Friday, 19 March 2021

വീക്കെൻഡ്

ന്യൂ ജനറേഷൻ പറയും പോലെ 'നെറ്റ്ഫ്ലിക്‌സ് & ചിൽ' കഴിഞ്ഞാൽ സമീറയുടെ പ്രിയപ്പെട്ട വിനോദം, അഥവാ സ്ട്രെസ്സ് ബസ്റ്റർ കുക്കിംഗ് ആണ് - ടീവിയിലും ഓൺലൈനിൽ കാണുന്നതും ആയ റെസിപ്പികൾ പാചകം ചെയ്ത് നോക്കൽ. അത് കഴിഞ്ഞാൽ പിന്നെ താൻ ഉണ്ടാക്കുന്ന ഡിഷസ്സിൻ്റെ ഫോട്ടോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യലും.

അങ്ങനെ ഒരു പുതിയ റെസിപ്പി പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ച ദിവസം ആയിരുന്നു കഴിഞ്ഞ ശനിയാഴ്ച. അടുക്കളയിൽ കയറി റെസിപ്പിക്കുള്ള സാധനങ്ങൾ എടുത്ത് നോക്കിയപ്പോൾ പലതും തീർന്നിരിക്കുന്നു. ജോലിക്ക് പോകാൻ സൗകര്യത്തിനായി സിറ്റിയിൽ നിന്നും കുറച്ചു മാറി താമസിക്കുന്ന ആളാണ് സമീറ. അവൾ താമസിക്കുന്നതിനു കുറച്ച് അടുത്തായി ഒരു വലിയ സൂപ്പർമാർക്കറ്റ് മാത്രമേ ഒള്ളു, അവിടെയോ.. എല്ലാ വീക്കെൻറും നല്ല തിരക്കാണ്. അങ്ങോട്ടേക്ക് കാറും കൊണ്ടുപോയാൽ ട്രാഫിക്കിൽ കുടുങ്ങിയത് തന്നെ. സിറ്റിയിലേക്ക് പോയി വരാനുള്ള നേരവുമില്ല. അതുകൊണ്ട് കാറ് അല്പം ദൂരെ മാറി റോഡ് സൈഡിൽ തന്നെ പാർക്ക് ചെയ്തിട്ട് സൂപ്പർമാർക്കറ്റിലേക്കു നടന്നു പോകാം എന്ന് അവൾ കരുതി.

ആവശ്യ സാധനങ്ങൾ ഒക്കെ വാങ്ങി തിരിച്ചു വന്നു കാറിൽ കയറി, ഹാന്ഡ് ബ്രേക്കിൽ കൈ വച്ചതും വിൻഡോയിൽ ഒരു തട്ട്... നോക്കുമ്പോൾ ഏകദേശം 30-32 വയസ്സ് പ്രായം തോന്നിക്കുന്ന സുമുഖനായ ഒരാൾ, അയാൾ എന്തൊക്കെയോ പറയുന്നുണ്ട്. പല പേടിപ്പിക്കുന്ന കഥകളും കേട്ടിട്ടുള്ള സമീറ ഇടതു കൈകൊണ്ട് പതുക്കെ ബാഗിൽ നിന്നും പെപ്പർ സ്പ്രേ പുറത്തെടുത്തു. വിൻഡോ ഒരു ഇഞ്ച് താഴ്ത്തി കാര്യം ശ്രദ്ധിച്ചു... പുറകിലത്തെ ടയർ പഞ്ചർ ആണ് എന്നാണ് അയാൾ പറയുന്നത്. പേടി കൊണ്ടും, ഒരു അപരിചിതനെ വിശ്വാസം ഇല്ലാത്തതുകൊണ്ടും, സൈഡ് റിയർവ്യൂ മിറർ അഡ്ജസ്റ്റ് ചെയ്തു നോക്കിയപ്പോൾ അയാൾ പറയുന്നത് സത്യമാണ്, ടയർ പഞ്ചർ ആയിരിക്കുന്നു. 

'ഇന്നത്തെ ദിവസം ആരെയാണോ കണി കണ്ടത്' എന്ന് പഴിച്ചുകൊണ്ട് അടുത്തുള്ള മെക്കാനിക്കിനെ വിളിക്കാൻ തുടങ്ങിയപ്പോൾ അയാൾ സഹായിക്കാം എന്നു പറഞ്ഞു. 'സാരമില്ല, ബുദ്ധിമുട്ടണ്ട, മെക്കാനിക്കിനെ വിളിക്കാം' എന്നു പറഞ്ഞിട്ടും അയാൾ അത് കൂട്ടാക്കിയില്ല, അയാൾ 10 മിനുട്ടിൽ ശരിയാക്കിത്തരാം തരാമെന്നു പറഞ്ഞു. അങ്ങനെ വണ്ടിയിൽ നിന്നും സ്റ്റെപ്പ്നിയും ടൂൾസും എടുത്തു ടയറു മാറ്റി ഇടൻ തുടങ്ങി. ടയറു മാറ്റുന്നതിന് ഇടയ്ക്ക് സമീറെയ കുറിച്ച് കുറച്ചധികം പേഴ്സണൽ ചോദ്യങ്ങൾ അയാൾ ചോദിച്ചു കൊണ്ടിരുന്നു... എന്തു ചെയ്യുന്നു, ഏത് കമ്പനിയിൽ ജോലി നോക്കുന്നു, വീട്ടിൽ ആരൊക്കെയുണ്ട്, ഇവിടെ തന്നെയാണോ നാട്, ഫാമിലി ഉണ്ടോ, കല്യാണം കഴിഞ്ഞതാണോ, അങ്ങനെയങ്ങനെ. ചിലതിന് മാത്രം മറുപടി പറഞ്ഞു ബാക്കി ഒക്കെ ഒഴിഞ്ഞുമാറി ബോയ് ഫ്രണ്ടിൻ്റെ ഫ്ലാറ്റിൽ പോകും വഴി സാധനങ്ങൾ വാങ്ങാൻ കയറിയത് ആണെന്ന് ഒരു കള്ളവും പറഞ്ഞു.

