Showing posts with label പ്രവാസി. Show all posts
Showing posts with label പ്രവാസി. Show all posts

Friday, 20 February 2026

മണിയണ്ണൻ's special

പതിവ് പോലെ മെസ്സിൽ നിന്നും ഉച്ചയ്ക്ക് ഉള്ള ഫുഡ് എടുക്കാൻ പോയതാണ് ഞാൻ. നോമ്പ് സമയം ആയതിനാൽ 3:30 മണിക്ക് തന്നെ തിരിച്ച് റൂം എത്തി. നേരത്തെ തന്നെ ഇറങ്ങാൻ സാധിക്കും എന്നുള്ളതിനാൽ ഞാൻ രാവിലെ ഊണ് പാക്ക് ചെയ്ത് എടുത്തിരുന്നില്ല. 12 മണി ആയപ്പോൾ ഒരു ഏത്തപ്പഴം കഴിച്ച് അഡ്ജസ്റ്റ് ചെയ്തു.

മെസ്സിൽ കയറിയതും അതാ അടുക്കളയിൽ ഒരു പുതിയ ഷെഫ്. "ഇതാരാ പുതിയൊരു അസിസ്റ്റൻ്റ്" എന്ന എൻ്റെ ചോദ്യം കേട്ട് മെസ്സ് നടത്തുന്ന ബാബുവും മണിയണ്ണനും ഒരുമിച്ച് തിരിഞ്ഞു നോക്കി.
ഉടനെ വന്നു മണിയണ്ണൻ്റെ മറുപടി - "ഇന്നൊരു ദിവസത്തേക്ക് മാത്രം ഞാൻ ആണ് ഷെഫ്."
പിന്നാലെ ബാബു - "ഇന്ന് നോമ്പ് തുറക്ക് മണിയണ്ണൻ സ്പെഷ്യൽ ആണ്"
ഇരുപത്തിയഞ്ചോളം ആളുകൾ ഉണ്ട് മെസ്സിൽ നോമ്പ് എടുക്കുന്നവർ. അവർക്ക് വേണ്ടി ആണ് 3 മണിക്ക് തന്നെ ഭക്ഷണം ഉണ്ടാക്കുന്നത്. സാധാരണ ഗതിയിൽ ഉച്ചക്ക് ഇറങ്ങുന്ന ദിവസം ഞാൻ ഊണ് കഴിക്കാൻ വരുമ്പോൾ ആരും ഉണ്ടാവില്ല.

ഞാൻ എനിക്കുള്ളത് എടുത്ത് മേശപ്പുറത്ത് വച്ച് കഴിക്കാൻ ഇരുന്നു, മുന്നിൽ മണിയണ്ണൻ ഫുൾ ഫോമിൽ ആയി കഴിഞ്ഞു അപ്പോളേക്കും... "ഇഞ്ചി ചതച്ച് എടുക്കു, വെളുത്തുള്ളി തൊലിച്ച് നുരുനുരാ അരിഞ്ഞു വച്ചത് എവിടെ? ചിക്കൻ ആദ്യം ഒന്നു നന്നായി വേവിച്ച് എടുത്തോളൂ..." അങ്ങനെ പല പല ഓർഡറുകൾ. ബാബു കിച്ചണിൽ പറക്കുന്നു. ആരാ ശരിക്കും മെസ്സ് മുതലാളി എന്ന് സംശയം തോന്നി പോകും.

തകൃതിയായി പാചകം നടക്കുന്നതിന് ഇടയിൽ മണിയണ്ണൻ കുറച്ച് നേരം എന്തോ ആലോചിച്ചിട്ട് എന്ന പോലെ ആരോടും എന്നല്ലാതെ പറഞ്ഞു "ചേച്ചിക്ക് ഒരുപാട് ഇഷ്ടമാണ്, അങ്ങനെ ആണ് ഞാൻ ഇത് ആദ്യമായി ഉണ്ടാക്കാൻ പഠിക്കുന്നത്." 
വീണ്ടും കമൻ്റുകൾ... "പാകം ആയിട്ട് ചിക്കൻ ഒക്കെ എല്ലിൽ നിന്ന് വിട്ടു വരണം, അതാണ് ഇതിൻ്റെ ഹൈലൈറ്റ്..."

അതിനിടയിൽ കുശല പ്രിയനായ ബാബു "എന്നട്ട് ചേച്ചിക്ക് ഇപ്പയും ഇണ്ടാക്കി കൊടുക്കാറുണ്ടോ? ചേച്ചി ഒക്കെ ഇപ്പോ ഏടയ? ഈട തന്നാണോ?"

മണിയണ്ണൻ - "പണ്ട് എൻ്റെ ഒരു കൂട്ടുകാരൻ്റെ വീട്ടിൽ ഇഫ്താറിന് പോയപ്പോഴാ ഇത് ആദ്യമായി കഴിക്കുന്നത്, അന്നു കുറച്ച് വീട്ടിലേക്കും തന്നു വിട്ടു. അങ്ങനെയാ ചേച്ചി ഇത് കഴിക്കുന്നത്. പിന്നെ ചേച്ചിക്ക് ഒത്തിരി ഇഷ്ടം ആയോണ്ട് ഞാൻ കൂട്ടുകാരൻ്റെ വീട്ടിൽ പോയി അവൻ്റെ ഉമ്മായോട് ചോദിച്ച് പഠിച്ച് വീട്ടിൽ ചെന്ന് ഉണ്ടാക്കി കൊടുത്തു.
ഇപ്പൊ ചേച്ചി പോയിട്ട് കുറച്ച് ആയി."

ബാബു - "മണിയണ്ണാ ഞാൻ വെറുതെ.."

മണിയണ്ണൻ തുടർന്നു, "അമ്മക്കും ഞാൻ തന്നെ ആണ് പഠിപ്പിച്ച് കൊടുത്തത്. അമ്മക്കും ഇഷ്ടായിരുന്നു. 
ബാബു - "അമ്മ..."

മണിയണ്ണൻ - "ഇപ്പൊ അമ്മയും ഇല്ല. 2 ചേച്ചിമാർ ആണ് എനിക്ക്. എല്ലാരും കൂടി എൻ്റെ വൈഫിൻറെ വീട്ടിലേക്ക് പോയത് ആയിരുന്നു. ചെറിയ ഒരു ചുരം കടന്ന് വേണം പോകാൻ, അവിടെ എത്തിയപ്പോഴേക്കും നല്ല മഴ ഉറച്ചിരുന്നു. അതുകൊണ്ട് തന്നെ അഛൻ വളരെ ശ്രദ്ധിച്ച് ആണ് വണ്ടി ഓടിച്ചത്, പക്ഷേ മുകളിലെ റോഡിൽ നിന്നും വന്ന ഒരു മിനി ബസ്സ് മഴയത്ത് സ്‌കിഡ് ആയി താഴേക്ക് മറിഞ്ഞു, നമ്മുടെ കാറിൻ്റെ മുകളിൽ ആണ് അത് വീണത്. ഒരു ചേച്ചിയെ മാത്രമാണ് ജീവനോടെ അവിടുന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിഞ്ഞത്, പക്ഷേ അവളും 12 ദിവസം ഐസിയുവിൽ കിടന്ന ശേഷം പോയി.

ബാബു - "അയ്യോ..."
മണിയണ്ണൻ - "ഇപ്പൊ രണ്ടാളുടേം മക്കൾ ഉണ്ട്. പിന്നെ ഞാൻ ഇതുപോലെ ഇടക്ക് ഇഫ്താറിന് ആർക്കെങ്കിലും ഒക്കെ ഉണ്ടാക്കി കൊടുക്കും."

മെസ്സിൽ മൂഡ് ആകെ മാറി. എല്ലാം കേട്ടിരുന്ന ഞാൻ എന്ത് പറയണം എന്ന് അറിയാതെ ഇരുന്നപ്പോൾ, ബാബു പക്ഷേ ടോപ്പിക്ക് മാറ്റാൻ വേറെ എന്തൊക്കെയോ പറഞ്ഞു തുടങ്ങി...

ചേച്ചിയോട് ഇപ്പോഴും ഉള്ള സ്നേഹത്തിൻ്റെ ഒരു അംശം നമുക്കും "മണിയണ്ണൻ സ്പെഷ്യൽ"ൻ്റെ രൂപത്തിൽ വച്ചു വിളമ്പി തന്നിട്ട് എന്നും കാണുന്ന മണിയണ്ണനെ പോലെ നിറഞ്ഞ ചിരിയുമായി പുള്ളി റൂമിലേക്ക് പോയി.

Saturday, 27 February 2021

ചെറുപുഞ്ചിരികൾ


ഞാൻ കണ്ട ഏറ്റവും സന്തോഷകരമായ കാഴ്ചകളിൽ ഒന്ന്...

2017 വേനൽ തുടങ്ങുന്നതേ ഒള്ളു. അന്ന് ഞാൻ ദുബായിൽ ഒരു ഫയർ ആൻഡ് സേഫ്റ്റി കമ്പനിക്ക് വേണ്ടി ജോലി നോക്കുന്നു. സമയം വൈകുന്നേരം 5 മണിയോട് അടുത്തിരുന്നു. ഞങ്ങൾ (ഞാനും എൻ്റെ ടീമും) റാഷിദിയ മെട്രോ സ്റ്റേഷൻ വിപുലീകരണത്തിൻ്റെ ഭാഗമായി വന്ന ഒരു വർക്ക് ചെയ്തശേഷം മെട്രോ സ്റ്റേഷന് വെളിയിൽ ഞങ്ങളുടെ വാൻ വരാനായി കാത്ത് നിൽക്കുകയാണ്. സ്റ്റേഷന് എതിർവശം ഒരു ചെറിയ ഷോപ്പിംഗ് സെൻ്റർ ആണ്. 8-10 കടകൾ ഉണ്ട്. ഞാൻ അതിൽ ഒന്നിൽ കയറി ഞങ്ങൾക്ക് കുടിക്കാൻ ജ്യൂസും, കുറച്ചു മിൻ്റ് കാൻഡീസും വാങ്ങി. വാൻ വരുമ്പോൾ അവിടെ നിന്നാൽ കാണാം. 

