Tuesday 21 February 2023

കുന്നുമ്മേൽ ശാന്തൻ

ഇന്നെങ്കിലും നേരത്തെ ഉറങ്ങണം... തോമസ് കുന്നുമ്മേൽ (വട്ടപ്പേരു കുന്നുമ്മേൽ ശാന്തൻ) മനസ്സിൽ ഓർത്തു...  കുന്നുമ്മേൽ ശാന്ത അല്ല ശാന്തൻ. നോട്ട് ദി പോയിന്റ്. വളരെ ശാന്തശീലനും, ശ്രീ ബുദ്ധനേക്കാൾ ക്ഷമ ഉള്ളവനും ആയത് കാരണം കൂട്ടുകാർ ഇട്ടുകൊടുത്ത പേരാണ്.

കഴിഞ്ഞ 2-3 കൊല്ലം ആയി എന്നും ഇത് തന്നെ മനസ്സിൽ ഓർത്തിട്ടു ആണ് തോമസ് ഉറങ്ങാൻ പോകാറ്. പക്ഷെ ഉറങ്ങാൻ കിടക്കുമ്പോൾ സമയം 2:30 - 3 മണി ആകുമെന്ന് മാത്രം. അന്നും ആ പതിവ് തെറ്റിയില്ല. സമയം 2:30 ആകുന്നു. ഇനി ഉറക്കം വരാൻ പാട്ടു കേൾക്കണോ, അതോ രണ്ടു പെഗ് അടിക്കണോ എന്നും ആലോചിച്ചു, പിന്നെ രണ്ടും വേണ്ടാന്നു വച്ച്, പകരം ഈശോ മറിയം ഔസേപ്പിനെ ഒക്കെ പ്രാർത്ഥിച്ചു, ലൈറ്റും അണച്ച്, പുതപ്പും തലവഴി വലിച്ചു മൂടി കിടന്നു.

പെട്ടെന്ന് അതാ വീടിനു വടക്കു കിഴക്ക് വശത്തു ആരോ ചക്ക വെട്ടി ഇട്ടതു പോലെ ഒരു ഒച്ച. അവിടെ പ്ലാവ് ഒന്നും ഇല്ലല്ലോ... തോമസ് ഓർത്തു. പിന്നെ അത് എന്തായിരിക്കും? വാഴ എങ്ങാനും മറിഞ്ഞു വീണു കാണുമോ... ഏയ് അതല്ല... ഈ വീട്ടിൽ അതിനു വേറെ വാഴ ല്ലല്ലോ... അവൻ പതിയെ ജനാല തുറന്നു മൊബൈൽ ലൈറ്റ് അടിച്ചു നോക്കി... ഒന്നും കാണാൻ വയ്യ. ഒരു ടോർച് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. ച്ചെ.! എന്ത് മണ്ടത്തരം ഒക്കെ ആണ് ആലോചിക്കുന്നത്... ഇന്നത്തെ കാലത്ത് ഏതെങ്കിലും വീട്ടിൽ ടോർച് ഉണ്ടാവുമോ... നോ. നെവർ.! ആ വശത്തു ആണേൽ വല്യ വെളിച്ചവും ഇല്ല, അവിടെ മുറ്റത് വേറെ ലൈറ്റും ഇല്ല.

സ്വതവേ ധൈര്യശാലി ആയിരുന്ന തോമസ് ഉടൻ തന്നെ തന്റെ അമ്മയെ വിളിച്ച് ഉണർത്തി കാര്യം പറഞ്ഞു. നമുക്ക് ഒരുമിച്ചു പോയി നോക്കാം എന്നായി അമ്മ. അമ്മ പുറകിൽ ഉണ്ടെന്ന ധൈര്യത്തിൽ അവൻ അവിടേക്കു ചെന്ന് ലൈറ്റ് അടിച്ചു നോക്കി. നോക്കുമ്പോഴതാ ബെട്ടിയിട്ട ബായത്തണ്ട് പോലൊരുത്തൻ അവിടെ കിടക്കുന്നു. ആൾക്ക് തീരെ ബോധം ഇല്ല, കണ്ടിട്ട് മൂക്കറ്റം അടിച്ചു പൂസ് ആയി എങ്ങനോ വന്നു വീണത് ആണ്. എന്നാലും എണീറ്റ് നിക്കാൻ ബാലൻസ് ഇല്ലാത്ത ഇവൻ ഒക്കെ എങ്ങനെ മതിൽ എടുത്തു ചാടി അകത്തു കയറി. ശെടാ... വല്ലവിതവും ഒന്ന് ഉറങ്ങാൻ കിടക്കുമ്പോൾ ആണല്ലോ സർവത്ര കുരിശും കൂടെ ഇങ്ങോട്ടു തന്നെ കേറി വരുന്നത്... 

