Monday 5 April 2021

സുമേഷ്

നേരം അല്പം വൈകിയാണ് ഞാൻ സ്റ്റോപ്പിൽ ബസ്സ് ഇറങ്ങിയത്. അവിടുന്ന് അടുത്ത ബസ് പിടിക്കണം അല്ലെങ്കിൽ ഓട്ടോ എടുക്കണം വീടെത്താൻ.
നേരം വളരെ വൈകിയതിനാലും, അന്ന് ഒരു ഹർത്താൽ ദിവസം ആയിരുന്നതിനാലും റോഡിൽ എങ്ങും മനുഷ്യരേ ഉണ്ടായിരുന്നില്ല. അവിടെ ആകെ ഉണ്ടായിരുന്നത് ഏതാണ്ട് 25-26 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ടുപേർ... ഒരു പെൺകുട്ടിയും, ഒരു പയ്യനും ബസ്റ്റോപ്പിൽ. ആദ്യം കിട്ടുന്ന ബസ്സിലോ ഓട്ടോയിലോ ചാടി കേറണം എന്ന് ഓർത്തു ഞാനും അവിടെ പോയി നിൽപ്പായി.

ഇതിനുമുമ്പ് ആ പരിസരത്ത് എങ്ങും കണ്ടു പരിചയം ഇല്ലാത്തവർ ആയിരുന്നതിനാൽ അവരെ ശ്രദ്ധിച്ചപ്പോൾ ആ പയ്യൻ എന്തൊക്കെയോ കാര്യമായി സംസാരിക്കുകയാണ് അവളോട്, പക്ഷേ ആ കുട്ടിക്ക് അതിലൊന്നും ഒരു താൽപര്യവും ഇല്ലാത്ത രീതിയിൽ നിൽക്കുന്നു. 

അവരായി അവരുടെ പാടായി ആയി എന്നും കരുതി ഒരു ഓട്ടോ വരുന്നതും നോക്കി ഇരിക്കുമ്പോഴാണ് ആ കുട്ടി എന്നോട് വന്നു സുമേഷ് അല്ലേ എന്ന് ചോദിച്ചത്. 'സുമേഷോ.. ഏത് സുമേഷ്.. കുട്ടിക്ക് ആള് മാറിപ്പോയി പോയി..' എന്ന് പറയാൻ തുടങ്ങിയപ്പോഴാണ് മുമ്പ് എവിടെയോ വായിച്ച ഒരു കാര്യം ഓർമ്മ വന്നത്... 'ഒരു പെൺകുട്ടി പെട്ടെന്നു വന്നു നിങ്ങളോട് നല്ല പരിചയക്കാരനെ പോലെ സംസാരിക്കുകയാണെങ്കിൽ, നിങ്ങളും വളരെ കാലം കൂടി കണ്ടുമുട്ടിയ പരിചയക്കാരനെ പോലെ നടിച്ചു കൂടെ നിൽക്കണം, ചിലപ്പോൾ ആ പെൺകുട്ടി എന്തെങ്കിലും അപകടസൂചന തോന്നി അങ്ങനെ ചെയ്യുന്നത് ആയിരിക്കും.' താൻ ഒറ്റയ്ക്കല്ല, സഹായിക്കാൻ ആളുണ്ട് എന്ന് തോന്നിയാൽ അക്രമികൾ ഒന്ന് മടിക്കും എന്ന സൈക്കോളജി എങ്ങാണ്ടോ ആണ് അതിനുപിന്നിൽ. അതുകൊണ്ട് ഞാനും വളരെ സൗഹൃദത്തോടെ സംസാരിക്കാൻ തുടങ്ങി.

സംസാരിച്ച് തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ തന്നെ ആ കുട്ടി - " അല്ല, താൻ സുമേഷ് അല്ലല്ലോ.."
ഞാൻ - ”അല്ല, സുമേഷ് അല്ല. അല്ല, ഞാൻ കരുതി...” ഈശ്വരാ എന്തു പറയും...
”ഞാൻ കരുതി.. കുട്ടിക്ക് എന്തോ പ്രശ്നം..” 
ഒരു നിമിഷത്തേക്ക് ഞാൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടൻ ആയി.
ആ കുട്ടി -  എന്തു പ്രശ്നം.. (🤬 ഈ ഇമോജി ഈ സമയത്ത് ഇവിടെ ഉപയോഗിക്കാവുന്നതാണ്)
ഞാൻ - "കുട്ടിക്ക് എന്തോ അപകടം വരാൻ പോകുന്നതായി ഒരു ഇൻ്റ്യൂഷൻ ഉണ്ടായിട്ട്, പെട്ടെന്ന് എന്നോട് വന്ന് സംസാരിച്ചത്, എന്ന് കരുതി, അങ്ങനെ ഞാൻ ഒരു ബുക്കിൽ വായിച്ചിട്ടുണ്ട്.. ആ പയ്യൻറെ സംഭാഷണ രീതിയും, കുട്ടിയുടെ താൽപര്യമില്ലാത്ത നിൽപും, ഒക്കെ കൂടെ കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നിയതാണ്, എന്നോട് ക്ഷമിക്കണം." മ്യൂച്ചൽ ഫണ്ട് പരസ്യത്തിന്റെ സ്പീഡിൽ ആ സെൻൻ്റസ് പറഞ്ഞു തീർത്തു.!
അപ്പോഴേക്കും ആ പയ്യനും അങ്ങോട്ടേക്ക് വന്നു.. "എന്താ പ്രശ്നം.?"

ചമ്മൽ പുറത്തു കാണിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അവരെ എങ്ങനെയൊക്കെയോ കാര്യങ്ങൾ പറഞ്ഞു ബോധ്യമാക്കി. ആ കുട്ടിയുടെ കൂടെ പണ്ട് സ്കൂളിൽ പഠിച്ചിരുന്നതാണ് സുമേഷ്. അരണ്ടവെളിച്ചത്തിൽ എന്നെ കണ്ടപ്പോൾ ആ കുട്ടിക്ക് പണ്ട് കൂടെ പഠിച്ച സുമേഷ് തന്നെയല്ലേ ഇത് എന്നു തോന്നിയതാണ്. കൂടെയുണ്ടായിരുന്നത് ആ കുട്ടിയുടെ ബോയ്ഫ്രണ്ട് ആണ്, അവൻ ഫുട്ബോളിലെ എന്തോ കശപിശ കാര്യം.. റഫറി ചതിച്ചന്നോ, വാർ ചതിച്ചന്നോ, ജയിക്കേണ്ട കളി തോറ്റു, ഡ്രീം 11 കാശു പോയി  എന്നൊക്കെയാണ് സംസാരിച്ചുകൊണ്ടിരുന്നത്. അതാണ് ആ കുട്ടി ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ നിന്നത്.

ഇതൊക്കെ കേട്ട് അവർക്ക് നല്ലൊരു തമാശയായി തോന്നി എങ്കിലും, എൻ്റെ സമയോചിതമായ പെരുമാറ്റത്തിന് നന്ദി പറഞ്ഞതുകൊണ്ട് ഞാനും അത്ര 'പ്ലിംഗ്' ആയില്ല എന്ന മട്ടിൽ നിന്നു അവരുടെ കൂടെ ചിരിച്ചു.

1 comment: