അങ്ങനെ ഹോട്ടൽ മാനേജ്മെൻ്റ് എടുത്ത് പഠിച്ചു, കോഴ്സ് കഴിഞ്ഞു ബാർ ടെണ്ടിംഗ് കോഴ്സും ചെയ്തു. പക്ഷേ അവൻ മനസ്സിൽ ഉദ്ദേശിച്ച പോലെ ഒരു ജോലി മാത്രം കിട്ടിയില്ല. അവൻ തിരികെ നാട്ടിൽ വന്നു നിന്നു പല ഹോട്ടലുകളിലും ചെറിയ ചെറിയ പണികൾ ചെയ്തു എക്സ്പീരിയൻസ് ഉണ്ടാക്കിയിട്ട് ശ്രമിക്കാം എന്ന് കരുതി. അങ്ങനെ തന്നെ ഒരു നാലു കൊല്ലം കടന്നുപോയി. ഇനി ഇങ്ങനെ കളിച്ചു നിന്നാൽ ശരിയാവില്ല, അച്ഛൻ റിട്ടയർ ആയി അച്ഛൻറെ പെൻഷൻ മാത്രം വച്ച് കുടുംബം ഓടില്ല. അതുകൊണ്ട് അവൻ ദുബായിൽ ട്രൈ ചെയ്യാൻ തീരുമാനിച്ചു. 2020 എക്സ്പോ ഒക്കെ വരുന്നതുകൊണ്ട് എവിടെയെങ്കിലും ജോലി തരം ആകുമെന്ന് അവന് വിശ്വാസമുണ്ടായിരുന്നു, പോരെങ്കിൽ എക്സ്പീരിയൻസും ഉണ്ടല്ലോ. പ്രതീക്ഷിച്ചത് പോലെ തന്നെ ലോകമെമ്പാടും ബ്രാഞ്ചുകൾ ഉള്ള നല്ല ഒരു ഹോട്ടലിൽ അവന് ജോലി കിട്ടി - ഹോട്ടൽ വൈസ്രോയിൽ. വീട്ടുകാർക്ക് ചെറിയ വിഷമം ഉണ്ടായിരുന്നെങ്കിലും എവിടെയെങ്കിലും പോയാൽ മാത്രമേ അവൻറെ ഫീൽഡിൽ സ്കോപ്പ് ഒള്ളു എന്ന് മനസ്സിലാക്കി അവനെ യാത്രയാക്കി.
ദുബായിലെത്തിയ അവൻറെ ജീവിതം ശരിക്കും കുശാൽ ആയിരുന്നു, അവന് ഇഷ്ടപ്പെട്ട ജോലി, അത്യാവശ്യം നല്ല ശമ്പളം, പോരെങ്കിൽ വർക്ക് പ്രഷർ എന്നൊരു സാധനം ഇല്ല. പിന്നെ അക്കോമഡേഷൻ, ഫുഡ്, ജിം, തുടങ്ങി എല്ലാ സൗകര്യങ്ങളും കമ്പനി വക, അതുകൊണ്ട് പുറമേ ചിലവും ഇല്ല. അവൻറെ ശമ്പളത്തിൻ്റെ നല്ലൊരു പങ്ക് വീട്ടുകാർക്ക് അയച്ചു കൊടുക്കാനും സാധിക്കുമായിരുന്നു. അത് വഴി അനിയത്തിയുടെ പഠിത്തവും, വീട് വയ്ക്കാൻ എടുത്ത ലോൺ അടവും എല്ലാം നടന്നു പോന്നു, വീട്ടുകാർക്ക് ബുദ്ധിമുട്ടില്ലാതെ ജീവിക്കാനും കഴിയുമായിരുന്നു.