ടയർ മാറ്റി കഴിഞ്ഞു അയാൾ തൊട്ടു അപ്പുറത്തേക്കായി കിടന്നിരുന്ന തൻറെ വണ്ടിയുടെ ഡോർ തുറന്ന് ഒരു തുണി എടുത്തു കൈയൊക്കെ തുടച്ചു. അപ്പോഴാണ് താഴെ ഒരുവശത്തായി ഒരു കന്നാസ് ഇരിക്കുന്നത് സമീറ ശ്രദ്ധിച്ചത്, അവൾ കാര്യം തിരക്കി... അയാൾ പറഞ്ഞു "പെട്രോൾ തീർന്നു വണ്ടി നിന്നതാണ് റോഡിൽ, ഒരു വിധം സൈഡിലേക്ക് ഒതുക്കി കന്നാസും എടുത്തു ഇറങ്ങിയപ്പോഴാണ് പേഴ്സും മൊബൈലും വീട്ടിൽ മറന്നുവച്ച കാര്യമോർത്തത്. വീക്കെൻഡ് ആഘോഷിക്കാൻ ഒരു കൂട്ടുകാരൻറെ വീട്ടിലേക്ക് പോവുകയായിരുന്നു... അവനെ വിളിക്കാൻ അവൻറെ നമ്പറും കാണാതെ അറിയില്ല, അവനല്ലാതെ ഈ ഭാഗത്ത് വേറെ പരിചയക്കാർ ആരും ഇല്ല. എന്ത് ചെയ്യണം, ആരോടെങ്കിലും ലിഫ്റ്റ് ചോദിച്ചാലോ എന്ന് ആലോചിച്ചു നിന്നപ്പോഴാണ് ആണ് നിങ്ങടെ പഞ്ചർ കണ്ണിൽപെട്ടത്".

തന്നെപ്പോലെ തന്നെ ഒരു വീക്കെൻഡ് അടിച്ചുപൊളിക്കാൻ ഇറങ്ങി വഴിയിൽ പെട്ടുപോയ ഒരാളെ കണ്ടപ്പോൾ സമീറയ്ക്ക് സഹതാപം തോന്നി. അയാൾക്ക് പോകേണ്ടിയിരുന്ന കൂട്ടുകാരൻറെ ഫ്ലാറ്റ് താൻ താമസിക്കുന്നതിന് ഒരു ലെയിൻ അപ്പുറം ആണെങ്കിലും സമയത്ത് ഒരു അപരിചിതനെ ലിഫ്റ്റ് കൊടുക്കാൻ സമീറയ്ക്ക് ധൈര്യമില്ലായിരുന്നു. പകരം പെട്രോൾ അടിക്കാൻ കയ്യിലുണ്ടായിരുന്ന 300 രൂപ നൽകി. അയാൾ അത് വാങ്ങാൻ കൂട്ടാക്കിയില്ല എങ്കിലും, ഒരു സഹായത്തിനും മറു സഹായം എന്ന് പറഞ്ഞു അയാളെ കൊണ്ട് അത് വാങ്ങിപ്പിച്ചു. പിന്നെ അയാളോട് അധികം യാത്ര പറയാൻ നിൽക്കാതെ അവിടെനിന്ന് വണ്ടിയുമായി വീട്ടിലേക്ക് പോയി.

** ---------------- **

ഈ ആഴ്ച ടയറ് കട തുറന്നപ്പോൾ പഞ്ചറായ ടയർ ശരിയാക്കാൻ അവിടെ കൊണ്ടു ചെന്നപ്പോഴാണ് അറിയുന്നത് ആ ടയർ താനേ പഞ്ചർ ആയതല്ല, പകരം മൂർച്ചയുള്ള എന്തോ ഒരു ആയുധം വച്ച് ശക്തമായി മൂന്നു തവണ കുത്തി ടയർ പഞ്ചർ ആക്കിയതാണ്.!


Saturday, 27 February 2021

ചെറുപുഞ്ചിരികൾ


ഞാൻ കണ്ട ഏറ്റവും സന്തോഷകരമായ കാഴ്ചകളിൽ ഒന്ന്...

