Saturday, 22 June 2013

ദുഃഖം (Dukham - Sadness)

ദുഃഖം

 


മരണത്തിലും ശാശ്വതമായി
മറ്റൊന്നുണ്ട് പാരിൽ...

പെയ്തു തോർന്ന മഴയിലും,
മഴ തരാത്ത മേഘങ്ങളിലും,
വിലക്കപ്പെട്ട ഖനിയിലും,
ആരാലും കാണാതെ ഒളിഞ്ഞിരുന്ന ദുഃഖം !

മായയിലും മിഥ്യയിലും കടന്നു ചെല്ലും,
പ്രകാശവും തമസ്സും തടസ്സമല്ലാതെ,
വേർപാടിലും വേർപിരിയലിലും
മൂന്നാമനായി നിലയുറക്കും.

തകർന്ന പ്രതിജ്ഞകളിലും അജയ്യനായി,
വാക്കിൻറെ മുറിവിലും,
നോക്കിൻറെ മൂർച്ചയിലും,
വന്നു വേദനിപ്പിച്ചു പോകും.

ജാതിമതഭേദമന്യേ രാജ്യവും, രാജാവും -
മനുഷ്യരും, മൃഗങ്ങളും,
ഒരുപോലെ കൊണ്ടാടുന്ന ആഘോഷം -
ഭൂതവും ഭാവിയും  വർത്തമാനകാലത്തും
മരണത്തോടു കിടപിടിച്ച ദുഃഖം.

Tuesday, 26 February 2013

ലോണ്ട ജങ്ങ്ഷന്‍ പാര്‍ട്ട് - 2 (LONDA Jn. Part - 2)

ലോണ്ട ജങ്ങ്ഷന്‍

പട്ടികളെ കണ്ടു പേടിച്ചിട്ടല്ല പക്ഷെ കൂടെ വന്നവരെ ആരെയും കാണാത്തോണ്ട് തിരിച്ചു സ്റ്റേഷനില്‍ കേറി ചെന്ന് നോക്കുമ്പോള്‍ അവടെ എന്തോ കശപിശ!

സ്ടുടെന്റ്സ് കണ്‍സെഷനില്‍ യാത്ര ചെയ്ത പലര്‍ക്കും ഐ.ഡി കാര്‍ഡ്‌ ഇല്ലായിര്‍ന്നു, അഥവാ ഉണ്ടെങ്കില്‍ അതൊക്കെ കീറിപ്പറിഞ്ഞു പേര് പോലും വായിക്കാന്‍ പറ്റാത്തതും. ഒടുവില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മുറി കന്നടയിലും ഒക്കെ സംസാരിച്ചു സംസാരിച്ചു 2500 രൂപയില്‍ കിടന്ന ഫൈന്‍ 4500 രൂപയില്‍ എത്തിച്ചു അതും അടച്ചു യാത്ര തുടരാന്‍ ധാരണയായി. ഫൈന്‍ അടച്ച സന്തോഷത്തില്‍ റെയില്‍വേ അതികൃതര്‍ ഒരു സന്തോഷ-വാര്‍ത്ത കൂടി തന്നു - കാലത്ത് പത്തിനുള്ള ട്രെയിന്‍ സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി, അടുത്ത ട്രെയിന്‍ ഈ പട്ടിക്കാട് വഴി വരണത് രാത്രി 2 മണിക്ക് ആയിരിക്കും എന്ന്. പടപേടിച്ച്‌ പന്തളത്ത് ചെന്നപ്പോ അവിടെ പന്തളം സുധാകരന്റെ പ്രസംഗം എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍.

ഇനി ഇവിടെ നിന്നിട്ട് വലിയ കാര്യമൊന്നും ഇല്ല. നമ്മുക്ക് മറ്റു വല്ല വഴിയും ആലോചിക്കാം എന്ന് പറഞ്ഞു എല്ലാരും പുറത്തേക്കു ഇറങ്ങി. ടാക്സി വിളിച്ചു പോകാന്‍ ആണെങ്ങില്‍ എല്ലാര്ക്കും കൂടി ഒരു 8-10 ടാക്സി വിളിക്കേണ്ടി വരും. ഒന്നാമതേ ഫൈന്‍ അടച്ചു 10-12 ഫുള്‍ എടുക്കാനുള്ള കാശു കളഞ്ഞു. ഇനി അധിക-ചെലവ് വേണ്ടെന്നു നിശ്ചയിച്ചു നടന്നപ്പോള്‍ ഒരു കാര്യം ഞങ്ങള്‍ക്ക് മനസിലായി. ടാക്സി വിളിച്ചു പോകാന്‍ ആണെങ്ങ്കില്‍ തന്നെ ട്രിപ്പ്‌ അടിക്കേണ്ടി വരും, 10 തവണ. കാരണം അവിടെ ഒരു ടാക്സിയെ ഒള്ളു, അതാണെങ്കിലോ ഒരു ടാക്സി അല്ല, ഒരു ജീപ്പ് സര്‍വീസ് ആണ്. അവിടുത്തെ ഏറ്റവും കാശുകാരന്റെ ഒരു സാധുര-സേവന-ഏര്‍പ്പാട്. പിന്നെ ഉള്ളത് ഒരു സാധാ ഓട്ടോയും 2 പെട്ടി ഓട്ടോകളും! അവരോടു ചോദിച്ചറിഞ്ഞു അടുത്ത ബസ്‌ സ്റ്റാന്‍ണ്ട് ഒരു കിലോമീറ്റെര്‍ അകലെയാണ്. അവര്‍ക്ക് കോള് ഒത്തു. പെട്ടിയും തൂക്കി നടക്കാന്‍ വയ്യാത്ത സാധു ജനങ്ങളെ വണ്ടികളില്‍ കയറ്റി വിട്ടിട്ടു ആരോഗ്യശ്രീമാന്‍മാരായ ഞങ്ങള്‍ അത് നടന്നു താണ്ടുവാന്‍ തീരുമാനിച്ചു. കാഴ്ചകളും കാണാല്ലോ.

അവിടുത്തെ മെയിന്‍ റോഡ്‌ വഴി വേണം ബസ്‌ സ്റ്റാണ്ടിലേക്ക് പോകാന്‍. ആ വഴി നടന്നപോള്‍ കണ്ടു, ഇതൊരു ഓണം കേറാ മൂലയാനെന്നു ! ആകെ 3 കടകള്‍. ഭാഗ്യം അതില്‍ ഒരു കടയില്‍ എയര്‍ടെല്‍ ബോര്‍ഡ്‌ വച്ചിട്ടുണ്ട്. പിന്നെ മുമ്പ് പറഞ്ഞ ആ ഹോട്ടല്‍. പിന്നെ ഒരു സ്കൂള്‍, 4 വരെ മാത്രേ ഒള്ളു. ഒരു ഫോറെസ്റ്റ് ഓഫീസേര്‍സ് ബംഗ്ലാവ്, ലോണ്ട ടൌണ്‍ തീര്‍ന്നു !

ട്രെയിന്‍ ഇറങ്ങിയപോള്‍ കര്‍ണാടക സിഗ്നല്‍ ആണ് കാണിച്ചതെങ്കില്‍, നടന്നു നടന്നു ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയിപോള്‍ കാണിച്ചു "വെല്‍കം റ്റു മഹാരാഷ്ട്ര" .

ആരെങ്കിലും ഗോവയില്‍ പോയി ബസ്‌ വിളിച്ചോണ്ട് വന്നാലെ ഒള്ളു. സര്‍വീസ് ഇവിടെ ദിവസം 3-4 എണ്ണമേ ഒള്ളു. കൂട്ടത്തില്‍ മുതിര്‍ന്ന ഒരു ഹരി ചേട്ടന്‍ ആ മിഷന്‍ ഏറ്റെടുത്തു, ഒരു മലംച്ചരക്ക് കൊണ്ട് പോണ ജീപ്പില്‍ കേറി സ്ഥലം വിട്ടു. ഗോവയില്‍ എത്താന്‍ കുറഞ്ഞത് ഒന്നര മണിക്കൂര്‍, അവിടെ ചെന്ന് ബസ്‌ അറേഞ്ച് ചെയ്തു തിരിച്ചു എത്താന്‍ വീണ്ടും ഒരു രണ്ടു മണിക്കൂര്‍. മൂന്നര മണിക്കൂര്‍ കിടക്കുന്നു ഇനിയും. റെയില്‍വേ കക്കൂസില്‍ പോകാന്‍ ധൈര്യമില്ലതവരും, പറ്റാത്തവരും സ്റ്റാന്‍ഡിലെ കടയില്‍ നിന്ന് വെള്ളം (മിനെരല്‍ വാട്ടര്‍ എന്ന് സ്ടിക്കെര്‍ ഒട്ടിച്ച കുപ്പികള്‍) വാങ്ങി കാട് കയറി. പ്രൈവസി വേണം എന്ന് വാശിയുള്ള ചിലര്‍  ബംഗ്ലാവിന്റെ വേലിയും ചാടി.

ചിലര്‍ ചീട്ടു കുത്തെടുത് കളി തുടങ്ങി. ബാക്കിയുള്ളവര്‍ ബോറടിച്ചു ബാഗുകളില്‍ തിന്നാന്‍ വല്ലോം ഉണ്ടോ എന്ന് തിരച്ചില്‍ തുടങ്ങി. നോക്കുമ്പോള്‍ അതാ ഒരുത്തന്‍റെ ബാഗില്‍ ഒരു ടെന്നീസ് ബോള്‍. ഗോവയില്‍ എറിപ്പന്തു കളിയ്ക്കാന്‍ കൊണ്ട് വന്നതാണ്. ഇതെങ്കില്‍ ഇത്, സമയം പോകുമല്ലോ എന്ന് കരുതി, നമ്മള്‍ 'ക്യാച്ച് ആന്‍ഡ്‌ ക്യാച്ച്' കളിയ്ക്കാന്‍ തീരുമാനിച്ചു. കളി തുടങ്ങി. ഒരു പത്തു മിനിറ്റ് അങ്ങോട്ട്‌ കഴിഞ്ഞതും, ചുറ്റും കുറച്ചു ജനം. കീരീടത്തില്‍ ലാലേട്ടന്‍ കീരിക്കാടനെ അടിച്ചു വീഴ്ത്തുന്നത് കാണാന്‍ വന്നു നിക്കുന്ന പോലെ ! ചുറ്റും കൂടി നിക്കുകയാണ് !

ഞാന്‍ അവരെ നോക്കി. സഹതാപ്പിക്കണോ, കരയണോ, ചിരിക്കണോ എന്ന അവസ്ഥയിലായി. വിംബ്ള്‍ടണില്‍ കളി നടക്കുമ്പോള്‍ റൊളക്സ് പരസ്യത്തില്‍ കാണിക്കുന്നത് പോലെ ആളുകള്‍ ബാളില്‍ തന്നെ നോക്കി തല അങ്ങോട്ട്‌ തിരിക്കുന്നു, പിന്നെ ഇതാ ഇങ്ങോട്ട് തിരിക്കുന്നു.. ബാളിന്റെ ഭ്രമണപദത്തില്‍ ആണ് അവരുടെ ശ്രദ്ധ മുഴുവനും. അവര്‍ ബാളും ഇങ്ങനൊരു കളിയും ഒക്കെ ആദ്യമായി കാണുകയാണ് എന്ന് എനിക്ക് തോന്നി. മറ്റു ചിലര്‍ അന്തംവിട്ടു കുന്തംവിഴുങ്ങി നിന്ന് ചീട്ടുകളി കാണുന്നു.. ഈ കോമെടി ഷോകള്‍ ഒക്കെ നടക്കുന്നതിനിടയില്‍ മൂന്നു-മൂന്നര മണിക്കൂര്‍, അല്ല അതിലും കൂടുതല്‍, പോയത് അറിഞ്ഞില്ല. വിശപ്പിന്റെ വിളി സഹിക്കവയ്യാതായപ്പോള്‍ ദൂരെ നിന്ന്  എന്തെന്നില്ലാത്ത ഒരു കടകട സബ്ദം കേള്‍ക്കുമാറായി, നമുക്ക് പോകാന്‍ ഒള്ള ബസ്സുകള്‍ എത്തി.

റോഡില്‍ ഇറങ്ങിയപ്പോള്‍ അടുത്ത മെസ്സേജ് വന്നു "വെല്‍ക്കം റ്റു ഗോവ"...
"ഹൊഹ്, ഇനി വെറും 2 മണിക്കൂര്‍, അത് കഴിഞ്ഞാല്‍ "ഗ്ഗോാാവ്വാാാാാ" എന്ന് എല്ലാരും ഒരേ സ്വരത്തില്‍ അലറി.