ആളെ വെള്ളം തളിച്ചു ഉണർത്തി പറഞ്ഞു വിടാൻ വേണ്ടി വെള്ളം എടുക്കാൻ അകത്തു കയറി, ഒരു മഗ്ഗിൽ വെള്ളവും ആയി തിരിച്ചു വന്ന ശാന്തൻ കണ്ടത് ബോധം ഇല്ലാതെ കിടന്നവൻ അതാ വീട്ടുമുറ്റത്തു കാറ്റത്തു ആടുന്ന തെങ്ങ് പോലെ നിന്ന് ഉലയുന്നത് ആണ്... ഇവൻ എണീറ്റോ... വാതിൽക്കൽ കാലത്തെ മദ്യം കിട്ടാത്ത കുടിയനെ പോലെ നിന്ന് വിറയ്ക്കുന്ന അമ്മയെയും, പേടിച്ചിട്ട് അങ്ങനെ നിക്കുവാണ്.

ഉള്ളിലെ പേടി മാനിക്കാതെ ശാന്തൻ ശാന്തമായി ചോദിച്ചു - ഡോ താൻ എന്ത് പണിയാ ഈ കാണിച്ചേ... ഇങ്ങനെ ആണോ വെള്ളമടിച്ചാൽ... ഞാനും ഇടക്കൊക്കെ അടിക്കാറുണ്ട്. അത് പറഞ്ഞു മുഴുവിക്കും മുന്നേ പൂസ് - മാൻ ചൂടായി കുറച്ചു വെള്ളം ചോദിച്ചാൽ കൊണ്ട് വരാൻ നിനക്കു എന്താടാ ഇത്ര താമസം? ഇത്തവണ ശാന്തൻ ശരിക്കും ഒന്ന് ഞെട്ടി. "വെള്ളം ചോദിച്ചോ? ആര്? എപ്പോ? അല്ല ഇങ്ങനെ ആണോ വെള്ളം ചോദിക്കുന്നെ? ഒരു വീട്ടിൽ കയറി വന്നു വെള്ളം ചോദിക്കുന്നതിനു ഒക്കെ ഒരു മര്യാദ ഇല്ലേ?"
പൂസ് - മാൻ - എടാ എടാ എടാ പൂച്ചി പുഴു... വെള്ളമടിച്ചിട്ടു വന്നതിനു എന്നെ പട്ടിയെ വിട്ടു കടിപ്പിക്കാൻ ശ്രമിച്ചതും പോരാ ഇപ്പൊ നീ എന്നെ മര്യാദ പഠിപ്പിക്കാൻ വരുന്നോ?

ശാന്തന്റെ ശാന്തതക്കു വീണ്ടും ഒരു പരീക്ഷണമോ ? "അതിന് ഈ വീട്ടിൽ പട്ടി ഇല്ലഡോ..." ശാന്തൻ ശബ്ദം ഉയർത്തി. അല്ല ഉയർത്താൻ ശ്രമിച്ചു.

അപ്പോഴേക്കും മഗ്ഗിലെ വെള്ളം കണ്ട അയാൾ അത് പിടിച്ചു വാങ്ങി കുടിച്ചു. ബാക്കി ഉള്ളത് വച്ച് മുഖവും കഴുകി.