2017 വേനൽ തുടങ്ങുന്നതേ ഒള്ളു. അന്ന് ഞാൻ ദുബായിൽ ഒരു ഫയർ ആൻഡ് സേഫ്റ്റി കമ്പനിക്ക് വേണ്ടി ജോലി നോക്കുന്നു. സമയം വൈകുന്നേരം 5 മണിയോട് അടുത്തിരുന്നു. ഞങ്ങൾ (ഞാനും എൻ്റെ ടീമും) റാഷിദിയ മെട്രോ സ്റ്റേഷൻ വിപുലീകരണത്തിൻ്റെ ഭാഗമായി വന്ന ഒരു വർക്ക് ചെയ്തശേഷം മെട്രോ സ്റ്റേഷന് വെളിയിൽ ഞങ്ങളുടെ വാൻ വരാനായി കാത്ത് നിൽക്കുകയാണ്. സ്റ്റേഷന് എതിർവശം ഒരു ചെറിയ ഷോപ്പിംഗ് സെൻ്റർ ആണ്. 8-10 കടകൾ ഉണ്ട്. ഞാൻ അതിൽ ഒന്നിൽ കയറി ഞങ്ങൾക്ക് കുടിക്കാൻ ജ്യൂസും, കുറച്ചു മിൻ്റ് കാൻഡീസും വാങ്ങി. വാൻ വരുമ്പോൾ അവിടെ നിന്നാൽ കാണാം. 

അങ്ങനെ ജ്യൂസ് കുടിച്ച് നിക്കുമ്പോൾ ആണ് അതേ മെട്രോ സ്റ്റേഷനിൽ ലേബർ പണിക്ക് നിന്നിരുന്ന ഒരു കൂട്ടം ഭായിമാർ അങ്ങോട്ടേക്ക് വന്നത്. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, നേപാൾ ന്നും വന്നവരാണ് ഭൂരിഭാഗവും. അവർ നല്ല ആവേശത്തിൽ ആയിരുന്നു. ഒട്ടും മടിച്ച് നിൽക്കാതെ അവർ തൊട്ട് അടുത്തുള്ള കെ.എഫ്.സി കടയിലേക്ക് കയറി. അതു കണ്ട് ഞാൻ ഒന്ന് ആശ്ചര്യപ്പെട്ടു... സാധാരണ ഗതിയിൽ വിശന്നു തളർന്നാൽ പോലും പുറത്ത് നിന്ന് ഒന്നും വാങ്ങി കഴിക്കാതെ, കിട്ടുന്ന തുച്ഛമായ ശമ്പളം മുഴുവൻ മിച്ചം വച്ച് നാട്ടിലേക്ക്, കുടുംബങ്ങൾക്ക് അയച്ചു കൊടുക്കുന്നവർ ആണ് അവരൊക്കെയും.

ഞാനും, എൻ്റെ കൂടെ ഉണ്ടായിരുന്ന എൻജിനിയറും കൂടി ഒരു കൗതുകത്തിൻ്റെ പുറത്ത് കെ.എഫ്.സി യുടെ മുന്നിൽ ചെന്ന് അവർ എന്തു വാങ്ങുന്നു എന്ന് നോക്കി. അവർ ഒരു ബക്കറ്റ് ചിക്കെൻ ഫ്രൈ, ഒരു ബോക്സ് ചിക്കെൻ പോപ്കോണും വാങ്ങി. ചിലർ മൊബൈൽ ഒക്കെ എടുത്ത് നോക്കുന്നുണ്ട്. എല്ലാർക്കും ലോക ജനതയെ ഒന്നടങ്കം സന്തോഷത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്ന "സാലറി ഇസ് ക്രെഡിറ്റഡ്." എന്ന മെസ്സേജ് വന്നു എന്ന് തോന്നുന്നു. കൂടെ പെരുന്നാള് വരുന്നൊണ്ട് ബോണസും കിട്ടി കാണും. എന്തായാലും എല്ലാരുടെയും മുഖത്തെ സന്തോഷം എനിക്ക് വർണ്ണിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

എല്ലാം ഒബ്‌സർവ് ചെയ്യുന്ന കൂട്ടത്തിൽ ആയിരുന്ന ഞാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചു... അവർ കടയിൽ കയറി ഓർഡർ കൊടുത്തു സാധനം വാങ്ങി ഇറങ്ങാൻ, ഇംഗ്ലീഷ് അറിയാതിരുന്നിട്ടും, നമ്മൾ എടുക്കുന്ന സമയത്തിൻ്റെ പകുതി പോലും എടുത്തില്ല, പിന്നെ അവർ അതിന് വേണ്ട കൃത്യം കാശ് കയ്യിൽ കരുതി വച്ചിരുന്നു. നമ്മൾ ഒക്കെ നിസ്സാരം പോലെ കണ്ടിരുന്ന ഒരു ബ്‌ക്കറ്റ് കെ.എഫ്.സി വാങ്ങാൻ അവർ എത്ര നാൾ പ്ലാൻ ചെയ്തു കാണും എന്ന് മനസ്സിൽ ഓർത്തുപോയി.

അപ്പോളേക്കും അവർ വാങ്ങിയ കെ.എഫ്.സി പുറത്തേക്ക് കൊണ്ട് വന്ന് ബാക്കി എല്ലാരുംകൂടി പങ്കിട്ടു കഴിക്കാൻ തുടങ്ങി. അവരുടെ മുഖത്തെ സന്തോഷം... കണ്ടു നിന്ന ഞങ്ങളുടെ മുഖത്തും ചെറുപുഞ്ചിരികൾ വിടർന്നു.

4 വർഷം ആയിട്ടും മനസ്സിൽ നിന്നും മായാതെ ആ കാഴ്ച അങ്ങനെ തന്നെ കിടക്കുന്നത് അവർ അന്ന് അനുഭവിച്ച സന്തോഷത്തിൽ കുറച്ച് എനിക്കും കിട്ടിയത് കൊണ്ട് ആവണം.

Saturday, 29 August 2020

ചിത്രം.

ചില ചിത്രങ്ങൾ അങ്ങനെയാണ്, ഒരിക്കൽ മനസ്സിൽ പതിഞ്ഞു കഴിഞ്ഞാൽ പിന്നെ അത് മായുകയേയില്ല, ചില മുഖങ്ങളും.

QR 7477 എന്ന ഖത്തർ എയർവെയ്സ് വിമാനം കേരള കരയിലേക്ക് പറന്നിറങ്ങാൻ ഇനി ഏതാനും മിനുട്ടുകൾ മാത്രം. പൈലറ്റ് അനൗൺസ്മെൻറ് കേട്ടാണ് സുനിൽ തന്റെ പകുതി മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്. സ്വതവേ യാത്രക്ക് ഇടയിൽ ഉറങ്ങാത്ത സുനിൽ അന്ന് പതിവില്ലാതെ മയങ്ങിപ്പോയി, എന്തൊക്കെയോ സ്വപ്നങ്ങളും കണ്ടു. സമയം നോക്കിയപ്പോൾ വൈകുന്നേരം 4:15 ആവുന്നതേയൊള്ളു. എത്രയോ നാളുകൾക്ക് ശേഷം വീണ്ടും ഒരു സൂര്യാസ്തമയം തന്റെ നാട്ടിൽ, ആ ചിന്തയും, പിന്നെ ആവിപറക്കുന്ന ചമ്പാവരി ചോറും മീൻ കറിയും കൂട്ടിയുള്ള ഊണിന്റെ ഗന്ധവും ഒക്കെ അവന്റെ ഉറക്കച്ചടവ് മാറ്റി, കടുപ്പത്തിൽ ഒരു കട്ടൻ കുടിച്ച പോലെ.

സുനിൽ ലാപ്ടോപ്പ് മടക്കി ബാഗിൽ വച്ചു, അപ്പോൾ ആ ബാഗിന് അകത്തു നിന്ന് ഒരു ജോണി വാക്കർ അവനെ നോക്കി ചിരിച്ചു. ഓർമ്മകളുടെ ഒരു കെട്ട് അഴിയുകയായിരുന്നു അപ്പോൾ, അവയെല്ലാം കൂടി മനസ്സിലേക്ക് ഇരച്ചു കയറി. കാലം ഒരു മുപ്പതു കൊല്ലം പിന്നോട്ട് പോയി...

ഓർമ്മകളിൽ തന്റെ അച്ഛൻ എപ്പോഴും തിയേറ്ററിൽ കൊണ്ടുപോകും സിനിമ കാണാൻ.
തൃശ്ശൂര് 'രാഗം' കഴിഞ്ഞാൽ പിന്നെ 70mm സ്ക്രീനുള്ള ഉള്ള വലിയ തീയേറ്റർ തന്റെ നാട്ടിലായിരുന്നു, തളിക്കുളം 'കാർത്തിക'. വീട്ടിൽ നിന്നും നടന്നു പോകാവുന്ന ദൂരം മാത്രം.

സാധാരണയിൽ സാധാ കുടുംബമായിരുന്നു സുനിലിന്റെ. അച്ഛന് തുച്ഛമായ വരുമാനം മാത്രം, കിട്ടുന്നതൊക്കെ അമ്മയെ ഏൽപ്പിക്കും, അളന്നു മുറിച്ചാണ് കഴിഞ്ഞിരുന്നത് എങ്കിലും സന്തോഷത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. അച്ഛനാകട്ടെ കടം വാങ്ങുന്ന ശീലവും ഇല്ല. അതുകൊണ്ടുതന്നെ വീട്ട് ചിലവുകൾ കഴിഞ്ഞ് അധിക ചിലവിന് മിച്ചം ഒന്നും കാണാറുമില്ല. 
പാഴ്ചിലവുകൾ ഒന്നും പ്രോത്സാഹിപ്പിക്കാത്ത അമ്മയ്ക്ക് മോനെ സിനിമക്ക് കൊണ്ടുപോകുന്നതും, അച്ഛൻറെ സിനിമാ പ്രേമം മകനും കൂടി പകർന്നു കൊടുക്കുന്നതിനോടും ഒട്ടും യോജിപ്പില്ലായിരുന്നു.