എങ്കിലും അത്ര പെട്ടെന്ന് നമ്മള്‍ക്ക് സ്വര്‍ഗ്ഗരാജ്യം തരില്ലെന്ന് ബോധ്യമായി.

ഹോണ്‍ ഒഴികെ മറ്റെല്ലാത്തിനും സൌണ്ട് ഉള്ള, തേര്‍ഡ് ഗിയറിനു മുകളില്‍ കേറാന്‍ കഴിയാത്ത ആ ബസ്സില്‍ നിരങ്ങി നിരങ്ങി ആയിരുന്നു യാത്ര. മണിക്കൂറില്‍ ഒരു വണ്ടിയെ മാത്രം വെച്ച് കണ്ടുമുട്ടുന്ന, വളവോ തിരിവോ ഇല്ലാത്ത സൂപ്പര്‍ ഹൈവേ, ഒരാള്‍ക് വേറെ ഏതു വണ്ടിയില്‍ ആണെങ്കിലും ആ 80 കിലോമീറ്റെര്‍ പോകാന്‍ ഒരു മണിക്കൂര്‍ മതിയാകും, എന്നിട്ടും ആ കട്ടപ്പുറത്ത് കണ്ടം ചെയ്യറായ ആ ബസ്സില്‍ 4 മണിക്കൂര്‍ എടുത്തു ഗോവ എത്താന്‍ ! അങ്ങനെ 2:30 നു തുടങ്ങിയ ആ യാത്ര 6:30 നു അവസാനിച്ചു.

ഇത്തവണ ഞങ്ങള്‍ (കലി തീര്‍ക്കാന്‍ എന്നാ മട്ടില്‍) ശെരിക്കും അലറി ... ഗ്ഗോാാാവ്വാാാാാാ !

Wednesday, 16 January 2013

ലോണ്ട - ജങ്ങ്ഷന്‍ പാര്‍ട്ട്‌ -1 (LONDA Jn. Part-1)

ലോണ്ട - ജങ്ങ്ഷന്‍ 

പൊതുവിവരത്തിന് : ഇത് തിരോന്തോരത്തുകാര് പറയുംപോലെ 'ലോണ്ടെ ആ കാണണ ജങ്ങ്ഷന്‍' അല്ല മറിച്ചു ഒരു സ്ഥലം ആണ്. ഒരു റെയില്‍വേ സ്റ്റേഷന്‍. (ഷോര്‍ണൂര്‍ ജങ്ങ്ഷന്‍ എന്നൊക്കെ പറയും പോലെ) ഒരു 4 കൊല്ലം മുമ്പ് വരെ ഇന്ത്യന്‍ ഭൂപടത്തില്‍ ഇല്ലാതിരുന്ന ഒരു സ്ഥലം. ഇന്ന് അത് ഗൂഗിള്‍ മാപ്സില്‍ വരെ കാണാം. അതിനു നന്ദി പറയേണ്ടത് ഒരു കൂട്ടം എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളോടും.

സമയം വെളുപ്പിനെ എഴുമണി, ഒരു ചിന്നം വിളിയോടെ അവര്‍ സഞ്ചരിച്ചിരുന്ന തീവണ്ടി നിന്നു. ഇത്ര വേഗം സ്ഥലം എത്തിയോ എന്നാ മട്ടില്‍ കുറച്ചു തലകള്‍ പൊങ്ങി തീവണ്ടിയുടെ ജനാല വഴി പുറത്തേക്കു നോക്കി. "ഇല്ലടാ ഇതേതോ ഗുദാം ആണ്. ലോണ്ട ജങ്ങ്ഷന്‍"....", സ്ഥലം എത്താന്‍ ഇനിയും കുറെ ഉണ്ടെന്നു തോന്നുന്നു" അതില്‍ പല തലകളും പറഞ്ഞു. തലകള്‍ താഴ്ന്നു, പുതപ്പിനടിയിലേക്കു കയറി.

അപ്പോഴേക്കും ആരോ കൂവി (കോഴി അല്ല) "ട്രെയിന്‍ ഇതുവരേ ഒള്ളു, ഇനി ഇവിടുന്നു മാറി കയറണം"
"മൈ ലൂ.. (പഞ്ചസാര പാട്ട് അല്ല) ഉറങ്ങാനും സമ്മതിക്കൂല" എന്നും പറഞ്ഞു കുറെ തലകള്‍ ഉയര്‍ന്നു. അവര്‍ ബാക്കിയുള്ളവരെ കുത്തിപ്പൊക്കി.

എല്ലാരും ട്രെയിനിനു പുറത്തിറങ്ങി, ഇനി ആരും ഉറങ്ങിപ്പോയി, ഇറങ്ങാന്‍ ഇല്ലെന്നു ഉറപ്പുവരുത്തി.
"എപ്പോഴാ മാറി കയറേണ്ട ട്രെയിന്‍ വരുന്നേ?" എവിടുന്നോ വീണ്ടും ചോദ്യം.
സംഘത്തിന്‍റെ മറ്റേ അറ്റത് നിന്ന് മറുപടി "അടുത്ത ട്രെയിന്‍ പത്തു മണിക്കാണെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു"
"ഓ അപ്പൊ ഒരു ചായ കുടിച്ചു കക്കൂസ്സില്‍ പോയേച്ചും വരാനുള്ള ടൈം ഉണ്ട്" - മറ്റൊരു കമന്‍റ് 
"കക്കൂസ്സില്‍ പോയില്ലെങ്കിലും വേണ്ടൂല, എനിക്ക് വല്ലോം തിന്നണം, ഒടുക്കത്തെ വിശപ്പ്!" - മറ്റൊരുത്തന്‍

അവര്‍ പതുക്കെ പ്ലാറ്റ്ഫോറത്തിലൂടെ നടക്കാന്‍ തുടങ്ങി. ഒരു കൂട്ടം കാന്‍റീനിലേക്ക്, മറ്റൊരു കൂട്ടം കക്കൂസ് തേടി, വൃത്തിയും വെടിപ്പും ഉള്ള ചിലര്‍ ബ്രഷും എടുത്ത് അടുത്തുള്ള ടാപ്പിന്റെ ചുവട്ടിലെക്കും. 3 മണിക്കൂര്‍ ഉണ്ടല്ലോ കളയാന്‍, അടുത്ത ട്രെയിന്‍ വരുന്നത് വരെ.

