Friday, 19 March 2021

വീക്കെൻഡ്

ന്യൂ ജനറേഷൻ പറയും പോലെ 'നെറ്റ്ഫ്ലിക്‌സ് & ചിൽ' കഴിഞ്ഞാൽ സമീറയുടെ പ്രിയപ്പെട്ട വിനോദം, അഥവാ സ്ട്രെസ്സ് ബസ്റ്റർ കുക്കിംഗ് ആണ് - ടീവിയിലും ഓൺലൈനിൽ കാണുന്നതും ആയ റെസിപ്പികൾ പാചകം ചെയ്ത് നോക്കൽ. അത് കഴിഞ്ഞാൽ പിന്നെ താൻ ഉണ്ടാക്കുന്ന ഡിഷസ്സിൻ്റെ ഫോട്ടോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യലും.

അങ്ങനെ ഒരു പുതിയ റെസിപ്പി പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ച ദിവസം ആയിരുന്നു കഴിഞ്ഞ ശനിയാഴ്ച. അടുക്കളയിൽ കയറി റെസിപ്പിക്കുള്ള സാധനങ്ങൾ എടുത്ത് നോക്കിയപ്പോൾ പലതും തീർന്നിരിക്കുന്നു. ജോലിക്ക് പോകാൻ സൗകര്യത്തിനായി സിറ്റിയിൽ നിന്നും കുറച്ചു മാറി താമസിക്കുന്ന ആളാണ് സമീറ. അവൾ താമസിക്കുന്നതിനു കുറച്ച് അടുത്തായി ഒരു വലിയ സൂപ്പർമാർക്കറ്റ് മാത്രമേ ഒള്ളു, അവിടെയോ.. എല്ലാ വീക്കെൻറും നല്ല തിരക്കാണ്. അങ്ങോട്ടേക്ക് കാറും കൊണ്ടുപോയാൽ ട്രാഫിക്കിൽ കുടുങ്ങിയത് തന്നെ. സിറ്റിയിലേക്ക് പോയി വരാനുള്ള നേരവുമില്ല. അതുകൊണ്ട് കാറ് അല്പം ദൂരെ മാറി റോഡ് സൈഡിൽ തന്നെ പാർക്ക് ചെയ്തിട്ട് സൂപ്പർമാർക്കറ്റിലേക്കു നടന്നു പോകാം എന്ന് അവൾ കരുതി.

ആവശ്യ സാധനങ്ങൾ ഒക്കെ വാങ്ങി തിരിച്ചു വന്നു കാറിൽ കയറി, ഹാന്ഡ് ബ്രേക്കിൽ കൈ വച്ചതും വിൻഡോയിൽ ഒരു തട്ട്... നോക്കുമ്പോൾ ഏകദേശം 30-32 വയസ്സ് പ്രായം തോന്നിക്കുന്ന സുമുഖനായ ഒരാൾ, അയാൾ എന്തൊക്കെയോ പറയുന്നുണ്ട്. പല പേടിപ്പിക്കുന്ന കഥകളും കേട്ടിട്ടുള്ള സമീറ ഇടതു കൈകൊണ്ട് പതുക്കെ ബാഗിൽ നിന്നും പെപ്പർ സ്പ്രേ പുറത്തെടുത്തു. വിൻഡോ ഒരു ഇഞ്ച് താഴ്ത്തി കാര്യം ശ്രദ്ധിച്ചു... പുറകിലത്തെ ടയർ പഞ്ചർ ആണ് എന്നാണ് അയാൾ പറയുന്നത്. പേടി കൊണ്ടും, ഒരു അപരിചിതനെ വിശ്വാസം ഇല്ലാത്തതുകൊണ്ടും, സൈഡ് റിയർവ്യൂ മിറർ അഡ്ജസ്റ്റ് ചെയ്തു നോക്കിയപ്പോൾ അയാൾ പറയുന്നത് സത്യമാണ്, ടയർ പഞ്ചർ ആയിരിക്കുന്നു. 