അങ്ങനെ ഇരിക്കെയാണ് മോഹൻലാൽ അഭിനയിച്ച "ചിത്രം" കാർത്തികയിൽ റിലീസ് ചെയ്യുന്നത്. തന്റെ വാശി പുറത്ത് അമ്മ അറിയാതെ സിനിമയ്ക്ക് കൊണ്ടുപോകാമെന്ന് അച്ഛൻ സമ്മതിച്ചു. 2.50 രൂപയാണ് അന്നത്തെ തേഡ് ക്ലാസ് ടിക്കറ്റ്. തീയേറ്ററിൽ ചെന്ന അച്ഛൻറെ കയ്യിൽ ഒരു ടിക്കറ്റിനുള്ള കാശേ ഒള്ളൂ. സാധാരണ സിനിമയ്ക്ക് ചെല്ലുമ്പോൾ തനിക്ക് ടിക്കറ്റ് എടുക്കാറില്ല, ചെറിയ പ്രായം ആയതു കാരണം. പക്ഷേ അന്ന് ടിക്കറ്റ് എടുത്ത്, കയറാൻ പോയപ്പോൾ ടിക്കറ്റ് കളക്ട് ചെയ്യാൻ വാതിൽക്കൽ നിൽക്കുന്ന സ്റ്റാഫ് തടഞ്ഞു, അകത്തേക്ക് കയറ്റി വിട്ടില്ല, തനിക്കും കൂടി ടിക്കറ്റ് വേണമെന്ന് നിർബന്ധിച്ചു അച്ഛനോട്. അച്ഛൻ എന്തൊക്കെയോ പറഞ്ഞു നോക്കി പക്ഷേ അയാൾ ഒന്നും സമ്മതിച്ചില്ല. ആറു വയസ്സുള്ള തന്നെ ഒരു പരിചയക്കാരൻ ചേട്ടനോട് "ഒന്ന് ശ്രദ്ധിക്കണേ" എന്നും പറഞ്ഞ് ഏൽപ്പിച്ചു, തന്നോട് ”അച്ഛൻ പുറത്ത് ഉണ്ടാവും, മോൻ കണ്ടിട്ട് വാ" എന്നും പറഞ്ഞ് അച്ഛൻ പുറത്തു നിന്നു. അന്നത്തെ ആവേശത്തിൽ അതിൽ കൂടുതൽ ഒന്നും ചിന്തിക്കാതെ അകത്തു കയറി, പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ ഇല്ലാത്ത വിഷമം വന്നു തുടങ്ങി. സിനിമ ഒരു 30 മിനിട്ട് കഴിഞ്ഞപ്പോൾ ഇരുട്ടത്ത് ഒരാൾ ”മോനെ” എന്നും വിളിച്ചു വരുന്ന കാഴ്ച കണ്മുന്നിൽ മിന്നി മറഞ്ഞു. സന്തോഷമായി, അച്ഛൻ വന്നു. താൻ അച്ഛനോട് ചോദിച്ചു ”പൈസ കിട്ടിയോ? ടിക്കറ്റ് എടുത്തോ?". അച്ഛൻ പറഞ്ഞു "ടിക്കറ്റ് എടുത്തില്ല, പുറത്ത് ഇരിക്കുന്നത് കണ്ടപ്പോൾ അടുത്ത ഡോറിലെ സ്റ്റാഫ് ചോദിച്ചു, കാര്യം പറഞ്ഞപ്പോൾ അച്ഛനെ കയറ്റിവിടാൻ ആ ചേട്ടൻ പറഞ്ഞു". 

സിനിമ കഴിഞ്ഞു പോകുമ്പോൾ അച്ഛൻ ആ ചേട്ടനോട് നന്ദി പറയുന്നുണ്ടായിരുന്നു. ആ മുഖം ഇന്നും ഓർമ്മയിലുണ്ട്. നല്ലൊരു ചിരി എപ്പോഴും ആ മുഖത്ത് ഉണ്ടാവും. പിന്നീട് എപ്പോഴൊക്കെ സിനിമക്ക് പോയാലും, താൻ ആദ്യം തേടിയിരുന്നത് ആ ചേട്ടനെ കാണാൻ ആയിരുന്നു. തന്റെ ഹൈ സ്കൂൾ കാലഘട്ടം വരെ ആ ചേട്ടൻ അവിടെത്തന്നെ ഉണ്ടായിരുന്നു. പിന്നെ കണ്ടിട്ടില്ല.  ഇപ്പോഴും, എത്രയോ വർഷങ്ങൾക്കു ശേഷവും, ആ മുഖവും, ആ ചിരിയും ഇന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു. 

പിന്നീട് വർഷങ്ങൾക്കുശേഷം തന്റെ അച്ഛനോട് മനുഷ്യത്വം കാണിച്ച ആ സന്തോഷേട്ടനെ ഒരുപാട് തിരക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ ഇപ്പോൾ ചില സുഹൃത്തുക്കളുടെ സഹായത്തോടെ സന്തോഷ് ഏട്ടനെ കണ്ടെത്തിയിരിക്കുന്നു. തന്നെ നോക്കി ചിരിച്ച ജോണിവാക്കർ ആ സന്തോഷേട്ടന് ഉള്ളതാണ്. ഒന്ന് ചെന്ന് കാണണം, കൂടണം, ഓർമ്മ പുതുക്കണം. 

ഇപ്പോൾ അച്ഛൻ മിക്ക ദിവസങ്ങളിലും സിനിമ കാണാറുണ്ട്. കഴിഞ്ഞതിൻറെ മുമ്പത്തെ വരവിൽ അച്ഛന് ഒരു ഹോം തിയേറ്റർ സെറ്റ് ചെയ്തു കൊടുത്തിരുന്നു. സുനിൽ അറിയാതെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു, ഫ്ലൈറ്റ്ടിൻറെ ജനാലവഴി കടപ്പുറവും തെങ്ങുകളും ഒക്കെ കണ്ടു തുടങ്ങിയിരിക്കുന്നു.