ഞാന്‍ പോയത് "കോഫീ ഷോപ്പ്" എന്ന് ബോര്‍ഡ്‌ വച്ച ഒരു കടയിലേക്ക്. അവിടെ ചെന്ന് കോഫീ ഉണ്ടോ എന്ന് ചോദിച്ചപോള്‍ "നഹീ" എന്ന് മറുപടി കിട്ടി. ജീവിതത്തില്‍ അന്ന് ആദ്യമായി കോഫി ഇല്ലാത്ത കോഫീ ഷോപ്പ് ഞാന്‍ കണ്ടു. ഖാന എന്നും പറഞ്ഞപോള്‍ ബണ്‍ എന്ന് മറുപടി. എല്ലാം ഒറ്റവാക്കില്‍ . ബണ്‍ എങ്കില്‍ ബണ്‍ എന്ന് വെച്ച് അതിലേക്കു നോക്കിയാ ഞാന്‍ ഞെട്ടി. 4 കളറില്‍ ഏതാനും ബണ്ണുകള്‍ , ഒരു ബണ്‍ - ഏറ്റവും  താഴെ കറുപ്പ് നിറം (എന്തുകൊണ്ടെന്ന് ചോദിക്കരുത്) അതിനു മുകളില്‍ കുറച്ച് ഭാഗം ബണ്ണിന്‍റെ യഥാര്‍ത്ഥ നിറം. അതിനു മുകളില്‍ പൂത്തു പൂത്തു ഒരു അത്തപ്പൂക്കളം പോലെ പച്ച നിറം, ആ പച്ചയുടെ മുകളില്‍ അത്തത്തിനു നടുവില്‍ ഉള്ള മുത്തപ്പനെ പോലെ പൂപ്പല്‍ പോലും ചത്ത്‌ ഗ്രേ കളറില്‍ ഇരിക്കുന്നു! കണ്ടമാത്രയില്‍ തന്നെ നീട്ടി ഒരു വാള്‍ വെക്കാന്‍ മനസ്സ് പറഞ്ഞെങ്കിലും കാലി വയര്‍ അതിനു അനുവദിച്ചില്ല! കേരളത്തില്‍ ആയിരുന്നെങ്ങില്‍ ഫുഡ്‌ പോയിസണിങ് എന്ന പേരില്‍ കട പൂട്ടിയേനെ.

എന്തായാലും ബണ്‍ വേണ്ടാന്ന് വെച്ച് ഞാന്‍ സ്റ്റേഷന് പുറത്തിറങ്ങി. അടുത്ത് നോക്കുമ്പോള്‍ തരക്കേടില്ലെന്ന് തോന്നിക്കുന്ന ഒരു ഹോട്ടല്‍, കേറി വീണ്ടും ചോദിച്ചു കോഫീ? നഹീ ഒണ്‍ലി ജ്യൂസ്‌ എന്ന് വീണ്ടും. (ഇന്നാട്ടുകാര്‍ക്കെന്താ കാപ്പി ഹറാം ആണോ? ഒരു നിമിഷം ചിന്തിച്ചു) ജ്യൂസ്‌ എങ്കില്‍ ജ്യൂസ്‌ എന്ന് പറഞ്ഞപ്പോള്‍ വീണ്ടും പെസ്പി ഓര്‍ സ്പിരിറ്റ്‌ എന്ന്. സ്പിരിറ്റ്‌ വേണ്ടാന്ന് വച്ച് ഞാന്‍ ഒരു പെപ്സിക്ക് പറഞ്ഞു. കൊണ്ട് വന്ന സാധനം കണ്ടു ഞാന്‍ ധ്രിതങ്കപ്പുളകിതനായിപ്പോയി ! ഞാന്‍ കരുതിയ പോലെ ആള്‍ക്ക് വിവരം ഇല്ലാത്തത് അല്ല, അത് പെപ്സിയും അല്ല. ഐറ്റം "പെസ്പി" തന്നെ. കുപ്പിയുടെ പുറത്തുള്ള പടത്തില്‍ "വിനോദ് ഖന്ന വിക്ടറി ചിന്നവുമായി ഇളിക്കുന്നു" എമോട്ടിക്കോണ്‍ ഭാഷയില്‍ പറഞ്ഞാല്‍ മുഖം " :O " എന്ന് ആയിപ്പോയി.
പിന്നെ അറ്റകൈക്ക്കത്രിന കൈഫ്‌'ന്റെ പടം കണ്ട എന്തോ ഒന്ന് വാങ്ങി കുടിച്ചു ദാഹം അടക്കി. കത്രിന കൈഫ്‌ വന്നിട്ട് അന്ന് 3-4 കൊല്ലം ആകുന്നെ ഒള്ളു അപ്പോള്‍ മാക്സിമം അത്രെയും പഴക്കമെ അതിനുണ്ടാകു എന്നാ ആശ്വാസത്തില്‍ !

തുടര്‍ന്ന് സ്റ്റേഷന്‍ പരിസരത്ത് നിന്നും പുറത്തേക്കു ഇറങ്ങി. മനോഹരമായ ഒരു നാട്. റെയില്‍വേ പാളo രണ്ടായി ഭാഗിച്ചു പോകുന്നു. ഒരു വശത്ത് നോക്കെത്താദൂരത്തോളം പാടങ്ങള്‍, എങ്ങും പച്ച. ഇപ്പുറത്ത് മുഴുവന്‍ കാട്. അതിലൂടെ ഒരു റോഡ്‌, റോഡില്‍ കുറെ പട്ടികളും തീര്‍ന്നു! "ഇതേതു ഗുദാം? എന്തായാലും കാണാന്‍ കൊള്ളാം! മനുഷ്യന്മാരില്ലേ ഈ നാട്ടില്‍........?"

(റ്റു ബീ കണ്ടിന്യൂട് ഇന്‍... പാര്‍ട്ട്‌ 2)

Sunday, 13 January 2013

Guardian Angel - Sonnet

(My first attempt at writing a Sonnet. For she, who woke me up from my slumber n made me take up poems)



On a distance I saw lily whites,
Nearer I found you in bright.
Guided me away from blight,
Like a lamb I followed the light.

In sadness I will dissolve,
Only to be precipitated by your Love.
Once I had a God,
Now I have her smile.

Extricate me from the pain of longing,
Across the prostration I swam,
To reach the far away horizon.

The wistfulness for your care
Carrying me through the apoplexy,
There I saw the shore of comfort in you.

Friday, 4 January 2013

Sadness of the Earth - ധരിത്രിയുടെ വിലാപം

ധരിത്രിയുടെ വിലാപം 

(ഭൂമിയും ഭൂമിദേവിയും കരയും 
നശിപ്പിക്കപ്പെട്ട ഓരോ ജീവനും കണ്ട്...)