അങ്ങനെ ഇതാ ദുബായ് 2020 എക്സ്പോ വന്നെത്തി. പത്താം ക്ലാസിലും, പിന്നീട് പന്ത്രണ്ടിലും, പിന്നീട് കോളേജിലും വച്ച് പലതവണ കേട്ട "ലൈഫിൻ്റെ ആ ടേണിങ് പോയിൻറ്” അതായിരുന്നു. ബാറിൽ ജോലി ആയത് കാരണം നല്ല ടിപ്സ് കിട്ടുമായിരുന്നു, നല്ല ചില കസ്റ്റമേഴസിനെ പരിചയപ്പെടാനും സാധിച്ചു. അക്കൂട്ടത്തിൽ യു.കെ.യിൽ നിന്ന് വന്ന ഒരു ടീച്ചറെയും പരിചയപ്പെട്ടു. 10 ദിവസം ഉണ്ടാകും എന്ന് പറഞ്ഞു. കാലത്ത് തന്നെ അടി തുടങ്ങുന്ന കൂട്ടത്തിൽ ആയിരുന്നു അവർ, അതുകൊണ്ട് തന്നെ 4-5 ദിവസം ആയപ്പോൾ അത്യാവശ്യം പരിചയം ആയി. അവർ ഒരു ബ്രേക്ക് അപ്പ് എന്തോ കഴിഞ്ഞ് ഒരു "ചെയിഞ്ച് ഓഫ് സീനെറി"ക്ക് വേണ്ടി ദുബായ് കാണാൻ എത്തിയത് ആണ്.
ഒരു ദിവസം പതിവുപോലെ അവരെ പക്ഷേ കണ്ടില്ല. എക്സ്പോ കാണാൻ എങ്ങാനും പോയതായിരിക്കും എന്ന് കരുതി പിന്നെ കൂടുതൽ ആലോചിക്കാനും നിന്നില്ല. തനിക്കും ഇന്ന് ഉച്ചമുതൽ ഓഫ് ആണ്. ഒരുപാട് വർഷങ്ങൾ കൂടി ഒരു സ്കൂൾ കാല കൂട്ടുകാരനെ വീണ്ടും കാണാൻ പോകാൻ പ്ലാൻ ഒക്കെ ഇട്ട് അവൻ വേഗം റൂമിൽ പോയി ഫ്രഷ് ആയി. രണ്ടാഴ്ച മുമ്പാണ് അവനും ഫേസ്ബുക്ക് വഴി കണക്ട് ചെയ്തു, ദുബായിൽ തന്നെ ഉള്ള കാര്യം അറിഞ്ഞത്. അങ്ങനെ റെൻജോയും കൂട്ടുകാരനും കൂടി മറ്റൊരു ബാറിൽ കണ്ടുമുട്ടി. റെൻജോ ജോലി ചെയ്തിരുന്ന ഹോട്ടലിൽ വൻ കത്തി ആയതുകൊണ്ട് ചെറിയ സെറ്റപ്പ് മതി എന്ന കൂട്ടുകാരൻ പറയുകയായിരുന്നു, പോക്കറ്റിനും അതാണല്ലോ നല്ലത്. അവർ രണ്ടാളും പഴയ ഓർമ്മകൾ ഒക്കെ പങ്കിട്ട് കുറച്ച് വെള്ളം അടിച്ചു അത്യാവശ്യം നല്ല സെറ്റ് ആയ ശേഷം കൂട്ടുകാരൻറെ ഫ്ലാറ്റിലേക്ക് പോയി. അവിടെ കപ്പയും മത്തി കറിയും ആയിരുന്നു, മാസങ്ങളായി നാട്ടിലെ രുചികൾ അവൻറെ നാവിൽ തട്ടിയിട്ട്. ജോലി ചെയ്യുന്ന ഹോട്ടലിലെ ഭക്ഷണം എത്ര നല്ലതാണെന്ന് പറഞ്ഞാലും നാട്ടിലെ കപ്പയും മീൻ കറിയും പോലെ വരില്ലല്ലോ. അവൻ നല്ല സന്തോഷത്തിലായി... ഇനി കുറച്ചു ദൂരം ഒന്നു നടന്നിട്ട് മെട്രോ കേറി ഹോട്ടലിലേക്ക് പോകാമെന്ന് കരുതി. മെട്രോ വരെ കൂടെ വരാമെന്ന് കൂട്ടുകാരനും പറഞ്ഞു... കുറച്ചുകൂടി ഓർമ്മകൾ അയവിറക്കാമല്ലോ. അവിടുത്തെ വളരെ കുപ്രസിദ്ധമായ ഒരു ക്ലബ്ബിൻറെ പിന്നിലുള്ള റോഡിൽ കൂടിയാണ് അവർ നടക്കുന്നത്, ക്ലബ്ബിനു പുറത്ത് ചെറിയ ഒരു കൂട്ടം കാണാം, അതിൽ പലരും ദിക്ക് ഏതാണെന്ന് അറിയാതെ നിൽക്കുന്ന അവസ്ഥയിലും. സ്ഥലം സമയവും അത്ര പന്തിയല്ല എന്നതുകൊണ്ട് അവർ നടത്തത്തിന് വേഗം കൂട്ടി.