(ബേസ്ഡ് ഓൺ എ ട്രൂ സ്റ്റോറി)

Sunday, 19 April 2020

ചിറകുള്ള അപ്പം.


ലോക നന്മയ്ക്കായി നിർദോഷകരമായ കൊച്ചു കൊച്ചു കള്ളങ്ങൾ പറയുന്നവർക്ക്...

കുറച്ച് കാലങ്ങൾ തന്നെ കാത്തിരിക്കേണ്ടിവന്നു മാത്യുച്ചായനും പ്രിയതമക്കും ഒരു കുഞ്ഞിക്കാലു കാണാൻ. ഒടുവിൽ തമ്പുരാൻ അനുഗ്രഹിച്ച് അവർക്ക് ഒരു ഉണ്ണി പിറന്നു. അത് പക്ഷേ ഒരു ഉണ്ണിയാർച്ച ആയിരുന്നു എന്ന് മാത്രം. അവൾക്ക് അവർ പേരുമിട്ടു 'മെറിൻ'. മാത്യുച്ചായനും പ്രിയതമക്കും അളവറ്റ സന്തോഷം കൊണ്ടു വന്നവൾ മെറിൻ.

പേര് പോലെ തന്നെ വളരെ സന്തോഷവതിയായ ഒരു കുഞ്ഞായി മെറിൻ വളർന്നു. കളിയും ചിരിയും കുസൃതിയും വേണ്ടുവോളം. വീട്ടുകാരുടെ മാത്രമല്ല അയൽക്കാരുടെ പോലും കണ്ണിലെ കൃഷ്ണമണിയായി അവൾ. ഇങ്ങനെയൊക്കെ ആണെങ്കിലും മെറിൻ്റെ അമ്മയ്ക്ക് എപ്പോഴും സങ്കടമായിരുന്നു. അവൾ നേരെചൊവ്വേ ആഹാരം കഴിച്ചിരുന്നില്ല. എല്ലാ നേരവും കഴിച്ചെന്ന് പേര് വരുത്തൽ മാത്രം.

കൊല്ലവർഷം 1996...
അവൾക്ക് അഞ്ച് വയസ്സും മൂന്നു മാസവും പ്രായമായ ഒരു പകൽ.-
പള്ളിക്കൂടത്തിൽ പോകാൻ നേരം ഭക്ഷണം കഴിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന അമ്മ, ഓഫീസിൽ പോകാൻ ഒരുങ്ങി തീൻമേശയുടെ മുന്നിലിരിക്കുന്ന മാത്യുച്ചായൻ, ഇതാണ് രംഗം. അപ്പോഴാണ് പ്ലേറ്റിൽ നിന്നും പറന്നു പോകാൻ തയ്യാറെടുക്കുന്ന കണക്കിന് ആവി പറക്കുന്ന, നല്ല പഞ്ഞിക്കെട്ട് പോലത്തെ വെള്ളാപ്പവുമായി മാത്യുച്ചായന്റെ മമ്മി അടുക്കളയിൽ നിന്നും രംഗപ്രവേശം ചെയ്യുന്നത്.

അപ്പ പ്രിയനായിരുന്നു മാത്യുച്ചായൻ, മമ്മി ഉണ്ടാക്കുന്ന അപ്പവും മട്ടൻ സ്റ്റൂവും എന്നുപറഞ്ഞാൽ ജീവനും. നല്ല ഫ്രഷ് ആയി ചെത്തി ഇറക്കിയ കള്ള് ചേർത്ത് ഉണ്ടാക്കുന്ന പഞ്ഞിക്കെട്ട് പോലത്തെ അപ്പം, അതൊരു ശകലം മൊരിയുക കൂടി ചെയ്താൽ ലോകത്ത് മറ്റൊരു ഭക്ഷണത്തിനും അതിനെ വെല്ലാൻ പറ്റില്ല എന്ന അഭിപ്രായക്കാരനാണ് മാത്യുച്ചായൻ.

ഒരു കഷണം അപ്പം പിച്ചിയെടുത്ത്, ഒരു മട്ടൻ കഷണവും ചേർത്തുപിടിച്ച്, ചാറിൽ ഒന്നു മുക്കി വായിൽ വച്ച മാത്യുച്ചായൻ ഒരു ശബ്ദം പുറപ്പെടുവിച്ചു... "താജ്" ചായകുടിച്ച് ഉസ്താദ് സക്കീകീർ ഹുസൈൻ പുറപ്പെടുവിക്കും പോലത്തെ ഒരു ശബ്ദം.!
 എന്താണ് സംഭവിച്ചതെന്ന്  അറിയാൻ കുഞ്ഞു മെറിൻ വരാന്തയിൽ നിന്ന് അകത്തേക്ക്‌ ഓടി വന്നു നോക്കി, പുറകെ അവളുടെ അമ്മയും, കണ്ടത് അച്ഛൻ മമ്മിയെ പുകഴ്ത്തുന്ന കാഴ്ചയാണ്. കുഞ്ഞ് മെറിൻറെ അമ്മയ്ക്കും ഓഫീസിൽ പോകാൻ ഉള്ളതിനാൽ അപ്പത്തിൻറെ കാര്യം മാത്രമല്ല പ്രഭാതഭക്ഷണം തന്നെ മിക്കവാറും തട്ടിക്കൂട്ട് ആണ്. മൂന്നു നാല് മാസത്തിലൊരിക്കൽ മാത്യുച്ചായന്റെ മമ്മി വന്നു നിൽക്കുമ്പോൾ മാത്രമാണ് അവർ നള പാചകം നാവിൽ രുചിച്ചിരുന്നത്. (ഇത് കേട്ടയുടൻ നളൻ മട്ടൻ സ്റ്റൂ ഉണ്ടാകുമായിരുന്നൊ എന്ന് ചിന്തിച്ച് തലപുകയ്ക്കേണ്ട. നളന് മട്ടൺ സ്റ്റു ഉണ്ടാക്കാൻ അറിയില്ലായിരുന്നു എന്ന ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.)