വെണ്‍മേഘ പുലരിയിലെങ്ങൊ 
ചിന്നിപ്പോയൊരു കിനാവുമേറി 
നടന്നകന്നൊരു യാത്രിക.

ഓരോ ചുവടിലും ദുഃഖഭാരം കൂടി,
പിന്നോട്ട് വലിച്ചപ്പോഴും തളര്‍ന്നില്ല.
ധരിത്രിയുടെ കണ്ണുനീര്‍, മഴയായി 
അവളെ തഴുകി, സ്നേഹസ്പര്‍ശത്താല്‍.

അരുണനും ലജ്ജിച്ചു തലതാഴ്ത്തി,
അമര്‍ഷത്താല്‍ പവനനും മേഘവും 
ഏറ്റുമുട്ടി.
ഇടിമിന്നലുകളുടെ അകമ്പടിയോടെ 
കൊടുമ്പിരികൊണ്ട കലഹം.

പെണ്‍കൊടിയുടെ മരണവും,
ചേതനയറ്റ കണ്ണുകളും,
ആത്മാവ് വെടിഞ്ഞ ജീവനും,
മൂളലുകള്‍ മാത്രം ബാക്കിവച്ചു.

ആളിക്കത്തിയ കോപം വിലാപത്തിന് വഴിമാറി.

Monday, 3 December 2012

ഗേള്‍ ഫ്രെണ്ട് (പാര്‍ട്ട്‌ 2)

ഗേള്‍ ഫ്രെണ്ട് (പാര്‍ട്ട്‌ 2)

* കൃത്യം ഒരു കൊല്ലത്തിനു ശേഷം*
ലവന്‍ ആ ഫ്ലാഷ് ബാക്കില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു, ആരോ എന്തോ ചോദിച്ചപ്പോള്‍. "അളിയാ നീ ഇപ്പോഴേ പൂസായോ?, അടുത്തത് ഒഴിക്കണ്ടേ?"...
"ഞാന്‍ കുറച്ചു പഴയ കാര്യങ്ങള്‍ ആലോചിച്ചു ഇരുന്നു പോയതാ.. നീ ഒഴി"

"അതല്ലെങ്കിലും അങ്ങനെയാണല്ലോ, നാലെണ്ണം അകത്തു ചെല്ലുംബോഴാ പലര്‍ക്കും ഫ്ലാഷ് ബാക്ക് ഉണ്ടാവുന്നത്.. നീ ഇത് കൂടി പിടിപ്പിച്ചിട്ട് ബാക്കി കണ്ടോ."
ലവന്‍ അടുത്തതും അടിച്ചു. എന്നിട്ട് ആലോചന തുടര്‍ന്നു..  അവളെ വിളിച്ചിട്ട് കുറെ നാള്‍ ആയിരിക്കുന്നു. നാളെ എങ്കിലും വിളിക്കണം. എപ്പൊ കെട്ട് മാറുമോ എന്തോ! (അവര്‍ ഇപ്പോള്‍ നല്ല സ്വരച്ചേര്‍ച്ചയില്‍ അല്ല)

 ബസ്‌  കുടുങ്ങി കുടുങ്ങി മല കയറി തുടങ്ങി. "അല്പം കൂടി വേഗത്തില്‍ പോ അണ്ണാ, മിക്സ്‌ ചെയ്യാതെയാ അടിച്ചേ. എല്ലാം വയറ്റില്‍ കിടന്നെങ്കിലും മിക്സ്‌ ആവട്ടെ" അവര്‍ വീണ്ടും ടൂറില്‍ ആണ്. ഇത്തവണ മൂന്നാറിലേക്ക്. കാപ്പി തോട്ടങ്ങള്‍ കണ്ടുകൊണ്ടു മല കയറിയപ്പോള്‍ ലവന്‍ ഓര്‍ത്തു കാപ്പി മിക്സ്‌ ചെയ്തു ഇതുവരെ താന്‍ അടിചിട്ടില്ലല്ലോ, ഇത്തവണ ആ കുറവ് ഒന്ന് നികത്തണം! നല്ല ഒന്നാംതരം ഫ്രെഷ് കോഫി വെച്ച് തന്നെ. തീരുമാനം എടുത്തു കഴിഞ്ഞു.

കോളേജില്‍ ലവന്‍ ഇപ്പോള്‍ അറിയപ്പെടുന്നൊരു കുടിയന്‍ ആണ്. കൊളോക്കിയലീ പറഞ്ഞാല്‍ ഒരു 'ടാങ്ക്'
"എം സി യും ഗ്ലാസും ഉണ്ടെങ്കില്‍ പിന്നെ മറ്റൊന്നും വേണ്ട, സോടയോ ഐസോ പോലും വേണ്ട" എന്നൊരു ചൊല്ല് വരെ ഉണ്ട് അവനെ കുറിച്ച്. അതില്‍ അവനു കുറെച്ചെങ്കിലും അഭിമാനം തോന്നിയിരുന്നു. വെറും ഒരു കൊല്ലത്തെ എക്സ്പീരിയെന്‍സ് മാത്രം ഉള്ള ഒരു കുടിയനെ സംബന്ധിച്ചിടത്തോളം അതൊരു ക്രെടിട്ടു തന്നെ അല്ലെ? അതായിരുന്നു അവന്‍റെയും ചിന്ത.


അവര്‍ മൂന്നാറെത്തി, രാവിലെ മുഴുവന്‍ സയിറ്റ് സീയിംഗ്, ബാര്‍ വിസിറ്റിംഗ്, തുടര്‍ന്നുള്ള ശയന-പ്രദിക്ഷണം, ഇത്യാദിമുധലായ കലാപരിപാടികളില്‍ ഏര്‍പ്പെട്ടു കഴിച്ചു കൂട്ടി. രാത്രി ഹോട്ടലില്‍ കയറുമ്പോള്‍ എല്ലാരുടെയും കയ്യില്‍ ഉണ്ടായിരുന്നു ഓരോ കുപ്പി എം സി . അത് പിന്നെ അങ്ങനെ ആണല്ലോ വേണ്ടത്. പയ്യന്മാര്‍ മാത്രം കോളേജ് ഓര്‍ഗനൈസ് ചെയ്തതല്ലാത്ത ടൂര്‍ പോകുമ്പോള്‍ അങ്ങനെ തന്നെ അല്ലേ വേണ്ടത് ?