ക്ലബ്ബ് കഴിഞ്ഞുള്ള ഒരു ഇടവഴിയിലേക്ക് വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ റെൻജോ കണ്ടു തൻറെ ഹോട്ടലിൽ താമസിക്കുന്ന ടീച്ചർ ആകെ ആടിയുലഞ്ഞു നിൽക്കുന്നു. അവൻ വേഗം അവരുടെ അടുത്തേക്ക് ഓടിച്ചെന്നു കാര്യം തിരക്കി. അപ്പോൾ അവനു മനസ്സിലായി ആ ടീച്ചർ എന്തോ വീര്യംകൂടിയ സാധനം ഒക്കെ അടിച്ചു കയറ്റിയിട്ടോ മറ്റോ ഒട്ടുംതന്നെ ബോധമില്ലാത്ത അവസ്ഥയിൽ നിൽക്കുകയാണ്... അവർ തന്നെ വാങ്ങി കഴിച്ചതാണോ ആരെങ്കിലും കൊടുത്തതാണോ എന്നൊന്നും അറിയില്ല. ഇതൊരു മോശം ഏരിയ ആണെന്ന് കൂട്ടുകാരൻ പറയുക കൂടി ചെയ്തതോടെ റെൻജോക്ക് ടെൻഷനായി. എത്രയും വേഗം ഇവരെയും കൊണ്ട് തിരിച്ചു ഹോട്ടലിൽ ആക്കാമെന്ന് കൂട്ടുകാരനോട് പറഞ്ഞു, കൂട്ടുകാരൻ്റെ സഹായത്തോടെ അവരെ നടത്തിച്ചു കൊണ്ട് മെട്രോയിൽ കയറി.
ഫ്രണ്ട് ലിഫ്റ്റ് വഴി ഹോട്ടൽ ജീവനക്കാർ പ്രവേശിക്കാൻ പാടില്ലാത്തതിനാൽ, പുറകിലുള്ള സർവീസ് ലിഫ്റ്റ് ഉപയോഗിച്ച് മുകളിലെത്തി ടീച്ചറെ റൂമിൽ കൊണ്ടാക്കി, തൻറെ പേര് വച്ച് ഒരു കുറിപ്പും എഴുതി വച്ചു.