'ഇന്നത്തെ ദിവസം ആരെയാണോ കണി കണ്ടത്' എന്ന് പഴിച്ചുകൊണ്ട് അടുത്തുള്ള മെക്കാനിക്കിനെ വിളിക്കാൻ തുടങ്ങിയപ്പോൾ അയാൾ സഹായിക്കാം എന്നു പറഞ്ഞു. 'സാരമില്ല, ബുദ്ധിമുട്ടണ്ട, മെക്കാനിക്കിനെ വിളിക്കാം' എന്നു പറഞ്ഞിട്ടും അയാൾ അത് കൂട്ടാക്കിയില്ല, അയാൾ 10 മിനുട്ടിൽ ശരിയാക്കിത്തരാം തരാമെന്നു പറഞ്ഞു. അങ്ങനെ വണ്ടിയിൽ നിന്നും സ്റ്റെപ്പ്നിയും ടൂൾസും എടുത്തു ടയറു മാറ്റി ഇടൻ തുടങ്ങി. ടയറു മാറ്റുന്നതിന് ഇടയ്ക്ക് സമീറെയ കുറിച്ച് കുറച്ചധികം പേഴ്സണൽ ചോദ്യങ്ങൾ അയാൾ ചോദിച്ചു കൊണ്ടിരുന്നു... എന്തു ചെയ്യുന്നു, ഏത് കമ്പനിയിൽ ജോലി നോക്കുന്നു, വീട്ടിൽ ആരൊക്കെയുണ്ട്, ഇവിടെ തന്നെയാണോ നാട്, ഫാമിലി ഉണ്ടോ, കല്യാണം കഴിഞ്ഞതാണോ, അങ്ങനെയങ്ങനെ. ചിലതിന് മാത്രം മറുപടി പറഞ്ഞു ബാക്കി ഒക്കെ ഒഴിഞ്ഞുമാറി ബോയ് ഫ്രണ്ടിൻ്റെ ഫ്ലാറ്റിൽ പോകും വഴി സാധനങ്ങൾ വാങ്ങാൻ കയറിയത് ആണെന്ന് ഒരു കള്ളവും പറഞ്ഞു.

ടയർ മാറ്റി കഴിഞ്ഞു അയാൾ തൊട്ടു അപ്പുറത്തേക്കായി കിടന്നിരുന്ന തൻറെ വണ്ടിയുടെ ഡോർ തുറന്ന് ഒരു തുണി എടുത്തു കൈയൊക്കെ തുടച്ചു. അപ്പോഴാണ് താഴെ ഒരുവശത്തായി ഒരു കന്നാസ് ഇരിക്കുന്നത് സമീറ ശ്രദ്ധിച്ചത്, അവൾ കാര്യം തിരക്കി... അയാൾ പറഞ്ഞു "പെട്രോൾ തീർന്നു വണ്ടി നിന്നതാണ് റോഡിൽ, ഒരു വിധം സൈഡിലേക്ക് ഒതുക്കി കന്നാസും എടുത്തു ഇറങ്ങിയപ്പോഴാണ് പേഴ്സും മൊബൈലും വീട്ടിൽ മറന്നുവച്ച കാര്യമോർത്തത്. വീക്കെൻഡ് ആഘോഷിക്കാൻ ഒരു കൂട്ടുകാരൻറെ വീട്ടിലേക്ക് പോവുകയായിരുന്നു... അവനെ വിളിക്കാൻ അവൻറെ നമ്പറും കാണാതെ അറിയില്ല, അവനല്ലാതെ ഈ ഭാഗത്ത് വേറെ പരിചയക്കാർ ആരും ഇല്ല. എന്ത് ചെയ്യണം, ആരോടെങ്കിലും ലിഫ്റ്റ് ചോദിച്ചാലോ എന്ന് ആലോചിച്ചു നിന്നപ്പോഴാണ് ആണ് നിങ്ങടെ പഞ്ചർ കണ്ണിൽപെട്ടത്".

തന്നെപ്പോലെ തന്നെ ഒരു വീക്കെൻഡ് അടിച്ചുപൊളിക്കാൻ ഇറങ്ങി വഴിയിൽ പെട്ടുപോയ ഒരാളെ കണ്ടപ്പോൾ സമീറയ്ക്ക് സഹതാപം തോന്നി. അയാൾക്ക് പോകേണ്ടിയിരുന്ന കൂട്ടുകാരൻറെ ഫ്ലാറ്റ് താൻ താമസിക്കുന്നതിന് ഒരു ലെയിൻ അപ്പുറം ആണെങ്കിലും സമയത്ത് ഒരു അപരിചിതനെ ലിഫ്റ്റ് കൊടുക്കാൻ സമീറയ്ക്ക് ധൈര്യമില്ലായിരുന്നു. പകരം പെട്രോൾ അടിക്കാൻ കയ്യിലുണ്ടായിരുന്ന 300 രൂപ നൽകി. അയാൾ അത് വാങ്ങാൻ കൂട്ടാക്കിയില്ല എങ്കിലും, ഒരു സഹായത്തിനും മറു സഹായം എന്ന് പറഞ്ഞു അയാളെ കൊണ്ട് അത് വാങ്ങിപ്പിച്ചു. പിന്നെ അയാളോട് അധികം യാത്ര പറയാൻ നിൽക്കാതെ അവിടെനിന്ന് വണ്ടിയുമായി വീട്ടിലേക്ക് പോയി.

** ---------------- **

ഈ ആഴ്ച ടയറ് കട തുറന്നപ്പോൾ പഞ്ചറായ ടയർ ശരിയാക്കാൻ അവിടെ കൊണ്ടു ചെന്നപ്പോഴാണ് അറിയുന്നത് ആ ടയർ താനേ പഞ്ചർ ആയതല്ല, പകരം മൂർച്ചയുള്ള എന്തോ ഒരു ആയുധം വച്ച് ശക്തമായി മൂന്നു തവണ കുത്തി ടയർ പഞ്ചർ ആക്കിയതാണ്.!