മെറിന് ഇതൊക്കെ കണ്ടപ്പോൾ കൗതുകമായി, മെറിന്റെ അമ്മയുടെ തലച്ചോറിനുള്ളിൽ എവിടെയോ ഒരു ബൾബ് കത്തി. അച്ഛൻ കഴിക്കുന്ന അപ്പം ചൂണ്ടി അമ്മ പറഞ്ഞു "ഇതാണ് മോളെ ചിറകുള്ള അപ്പം."
"ചിറകുള്ള അപ്പമോ?" കുഞ്ഞ് മെറിന് കൗതുകം പിന്നെയും കൂടി. 
അമ്മ തുടർന്നു - "അതെ ഇതാണ് ചിറകുകൾ" മൊരിഞ്ഞു പൊങ്ങിയ വശങ്ങൾ ചൂണ്ടിക്കാട്ടി അമ്മ പറഞ്ഞു.
”ഈ ചിറകുള്ള അപ്പം കഴിച്ചാൽ എന്താ ഗുണം?” അമ്മ തുടർന്നു "ഈ അപ്പം കഴിക്കുന്നവർ എല്ലാം സുന്ദരിമാരും സുന്ദരന്മാരും ആകും, അത് മാത്രമല്ല നല്ല സുന്ദരി-സുന്ദരന്മാർ ആകുന്നവരിൽനിന്നും തമ്പുരാൻ നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് ചിറകുകൾ നൽകും എന്നിട്ട് അവരെ മാലാഖമാർ ആക്കും."

ഇനി കേരളത്തെ കുറിച്ച് രണ്ടു വാക്ക് - ഇന്നത്തെ കേരളമല്ല അന്നത്തെ കേരളം. അന്ന് കേരളത്തിൽ തെങ്ങുകളുടെ എണ്ണം കൂടുതലും ബംഗാളികളുടെ എണ്ണം കുറവും ആയിരുന്നു. (ബംഗാളികൾ - പണ്ട് മദിരാശികളായി കണ്ടിരുന്ന മലയാളികൾ അന്യ സംസ്ഥാനക്കാർക്ക് സ്നേഹോപഹാരം ആയി തിരിച്ചു കൊടുത്ത പണി)
അന്ന് പിന്നെ ഇന്നത്തെ പോലെ പയ്യന്മാർ '6 പാക്ക്' ഉണ്ടാക്കാൻ പാടുപെട്ടിരുന്നില്ല, അത് പോലെ തന്നെ 'സ്ലിം ബ്യൂട്ടി', 'സൈസ് സീറോ' എന്നീ സൗന്ദര്യസങ്കൽപ്പങ്ങൾ കേരളക്കരയ്ക്ക് അന്യമായിരുന്നു. സിനിമാ സ്ക്രീനിൽ പാർവതിയെയും, അതിനുമുമ്പ് ജയഭാരതിയും ഒക്കെ കണ്ട് ആസ്വദിച്ചിരുന്ന മലയാളിക്കു മെലിഞ്ഞുണങ്ങിയ പെൺകുട്ടികളോട് സഹതാപം ആയിരുന്നു. അതുകൊണ്ട് തന്നെയാവണം ഒരു അനോറക്സിയ ഒഴിവാക്കാൻ അങ്ങനെയൊരു കള്ളം, തികച്ചും നിർദോഷകരമായ ഒന്ന്, അപ്പോൾ അവളുടെ അമ്മ പറഞ്ഞത്.

അങ്ങനെ മെറിൻ അപ്പം കഴിച്ചു തുടങ്ങി, അന്നുതൊട്ട് മെറിന് കഴിക്കാൻ എന്നും അപ്പം മതിയെന്നായി. അങ്ങനെ ചിറകുള്ള അപ്പത്തിലേറി രുചികളുടെ ലോകത്തേക്ക് പറന്നിറങ്ങിയ മെറിൻ അധികം വൈകാതെ മട്ടൻ സ്റ്റൂവിന് പുറമേ ബീഫ് ഉലർത്ത്, ചിക്കൻ ചാപ്പ്സ്, മപ്പാസ്, താറാവ് റോസ്റ്റ്, എന്നീ രുചികളോടും കൂട്ടായി.