അങ്ങനെ ജ്യൂസ് കുടിച്ച് നിക്കുമ്പോൾ ആണ് അതേ മെട്രോ സ്റ്റേഷനിൽ ലേബർ പണിക്ക് നിന്നിരുന്ന ഒരു കൂട്ടം ഭായിമാർ അങ്ങോട്ടേക്ക് വന്നത്. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, നേപാൾ ന്നും വന്നവരാണ് ഭൂരിഭാഗവും. അവർ നല്ല ആവേശത്തിൽ ആയിരുന്നു. ഒട്ടും മടിച്ച് നിൽക്കാതെ അവർ തൊട്ട് അടുത്തുള്ള കെ.എഫ്.സി കടയിലേക്ക് കയറി. അതു കണ്ട് ഞാൻ ഒന്ന് ആശ്ചര്യപ്പെട്ടു... സാധാരണ ഗതിയിൽ വിശന്നു തളർന്നാൽ പോലും പുറത്ത് നിന്ന് ഒന്നും വാങ്ങി കഴിക്കാതെ, കിട്ടുന്ന തുച്ഛമായ ശമ്പളം മുഴുവൻ മിച്ചം വച്ച് നാട്ടിലേക്ക്, കുടുംബങ്ങൾക്ക് അയച്ചു കൊടുക്കുന്നവർ ആണ് അവരൊക്കെയും.

ഞാനും, എൻ്റെ കൂടെ ഉണ്ടായിരുന്ന എൻജിനിയറും കൂടി ഒരു കൗതുകത്തിൻ്റെ പുറത്ത് കെ.എഫ്.സി യുടെ മുന്നിൽ ചെന്ന് അവർ എന്തു വാങ്ങുന്നു എന്ന് നോക്കി. അവർ ഒരു ബക്കറ്റ് ചിക്കെൻ ഫ്രൈ, ഒരു ബോക്സ് ചിക്കെൻ പോപ്കോണും വാങ്ങി. ചിലർ മൊബൈൽ ഒക്കെ എടുത്ത് നോക്കുന്നുണ്ട്. എല്ലാർക്കും ലോക ജനതയെ ഒന്നടങ്കം സന്തോഷത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്ന "സാലറി ഇസ് ക്രെഡിറ്റഡ്." എന്ന മെസ്സേജ് വന്നു എന്ന് തോന്നുന്നു. കൂടെ പെരുന്നാള് വരുന്നൊണ്ട് ബോണസും കിട്ടി കാണും. എന്തായാലും എല്ലാരുടെയും മുഖത്തെ സന്തോഷം എനിക്ക് വർണ്ണിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

എല്ലാം ഒബ്‌സർവ് ചെയ്യുന്ന കൂട്ടത്തിൽ ആയിരുന്ന ഞാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചു... അവർ കടയിൽ കയറി ഓർഡർ കൊടുത്തു സാധനം വാങ്ങി ഇറങ്ങാൻ, ഇംഗ്ലീഷ് അറിയാതിരുന്നിട്ടും, നമ്മൾ എടുക്കുന്ന സമയത്തിൻ്റെ പകുതി പോലും എടുത്തില്ല, പിന്നെ അവർ അതിന് വേണ്ട കൃത്യം കാശ് കയ്യിൽ കരുതി വച്ചിരുന്നു. നമ്മൾ ഒക്കെ നിസ്സാരം പോലെ കണ്ടിരുന്ന ഒരു ബ്‌ക്കറ്റ് കെ.എഫ്.സി വാങ്ങാൻ അവർ എത്ര നാൾ പ്ലാൻ ചെയ്തു കാണും എന്ന് മനസ്സിൽ ഓർത്തുപോയി.

അപ്പോളേക്കും അവർ വാങ്ങിയ കെ.എഫ്.സി പുറത്തേക്ക് കൊണ്ട് വന്ന് ബാക്കി എല്ലാരുംകൂടി പങ്കിട്ടു കഴിക്കാൻ തുടങ്ങി. അവരുടെ മുഖത്തെ സന്തോഷം... കണ്ടു നിന്ന ഞങ്ങളുടെ മുഖത്തും ചെറുപുഞ്ചിരികൾ വിടർന്നു.

4 വർഷം ആയിട്ടും മനസ്സിൽ നിന്നും മായാതെ ആ കാഴ്ച അങ്ങനെ തന്നെ കിടക്കുന്നത് അവർ അന്ന് അനുഭവിച്ച സന്തോഷത്തിൽ കുറച്ച് എനിക്കും കിട്ടിയത് കൊണ്ട് ആവണം.