അടുത്ത ദിവസവും പതിവുപോലെ ടീച്ചർ ബാറിൽ വന്നു പക്ഷേ അന്ന് അവർ മദ്യപിച്ചില്ല, പകരം അവനെ അന്വേഷിച്ചു. അവനെ കണ്ടു ഇന്നലെ നടന്ന സംഭവങ്ങൾ എല്ലാം തിരക്കി. അവൻ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു. ടീച്ചർ അവനോട് നന്ദി പറഞ്ഞു, അവൻ വന്നില്ലായിരുന്നെങ്കിൽ എന്ത് അവസ്ഥ ആകുമായിരുന്നു ഒന്നും അറിയില്ല... അന്നുച്ചയ്ക്ക് ആണ് അവർക്ക് തിരിച്ചുപോകാനുള്ള ഉള്ള ഫ്ലൈറ്റ്. ചിലപ്പോൾ അത് കിട്ടാതെ മിസ്സ് ചെയ്തേനെ, അല്ലെങ്കിൽ തൻ്റെ അവസ്ഥ എന്താകുമായിരിക്കുമെന്ന് ഒന്നും പറയാൻ കഴിയില്ല. നല്ലൊരു ടിപ്പ് തന്നു അവർ അടുത്ത വരവിൽ വിശദമായി കാണാം എന്നും യാത്ര പറഞ്ഞു പോയി. ഒരു നല്ല കാര്യം ചെയ്ത സന്തോഷത്തിൽ റെൻജോ കൂട്ടുകാരനുമായി എക്സ്പോ കാണാൻ പോയി.
രണ്ടുദിവസം കഴിഞ്ഞ് തിരികെ ജോലിക്ക് കയറിയ അവനോട് ബാർ മാനേജർ എച്ച്ആർ വിളിക്കുന്നു എന്ന് പറഞ്ഞു. എച്ച്.ആറിനെ കണ്ടപ്പോൾ അയാൾ ഒന്നും പറയാതെ ഒരു മെമ്മോ എടുത്ത് അവന് കൊടുത്തു. അതിൻറെ ഉള്ളടക്കം ഇതായിരുന്നു -
1) ഡ്യൂട്ടിയിൽ ഇല്ലാത്ത സമയത്ത് ഹോട്ടലിലെ അതിഥിയും ആയി ചുറ്റിനടന്നു. ഒരു അതിഥിയെ സർവീസ് ലിഫ്റ്റിൽ കയറ്റി. അതെല്ലാം കമ്പനി പോളിസിക്ക് എതിരാണ്.
2) ഒരു അതിഥിയുടെ മുറിയിൽ അവരുടെ അനുവാദമില്ലാതെ കടന്നു കയറി. അത് കമ്പനി പോളിസിക്ക് എതിരാണ്.
മേൽ പറഞ്ഞിരിക്കുന്നതിനൊക്കെ സിസിടിവിയിൽ തെളിവുണ്ട്. ഗൗരവകരമായ രണ്ട് വിഷയത്തിൽ ഹോട്ടൽ പ്രോട്ടോകോൾ ലംഘിച്ചതിന് താങ്കളെ ജോലിയിൽ നിന്നും പിരിച്ചു വിടുകയാണ്.
അവന് കുറച്ചുനേരത്തേക്ക് ആ ഷോക്കിൽ മറുത്ത് ഒന്നും പറയാൻ സാധിച്ചില്ല. എങ്കിലും തൻറെ ഭാഗം വ്യക്തമാക്കാൻ അവൻ ശ്രമിച്ചു, സംശയമുണ്ടെങ്കിൽ ആ ടീച്ചറെ കോൺടാക്ട് ചെയ്തു ചോദിക്കാനും പറഞ്ഞു നോക്കി. പക്ഷേ എച്ച്.ആറും മാനേജറും അതൊന്നും കേൾക്കാനോ മനസ്സിലാക്കാനോ കൂട്ടാക്കിയില്ല. എന്നുമാത്രമല്ല ഒരാഴ്ചക്കുള്ളിൽ വേറെ ജോലി നോക്കുകയോ തിരിച്ച് നാട്ടിലേക്ക് പോവുകയോ വേണമെന്ന് താക്കീതും കൊടുത്തു. അവനു പിന്നെ വാക്കുകൾ ഉണ്ടായില്ല... കണ്ണുകൾ നിറഞ്ഞ് അവൻറെ മനസ്സിൽ ഒരു പാട്ട് ഓടിക്കൊണ്ടിരുന്നു... നന്മയുള്ള ലോകമേ കാത്തിരുന്നു കാണുക...
No comments:
Post a Comment