ശാന്തത ആണോ, അതോ ഷോക്ക് കാരണം റിയാക്ഷൻ നഷ്ടപ്പെട്ടത് ആണോ എന്ന് അവന്റെ മുഖം കണ്ടിരുന്നെങ്കിൽ ആർക്കും മനസിലാവില്ലായിരുന്നു. പക്ഷേ അമ്മ അപ്പോഴേക്കും അക്ക്രോശിച്ചു കൊണ്ട് പുറത്തു വന്നു... ഇറങ്ങടാ കുടിയാ എന്റെ വീട്ടീന്ന്...

ഇത് കേട്ടതും പൂസ് മാന്റെ കൺട്രോൾ തെറ്റി പുളിച്ച തെറി വിളി തുടങ്ങി. പിന്നെ അവിടെ അരങ്ങേറിയത് മറ്റൊരു അഹമ്മദ് കുട്ടി സ്പീക്കിങ് ആയിരുന്നു. കൺമുന്നിലെ ചുരുളിയിൽ പെട്ട ഷോക്ക് മാറാതെ അസ്തപ്രജ്ഞനായി നിന്ന ശാന്തനെ ഞെട്ടി ഉണർത്തിക്കൊണ്ട് എവിടുന്നോ അമ്മയുടെ ശബ്ദം... "വാടാ മോനെ നമുക്ക് പോലീസിനെ വിളിക്കാം." ശാന്തൻ തിരിയും മുന്നേ അമ്മ അവനെയും വലിച്ചു അകത്തു കയറി.

പോലീസിനെ വിളിക്കും മുന്നേ തന്നെ റോഡിലെ പട്ടികൾ എല്ലാം കൂടി ഭയങ്കരമായി കുരക്കാനും ബഹളം ഉണ്ടാക്കാനും തുടങ്ങി... ശാന്തൻ പതിയെ വാതിൽ തുറന്നു നോക്കിയപ്പോ പൂസ് മാൻ പോയിട്ട് പൂസ് മാന്റെ പൂട പോലും ഇല്ല അവിടെ എങ്ങും. ദൂരേക്ക് നീങ്ങുന്ന കുരകൾ മാത്രം കേൾക്കാം. "പോലീസ് എന്ന് കേട്ടിട്ട് ആണോ അതോ അമ്മയുടെ തെറി വിളി കേട്ടിട്ട് ആണോ എന്തോ... അവന്റെ കെട്ട് ഒക്കെ ഇറങ്ങി എന്ന് തോന്നുന്നു... വന്ന വഴിയേ തന്നെ അവൻ ചാടി പോയിട്ടുണ്ട്, ഇനി പോലീസിനെ ഒന്നും വിളിച്ചു ബുദ്ധിമുട്ടിക്കണ്ട. ഉള്ള സമയത്തു കിടന്നു ഉറങ്ങാൻ നോക്കാം." 

പക്ഷെ ശാന്തന്റെ കണ്ണുകൾ ഒരു നിമിഷം എന്തിലോ ഉടക്കി, ഒരു നിലവിളി... "അയ്യോ..." കാര്യം തിരക്കിയ അമ്മക്ക് അവൻ ചൂണ്ടി കാണിച്ചു കൊടുത്തു. "ആ കള്ള പൂസ് മാൻ മൂന്നു ദിവസം മുന്നേ വാങ്ങിയ എന്റെ നാലായിരം രൂപയുടെ ക്രോക്സ് ചെരുപ്പിന്റെ ഒരെണ്ണം എടുത്ത് ഇട്ടോണ്ട് ആണ് ഓടി പോയത്. അവന്റെ ചാത്തൻ ക്രോക്സിൽ ഒരെണ്ണം അവിടെ കിടപ്പുണ്ടായിരുന്നു.!

"ഈശോ മറിയം ഔസേപ്പേ... റോഡിലെ ഒരു പട്ടി എങ്കിലും ആ തെണ്ടി പൂസ് മാന് രണ്ടു കടി കൊടുക്കണേ..."


** ബേസ്‌ഡ് ഓൺ എ ട്രൂ സ്റ്റോറി **