സീറോ' എന്നീ സൗന്ദര്യസങ്കൽപ്പങ്ങൾ കേരളക്കരയ്ക്ക് അന്യമായിരുന്നു. സിനിമാ സ്ക്രീനിൽ പാർവതിയെയും, അതിനുമുമ്പ് ജയഭാരതിയും ഒക്കെ കണ്ട് ആസ്വദിച്ചിരുന്ന മലയാളിക്കു മെലിഞ്ഞുണങ്ങിയ പെൺകുട്ടികളോട് സഹതാപം ആയിരുന്നു. അതുകൊണ്ട് തന്നെയാവണം ഒരു അനോറക്സിയ ഒഴിവാക്കാൻ അങ്ങനെയൊരു കള്ളം, തികച്ചും നിർദോഷകരമായ ഒന്ന്, അപ്പോൾ അവളുടെ അമ്മ പറഞ്ഞത്.
അങ്ങനെ മെറിൻ അപ്പം കഴിച്ചു തുടങ്ങി, അന്നുതൊട്ട് മെറിന് കഴിക്കാൻ എന്നും അപ്പം മതിയെന്നായി. അങ്ങനെ ചിറകുള്ള അപ്പത്തിലേറി രുചികളുടെ ലോകത്തേക്ക് പറന്നിറങ്ങിയ മെറിൻ അധികം വൈകാതെ മട്ടൻ സ്റ്റൂവിന് പുറമേ ബീഫ് ഉലർത്ത്, ചിക്കൻ ചാപ്പ്സ്, മപ്പാസ്, താറാവ് റോസ്റ്റ്, എന്നീ രുചികളോടും കൂട്ടായി.
വളർന്നു വലുതായപ്പോൾ ചിറകുള്ള അപ്പവും, മാലാഖയും, തമ്പുരാൻറെ റിക്രൂട്ട്മെൻറ് പ്രോസസ്സും, ഒക്കെ വെറും കഥകളായി മാറിയെങ്കിലും ഒരു തികഞ്ഞ ഭക്ഷണപ്രിയയിലേക്കുള്ള ആദ്യ കാൽവെയ്പ്പുകളാണ് അന്ന് ആ കഥയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.
വാൽക്കഷ്ണം -
ഇന്ന് മെറിന് വയസ്സ് 28, അറിയപ്പെടുന്ന ഒരു ഫുഡ് ബ്ലോഗറാണ്, യൂട്യൂബിൽ അനേകായിരം ഫോളോവേഴ്സ് ഉള്ള ഒരു വ്ലോഗറും, ക്രിറ്റീക്കും.
അഥവാ മെറിന്റെ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ കിട്ടുന്ന കാശിനു മുഴുവൻ തിന്നു നടക്കുന്നവൾ. (മെറിൻറെ ഫുൾ ടൈം ജോബ് ഒരു ഐടി കമ്പനിയിൽ എച്ച്. ആർ ആയിട്ടാണ്)
അമ്മയുടെ പരാതി - സദാ ഇങ്ങനെ തിന്നു നടക്കുന്ന കാരണം അമിതഭാരവും അമിതവണ്ണവും.! അതുകൊണ്ടാണ് അവളുടെ വിവാഹം വൈകുന്നത്.! എന്നതുമാണ് അതിൽ ഏറ്റവും മുഖ്യ പരാതി.
"അവളുടെ ഭക്ഷണപ്രിയം ഒന്ന് കുറച്ചു തരണേ തമ്പുരാനെ" എന്നാണ് മെറിൻറെ അമ്മ ഇപ്പോൾ എന്നും രാത്രി പ്രാർത്ഥിക്കുന്നത്... പണ്ട് ആഹാരം കഴിപ്പിക്കാൻ തികച്ചും നിർദോഷകരമായ ഒരു കള്ളം പറഞ്ഞ ആ അമ്മ.