അര കിലോ മിക്സ്റ്ററിനും 500 മില്ലി സോടക്കും ഒരു കുപ്പി എം.സി ക്കും ശേഷം അവന്‍ പെട്ടെന്ന് അവളെ വിളിച്ചു സംസാരിക്കണം എന്ന് തോന്നി. അതും അങ്ങനെയാണല്ലോ.. വെള്ളമടിച്ചു കഴിയുമ്പോള്‍ പ്രേമം മൂക്കും എന്നല്ലേ?

"ഹലോ, ഓര്‍മ്മയുണ്ടോ?"...
"ങ്ങും എന്താ ഇപ്പോള്‍ വിളിച്ചേ? കുറെ നാള്‍ ആയി നിനക്കല്ലേ ഓര്‍മയില്ലാത്തത് എന്നെ പറ്റി"
"അങ്ങനെ ഞാന്‍ മറക്കുമോ നിന്നെ, കുറച്ചു ബിസി ആയിപ്പോയി മോളെ, അതല്ലേ.."
"എന്താ പതിവില്ലാത്ത ഒരു സ്നേഹം? നീ വെള്ളമടിച്ചിട്ടുണ്ടോ?"
"നിനക്കറിയില്ലേ ഞാന്‍ വെള്ളമാടിക്കറില്ലെന്നു.. ഹഹഹ.." *സ്വയം പുച്ചിച്ചുകൊണ്ട് (കൂട്ടത്തില്‍ അവളെയും) അവന്‍ ചിരിച്ചു.. നിര്‍ത്താതെ.
"നീ ഇപ്പോള്‍ ഒരു മുഴു കുടിയന്‍ ആയി മാറി അല്ലെ?"
"എന്റെ കണ്ട്രോള്‍ ഇതുവരെ പോയിട്ടില്ല മോളെ. ഏതറ്റം വരെ പോകും എന്നും നിനക്ക് അറിയണ്ടേ, അതിനല്ലേ ഞാന്‍ ഇങ്ങനെ കുടിച്ചു തിമിര്‍ക്കുന്നത്."
"എടാ ..."
"മിണ്ടാണ്ടിരിയെടീ, ആഹാ വെള്ളമടിച്ചിട്ട് കോപം ആദ്യമായാണല്ലോ, ഇന്ന് ചെലപ്പോ കണ്ട്രോള്‍ പോകുമായിരിക്കും.. ഹഹഹ..." *നിര്‍ത്താതെയുള്ള ചിരി വീണ്ടും*
"ഇതെല്ലം ഞാന്‍ കാരണം ആണെന്നാണോ നീ പറഞ്ഞു വരുന്നേ? (മലയാള ഭാഷയില്‍ കാപ്സ്-ലോക്ക് ഉണ്ടായിരുന്നെങ്കില്‍ ഇവിടെ അത് ചേര്‍ക്കാമായിരുന്നു!)
ഞാന്‍ നിന്നോട് ജീവിതം എന്ജോയ്‌ ചെയ്യാനേ പറഞ്ഞോളു, ഒരു മുഴു കുടിയന്‍ ആവാന്‍ പറഞ്ഞില്ല! നിനക്ക് ഇക്കാര്യത്തില്‍ പക്ഷെ കണ്ട്രോള്‍ ഇല്ലാതെ പോയല്ലോടാ"
"അതല്ലേ നിനക്കും കാണേണ്ടിയിരുന്നത്, ഇപ്പോള്‍ നിനക്ക് സന്തോഷം തോന്നുന്നില്ലേ?"

 @#%#$&%^*&^%%#@$
#%@^&$*%$$#$@%!

പിന്നെയും ആ തര്‍ക്കം കുറെ നീണ്ടു പോയി.

ഒടുവില്‍ അവള്‍ "ഇങ്ങനെ പോയാല്‍ ശെരിയാവില്ല, നമുക്ക് ഈ റിലേഷന്‍ അവസാനിപ്പിക്കാം!"
"അപ്പോള്‍ നിനക്ക് കണ്ട്രോള്‍ ഇല്ലാത്ത എന്നെ കാണണ്ടേ?"
"വേണ്ട, നിന്നെ എനിക്ക് കാണുകയേ വേണ്ട!"
"മനസ്സില്‍ കുറ്റബോധം തോന്നുമ്പോള്‍ ചെയ്യുന്നതൊക്കെയും മണ്ടത്തരം ആയിരിക്കും! അങ്ങനെ അല്ലല്ലോ..ഏ.. ടയലോഗ്  തെറ്റിയോ?
(വീണ്ടും) ഹഹഹ "
"എനിക്കെന്തിനു കുറ്റബോധം? നീ സ്വയം തുലയാന്‍ തുനിഞ്ഞു ഇറങ്ങിയതില്‍?"
"അത് ശെരിയാ പെണ്ണുങ്ങള്‍ പറയുന്നതും ചെയ്യുന്നതും ആണല്ലോ എന്നും ശെരി. അതുകൊണ്ട് അവര്‍ക്ക് കുറ്റബോധം ഒരിക്കലും തോന്നെണ്ടതില്ലല്ലോ! എന്നാലും ഒന്ന് ചോദിച്ചോട്ടെ, നിനക്ക് ഇതില്‍ ചെറിയൊരു പങ്ക് എങ്കിലും ഇല്ലേ? ഉണ്ടെന്നു ഞാന്‍ പറഞ്ഞാല്‍ നീ അത് നിഷേധിക്കുമോ?"

*ക്ലിക്ക്*

 പിന്നീടൊരിക്കലും ആ നമ്പര്‍ ചലിച്ചിട്ടില്ല. ഇന്ന് ആ നമ്പര്‍ നിലവിലുണ്ടോ എന്നും അവനു അറിയില്ല.
 

Saturday, 1 December 2012

ഗേള്‍ ഫ്രെണ്ട് (പാര്‍ട്ട്‌ - 1)

ഗേള്‍ ഫ്രെണ്ട് (പാര്‍ട്ട്‌ - 1)

ദിസ്ക്ലയ്മാര്‍: ഇത് ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ കഥ. ജീവിച്ചിരിക്കുന്നവരുമായി അല്ലാതെ മരിച്ചവരുമായി ഈ കഥയ്ക്ക് യാധൊരു സാമ്യവും ഇല്ല. സാമ്യം തോന്നിയാല്‍ ഒട്ടും യാദ്രിശ്ചികവും അല്ല.