വളർന്നു വലുതായപ്പോൾ ചിറകുള്ള അപ്പവും, മാലാഖയും, തമ്പുരാൻറെ റിക്രൂട്ട്മെൻറ് പ്രോസസ്സും, ഒക്കെ വെറും കഥകളായി മാറിയെങ്കിലും ഒരു തികഞ്ഞ ഭക്ഷണപ്രിയയിലേക്കുള്ള ആദ്യ കാൽവെയ്പ്പുകളാണ് അന്ന് ആ കഥയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.

വാൽക്കഷ്ണം - 
ഇന്ന് മെറിന് വയസ്സ് 28, അറിയപ്പെടുന്ന ഒരു ഫുഡ് ബ്ലോഗറാണ്, യൂട്യൂബിൽ അനേകായിരം ഫോളോവേഴ്സ് ഉള്ള ഒരു വ്ലോഗറും, ക്രിറ്റീക്കും. 
അഥവാ മെറിന്റെ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ കിട്ടുന്ന കാശിനു മുഴുവൻ തിന്നു നടക്കുന്നവൾ. (മെറിൻറെ ഫുൾ ടൈം ജോബ് ഒരു ഐടി കമ്പനിയിൽ എച്ച്. ആർ ആയിട്ടാണ്) 
അമ്മയുടെ പരാതി - സദാ ഇങ്ങനെ തിന്നു നടക്കുന്ന കാരണം അമിതഭാരവും അമിതവണ്ണവും.! അതുകൊണ്ടാണ് അവളുടെ വിവാഹം വൈകുന്നത്.! എന്നതുമാണ് അതിൽ ഏറ്റവും മുഖ്യ പരാതി.
"അവളുടെ ഭക്ഷണപ്രിയം ഒന്ന് കുറച്ചു തരണേ തമ്പുരാനെ" എന്നാണ് മെറിൻറെ അമ്മ ഇപ്പോൾ എന്നും രാത്രി പ്രാർത്ഥിക്കുന്നത്... പണ്ട് ആഹാരം കഴിപ്പിക്കാൻ തികച്ചും നിർദോഷകരമായ ഒരു കള്ളം പറഞ്ഞ ആ അമ്മ.

Tuesday, 23 April 2019

ഉറക്കമില്ലാത്തവൻ

ഉറക്കമില്ലാത്തവൻ.

നിദ്രയിൽ കണ്ട സ്വപ്നങ്ങൾ പിന്നെ, പകൽ കാണും കിനാവുകളായി
അഭിലാഷമായി, ലക്ഷ്യങ്ങളായി,
പരിശ്രമങ്ങളായി അശ്രാന്തം.

പാഴി പോയ മോഹങ്ങളായി,
പറഞ്ഞു ചിരിക്കാൻ കഥയായി,
വേദനിപ്പിക്കും ഓർമ്മകളായി.
ജീവിതത്തോടും മല്ലടിച്ചു
തളർന്നിരുന്നവനോ പിന്നെ
ഉറങ്ങാനെന്നും വിമുഖനായി.

പണ്ട് പ്രചോദനമേകിയ വാക്കുകൾ...
ശരശയ്യ ഒരുക്കി നാവുകൾ പലതും,
ഒരു റാന്തൽ വെളിച്ചത്തിൽ
ഉറങ്ങാതിരുന്നവൻ
പ്രതീക്ഷകൾ വറ്റിയ മനസ്സുമായി...
സ്വപ്നങ്ങളെ വീണ്ടും പഴിച്ചിരുന്നു,
വിധിയെ എന്നും ശപിച്ചിരുന്നു.

Friday, 19 April 2019

കണിക്കൊന്ന ജന്മങ്ങൾ

കണിക്കൊന്ന ജന്മങ്ങൾ

കണി വയ്ക്കും കൊന്നക്കും
ചിലത് പറയുവാനുണ്ട്,
എന്നെങ്കിലും കണ്ട് മുട്ടുമ്പോൾ
മഴമേഘത്തിനോടായ്‌.
ആയുസ്സ് ആഴ്‍ച്ചകൾ മാത്രമെന്നറിഞ്ഞിട്ടും
അവളെന്നും അവനെ നോക്കി നിന്നു.
മഴമേഘം എത്തും മുൻപേ ആ
വേനലിൽ ഇഹ ലോകം തന്നെ വെടിഞ്ഞുപോയി...
വീണ്ടും പത്ത് മാസം കാത്തിരുന്നു
ഭൂമിയിൽ ഇനിയുമൊരു ജന്മത്തിനായ്‌,
മഴമേഘത്തെ ഒന്ന് കാണുവാനായ്.
ഇക്കാര്യം അറിയാത്തൊരാ മേഘമെന്നും ഭൂമിയിലാകെ അലഞ്ഞലഞ്ഞു...
എന്നെങ്കിലും അവളെ ഒരു നോക്കു കാണുവാൻ,
അവളുടെ ജന്മങ്ങൾക്ക് അർത്ഥമേകാൻ,
അവൾക്ക് പറയാനുള്ളത് കേൾക്കുവാൻ.

Friday, 14 July 2017

Agony

By my words
And by my deeds,
Love dissolved in distance.
I didn't know
What I became,
She knew it all along.

Colours drained
And life went grey,
Tormented by her absence.
Memories hurt
Thoughts wandered,
Only wishful thinking remained.

Now I stand, 
And more I walk
Searching her all the while.
The shroud is real
My vision is blurred,
Through the sorrow I wade.