ഒരു ഫ്ലാഷ് ബാക്ക് :
അഞ്ചാം സെമസ്റ്റെര്‍ ടൂറിന്റെ ഏഴാം ദിവസം അവര്‍ ഗോവയില്‍ എത്തി. നീണ്ട നാലു മണിക്കൂറത്തെ ബസ്‌ യാത്രക്ക് ശേഷം. (4 എങ്കിലും 14 എന്ന് തോന്നിപ്പോയി പലര്‍ക്കും ആ യാത്ര) തിരുവനന്തപുരത്തെ പേരുകേട്ട ഒരു എഞ്ചിനീയറിംഗ് കോളേജ് ഗ്രൂപ്പ് ആണ്. മെക്കാനിക്കല്‍ വിഭാഗം പഠിക്കുന്നവര്‍. അവരാണല്ലോ പൊതുവേ ഗോവയില്‍ പോകാന്‍ തിടുക്കം കൂട്ടുന്നവര്‍. കൊള്‍വ ബീച്ച് റിസോര്‍ട്ടില്‍ എത്തി അവരവരുടെ റൂമുകളില്‍ കയറി. "വൈകിട്ടെന്താ പരിപാടി?" എന്ന ലാലേട്ടന്റെ ചോദ്യം ആണ് എല്ലാരുടെയും മനസ്സില്‍ തത്തി കളിക്കുന്നത്.

റൂമില്‍ കയറി മൊബൈല്‍ സ്വിച്ച് ഓണ്‍ ചെയ്തു നോക്കിയ ................. (ശൊഹ് ശെരിക്കും പേര് പറയാനും പറ്റില്ല, എന്ത് പേരിടും എന്ന് ഒരു ഊഹവും ഇല്ല, തല്‍ക്കാലം അവനെ നമുക്ക് ലവന്‍ എന്നു വിളിക്കാം ) ..... ലവന്‍ ഞെട്ടി. 16 മിസ്സ്ഡ് കാള്‍, 3 മെസ്സേജ് എല്ലാം അവന്‍റെ അല്ല ലവന്‍റെ ഗേള്‍ ഫ്രണ്ട് തന്നെ. എന്തോ കലിപ്പുണ്ടല്ലോ... ചെന്നയില്‍ പഠിക്കുന്ന അവന്റെ ഗേള്‍ ഫ്രണ്ട് ഇങ്ങനെ വിളിക്കാന്‍ എന്ത് കാര്യം എന്ന് അറിയാന്‍ വേണ്ടി അവന്‍ തിരിച്ചു വിളിച്ചു.

"എന്താടാ ഇത്ര നേരമായും വിളിക്കാതെ? ഇന്നലെ ബാംഗ്ലൂരില്‍ നിന്ന് തിരിച്ച ശേഷം ഒരു മെസ്സേജ് പോലും ചെയ്തില്ലല്ലോ. എവിടെ പോയിരിക്കുകയിര്‍ന്നു ഇത്ര നേരം?" (ഇതെന്തു പൊല്ലാപ്പ്! ഒരു ഹലോ പോലും ഇല്ലേ? അവന്‍ ചിന്തിച്ചു, പക്ഷെ ചോദിച്ചില്ല)

"നീണ്ട യാത്ര ആയിരുന്നു, ഇടയ്ക്കു വെച്ച് വണ്ടി കേടായി, ഇപ്പോള്‍ എത്തിയേ ഒള്ളു. ഇതിനാണോ ഇത്രെയും വിളിച്ചേ?"

"വൈകിട്ടെന്താ പരിപാടി? വെള്ളടി ആണോ?"

"ഫ്രണ്ട്സ് അടിക്കുന്നുണ്ട്, നിനക്കറിയില്ലേ ഞാന്‍ അടിക്കില്ലെന്നു (അത് സത്യം ആയിരുന്നു, അന്നൊരു കാലത്ത്, ബാക്കി വഴിയെ പറയാം) അവര്‍ക്ക് കമ്പനി കൊടുക്കും, അത്രേ ഒള്ളു."

*മറുതലക്കല്‍ നിന്ന് എന്തോ പൂച്ചക്ക് മാന്ത് കിട്ടിയ പോലൊരു ഒച്ച*

"എന്താ? എന്താ ഒരു ശബ്ദം?"

"ഗോവയില്‍ എത്തിയിട്ടും നീ അടിക്കുന്നില്ലേ?" *പിന്നെയും അതെ ഒച്ച* "ഓ മൈ ഗോഡ്, നീയൊരു ആണ്‍ കുട്ടി ആണോ??? ടാറ്റൂ അടിക്കാന്‍ ഞാന്‍ പറഞ്ഞിട്ട് നീ കേട്ടില്ല, ചെവിയില്‍ കമ്മല്‍ ഇടാന്‍ പറഞ്ഞു നീ കേട്ടില്ല, ഇപ്പൊ ദേ ഗോവയില്‍ എത്തിയിട്ടും നീ വെള്ളമടിക്കുന്നില്ലെന്നു!"

"  ഇതൊക്കെ ചെയ്താലേ ആണ് ആകു? എന്‍റെ അറിവില്‍ അല്ല"

" അതല്ലടാ, ലൈഫില്‍ എന്തെങ്കിലും ഒക്കെ എന്ജോയ്മെന്റ്റ് വേണ്ടെടാ?"

" അതിനു എന്‍ജോയ് ചെയ്യുന്നില്ല എന്നാരു പറഞ്ഞു ? ഞാന്‍ ധാരാളം എന്ജോയ്‌ ചെയുന്നുണ്ടല്ലോ"

"അങ്ങനെ അല്ല, നീ എപ്പോളും നിന്റെ നിന്‍റെ കണ്ട്രോളിനകത്ത് ആണ് ജീവിക്കുന്നത്. അത് വിട്ടൊരു കളി ഇല്ല. അത് പോര. ഇടക്കൊക്കെ കണ്ട്രോള്‍ കളയണം, ടോട്ടലീ ഫ്രീ ആകണം.  അല്ലെങ്കില്‍ പിന്നെ എന്തിനു കൊള്ളാം?"

"അതിനു ഞാന്‍...."

"നീ ഇന്ന് ഒന്ന് പോയി അടിക്കു, എനിക്ക് വേണ്ടി, നിന്നെ കണ്ട്രോള്‍ ഇല്ലാതെ എനിക്കൊന്നു കാണണം, അത് പറ്റില്ലല്ലോ സംസാരിക്കണം. ഐ നോ ഇറ്റ്‌ വില്‍ ബി ഫണ്‍. ഞാന്‍ വരെ അടിച്ചിട്ടുണ്ടല്ലോ, പിന്നെന്ത നിനക്ക് പേടിയാണോ?"

"എനിക്കതിനു താല്പര്യം ഇല്ലാന്ന് പറഞ്ഞിട്ടില്ലേ, പിന്നെന്ത നിനക്ക് ഇത്ര നിര്‍ബന്ധം?"

"ചുമ്മാ, നിന്റെ കണ്ട്രോള്‍ എനിക്കൊന്നു അറിയാന്‍. നീ ഒരു ആണ് ആണെങ്കില്‍ ഇന്ന് അടിക്കും. നീ ഇനി അടിച്ചിട്ടേ എന്നോട് സംസാരിക്കുന്നൊള്ളൂ!" *ക്ലിക്ക്. നിശബ്ദധ*


ഒടുവില്‍ അടിക്കാന്‍ തന്നെ ലവന്‍ തീരുമാനിച്ചു. ബാര്‍ ലക്ഷ്യമാക്കി അവന്‍ നടന്നു. അവിടെ ചെന്നപ്പോള്‍ അതാ അവന്റെ ഉറ്റ ചങ്ങായിമാര്‍ രണ്ടുപേര്‍ ബിയറും വാങ്ങി മുന്നില്‍ വെച്ച് പകതി പൂസ് ആയിരിക്കുകയാണ്.  നേരത്തെ ചെക്കിന്‍ ചെയ്യാന്‍ നേരം മിസ്സിംഗ്‌ ആയിരുന്നവര്‍.  അവരുടെ അടുത്ത് പോയി ലവന്‍ ആവശ്യം അറിയിച്ചപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു.  ടൂറ് തെണ്ടിയുടെ ഒട്ട പോക്കെറ്റില്‍ കൈയ്യിട്ടു നോക്കിയപ്പോള്‍ കിട്ടിയത് 500ന്‍റെ ഒറ്റ നോട്ട് !
"ങ്ങാ, 3 ബിയര്‍നു ഇത് മതി, നീ തന്നെ ഓര്‍ഡര്‍ ചെയ്യ്, നീയും പടിക്ക്, ഉളുപ്പോന്നും വേണ്ട."
"ഭായ്, തീന്‍ കേ.എഫ്.സ്ട്രോങ്ങ്‌" മുഖം തിരിക്കാതെ അവരോട് "കൂള്‍ അല്ലെ?"... "ങ്ങൂം "

അങ്ങനെ ലവന്‍ അത് മുഴുവന്‍ ഒറ്റ വലിക്കു കുടിച്ചു തീര്‍ത്തു, നീട്ടി ഒരു ഏമ്പക്കവും വിട്ടു, ഒരു സദ്യ ഉണ്ടെണീറ്റ  പോലെ.
"നീ ആള് തരക്കേടില്ലല്ലോ" ഒരേ സ്വരത്തില്‍ അവര്‍ രണ്ടും സമ്മതിച്ചു. ലവന്‍ അത് ശേരിവെച്ചു നടന്നു നീങ്ങി.

അപ്പുറത്തുണ്ട് അടുത്ത ബാര്‍, ലവന്‍ അവിടെ കയറി. അവിടെ അതാ ഗൈട് വന്ന അണ്ണന്‍ ഒരു കുപ്പി വോട്ക എടുത്തു വെച്ച് പൂജിച്ചുകൊണ്ട് ഇരിക്കുന്നു. ലവന്‍ അടുത്ത് ചെന്നിരുന്നു, ഒന്ന് ചിരിച്ചു.
"ഒന്ന് ടേസ്റ്റ് ചെയ്യണം." .. "ഒഴിക്കട്ടെ ?".. "ഓ" .. *ഒരു ഗ്ലാസ്‌ നീണ്ടു വന്നു* "ആദ്യായിട്ടാണല്ലേ? സ്പ്രയിട്ടു മിക്സ് ചെയ്തതാ ധൈര്യമായി അടിച്ചോ, നല്ല കൈ ആണ്. ആരും മോശമായിട്ടില്ല !"
ഒറ്റ വലിക്കു ലവന്‍ അതും അകത്താക്കി. താങ്ക്സ് പറഞ്ഞു അവന്‍ നടന്നു. ഇത്തവണ റൂമിലേക്ക്‌.

റൂമില്‍ ചെന്നപ്പോള്‍ അവിടെയും നടക്കുന്നു ഒരു കലാശക്കൊട്ട്. വിസ്കി ആണ് ഇവിടത്തെ അധ്യക്ഷന്‍. ലവന്‍ അതും ചോദിച്ചു മോന്തി. 6-ആമത്തെ  പേഗില്‍ 3-ആമത്തെ ആയിസ് ക്യുബ് വീഴും മുമ്പേ ലവന്‍ ലവളെ വിളിച്ചു. എന്നിട്ട് ഇങ്ങനെ ആരാഞ്ഞു
"ഞാന്‍ ഇപ്പോള്‍ എത്രയെണ്ണം അടിചിട്ടുണ്ടെന്നു പറയാമോ?"

അവള്‍ ഇപ്രകാരം ഉവാചാ: "ഓ ഒരു ബിയര്‍ മറ്റോ മണപ്പിച്ചിട്ടു വന്നെക്കുവാണല്ലേ? നീ പോയി സ്ട്രോങ്ങ്‌ ആയി വല്ലതും അടിച്ചിട്ട് വാടാ"

"ബിയര്‍ മാത്രം അല്ല." ലിസ്റ്മ്മേ ഒള്ളത് മൊത്തം അവന്‍ അറിയിച്ചു കൊടുത്തു, കാത്തിരിക്കുന്ന ആറാം പെഗ്ഗിനെ കുറിച്ചും. "നീ പോടീ. ഇതിലൊന്നും പോവില്ല എന്‍റെ കണ്ട്രോള്‍, വേറെ വല്ല കൂടിയതും ഉണ്ടെങ്കില്‍ പറ" *ക്ലിക്ക് അവന്‍ ഫോണ്‍ കട്ട്‌ ചെയ്തു*


അതാണ് അവന്‍റെ ആദ്യ ചവിട്ടു പടി. താഴേക്കോ മുകളിലേക്കോ എന്ന് അടുത്ത ഭാഗം (ഗേള്‍ ഫ്രണ്ട്: പാര്‍ട്ട്‌ - 2ല്‍) അറിയാം.)